നേരിട്ട് തിരിച്ചറിയാൻ കഴിഞ്ഞത് എട്ട് മൃതദേങ്ങൾ മാത്രം, 215 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കി

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ നേരിട്ട് തിരിച്ചറിയാൻ കഴിഞ്ഞത് എട്ട് പേരുടെ മൃതദേഹങ്ങൾ മാത്രം. വ്യാഴാഴ്ച ഉച്ചവരെ 215 പേരെ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ ജി എസ് മാലിക് പറഞ്ഞു. വിമാനം തകർന്ന് തീ പിടിച്ചപ്പോൾ ചൂട് ആയിരം ഡിഗ്രിക്കും മുകളിൽ ഉയർന്നിരുന്നു എന്നാണ് വിലയിരുത്തൽ.
മരിച്ചവരുടെ കൃത്യമായ എണ്ണം കൃത്യമാക്കാൻ ഈ സാഹചര്യത്തിൽ രണ്ടുദിവസംകൂടി വേണ്ടിവരുമെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. അപകടസ്ഥലത്തുനിന്ന് 318 ശരീരഭാഗങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്. അപകടത്തിന് ഇരയായ മറ്റുള്ളവർ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലും പരിസരത്തുമായി ഉണ്ടായിരുന്നവരാണ്. കൊല്ലപ്പെട്ടവരിൽ 53 വിദേശ പൌരൻമാരും ഉൾപ്പെടുന്നു.
തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങളില്ലായിരുന്നെന്ന് എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. വലത് എൻജിൻ 2025 മാർച്ചിൽ സ്ഥാപിച്ചതാണ്. ഇടത് എൻജിൻ 2023 ജൂണിലാണ് അവസാനം സർവീസ് ചെയ്തത്. രണ്ട് പൈലറ്റുമാരും പരിചയസമ്പന്നരായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.
ബ്ലാക് ബോക്സ് ഡീ കോഡിങ് എവിടെ
ഡാറ്റ വേർതിരിച്ചെടുക്കലിനും വിശകലനത്തിനുമായി വിമാനത്തിന്റെ ബ്ലാക് ബോക്സ് യുഎസിലെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്‌ബി) വെഹിക്കിൾ റെക്കോർഡർ ലബോറട്ടറിയിലേക്ക് അയയ്ക്കണോ അതോ ഡൽഹിയിലെ എഎഐബിയുടെ പുതിയ ബ്ലാക്ക് ബോക്സ് ലാബിൽ തന്നെ പരിശോധിക്കണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ബ്ലാക് ബോക്സിന് ഉയർന്ന ചൂടിലും ആഘാതത്തിലും കേട്പാടുകൾ സംഭവിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇത് കാരണം എഎഐബിയുടെ ബ്ലാക്ക് ബോക്സ് ലാബിൽ പരിശോധന സാധ്യമാവുമോ എന്ന സംശയം ഉയർന്നു. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും യുഎസിലേക്ക് അയച്ചേക്കാമെന്ന റിപ്പോർട്ടുകൾ വന്നു. ഊഹാപോഹങ്ങൾ ഒഴിവാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അഭ്യർഥിച്ചു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) പിന്തുണയോടെ നിർമ്മിച്ച പുതിയ എഎഐബി ലാബ് ഏപ്രിലിലാണ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) കീഴിലുള്ള ഒരു ബ്ലാക്ക് ബോക്സ് ലാബ് എഎഐബി ഉപയോഗിച്ചിരുന്നു. ഇത് നിലവിലുള്ള പരിഷ്കൃത സങ്കേതങ്ങൾക്ക് ചേർന്നതല്ലെന്ന കാരണത്താൽ കോഴിക്കോട്, മംഗലാപുരം വിമാന അപകടങ്ങളുടെ ഡാറ്റാ വിശകലനം വിദേശത്താണ് നടത്തിയിരുന്നത്.
എഎഐബിയുടെ പുതിയ ലാബ് ഒമ്പത് കോടി രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്. പുതുനിര സാങ്കേതിക വിദ്യയും അപകടങ്ങൾ സംഭവിച്ചതിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യവും പരിഗണിക്കുമ്പോൾ ഈ ലാബിലെ പരിശോധന എത്രമാത്രം കുറ്റമറ്റതാക്കാൻ കഴിയും എന്നത് കൂടിയാണ് പരീക്ഷിക്കപ്പെടുന്നത്.









0 comments