സാങ്കേതികത്തകരാർ ; തിരുവനന്തപുരം – ഡൽഹി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ ഇറക്കി

file photo
ചെന്നൈ
റഡാറുമായുള്ള ബന്ധത്തിൽ തകരാറുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം–ന്യൂഡൽഹി എയർ ഇന്ത്യ വിമാനം ഞായർ രാത്രി അടിയന്തരമായി ചെന്നൈയിൽ ഇറക്കി. കെ രാധാകൃഷ്ണനുൾപ്പെടെ അഞ്ച് എംപിമാരും ചീഫ് സെക്രട്ടറി എ ജയതിലകുമടക്കം വിമാനത്തിലുണ്ടായിരുന്ന 160ൽപ്പരം പേർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അർധരാത്രിക്കുശേഷം എയർ ഇന്ത്യ ഏർപ്പാടാക്കിയ മറ്റൊരു വിമാനത്തിൽ യാത്ര തുടർന്നു.
തിരുവനന്തപുരത്തുനിന്ന് സാധാരണ രാത്രി 7.10ന് പുറപ്പെടേണ്ടിയിരുന്ന എഐസി 2455 വിമാനം 7.45നാണ് ഞായറാഴ്ച പുറപ്പെട്ടത്. യാത്ര ആരംഭിച്ച് 15 മിനിട്ടിൽത്തന്നെ റഡാറുമായുള്ള ബന്ധം തകരാറിലായതായി പൈലറ്റ് അനൗൺസ് ചെയ്തു. വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുന്നതായും ഒരു മണിക്കൂറിൽ ലാൻഡ് ചെയ്യുമെന്നും അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിന് സമീപമെത്തിയ വിമാനം ഇന്ധനം കത്തിച്ചുതീർക്കാനായി ഒരുമണിക്കൂറോളം വട്ടമിട്ട് പറന്നു. പിന്നീട് ലാൻഡ് ചെയ്യാൻ ശ്രമിക്കവെ, റൺവേയിൽ മറ്റൊരു വിമാനമുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. 15 മിനിട്ടോളം വീണ്ടും പറന്നശേഷമാണ് വിമാനം ലാൻഡ് ചെയ്യുകയും യാത്രക്കാരെ സുരക്ഷിതമായി ടെർമിനലിലേക്ക് മാറ്റുകയും ചെയ്തത്.
കെ രാധാകൃഷ്ണനെ കൂടാതെ, കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, റോബർട്ട് ബ്രൂസ് (തിരുനെൽവേലി) എന്നീ എംപിമാരും വിമാനത്തിലുണ്ടായിരുന്നു.









0 comments