വിമാനത്തിന് തകരാറുണ്ടായിരുന്നില്ല, പ്രധാന പരിശോധന നടത്തിയത് 2023 ജൂണിൽ: എയർ ഇന്ത്യ സിഇഒ

ന്യൂഡൽഹി : അഹമ്മദാബാദിൽ തകർന്നുവീണ ഡ്രീംലൈനർ വിമാനത്തിന് തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ. ബോയിംഗ് 787-8 ഡ്രീംലൈനർ നല്ല രീതിയിൽ പരിപാലിക്കപ്പെട്ടിരുന്നു. 2023 ജൂണിലാണ് അവസാനമായി പ്രധാന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഇടത് എഞ്ചിന് സർവീസിങ് നടത്തിയിരുന്നു. ചട്ടപ്രകാരം അടുത്ത സമഗ്ര പരിശോധന ഈ വർഷം ഡിസംബറിലായിരുന്നു.
വിമാനം നന്നായി പരിപാലിക്കപ്പെട്ടിരുന്നു. അവസാനത്തെ പ്രധാന പരിശോധന 2023 ജൂണിൽ നടത്തി. അടുത്തത് ഈ ഡിസംബറിലും ഷെഡ്യൂൾ ചെയ്തിരുന്നു. വലത് എഞ്ചിൻ ഈ വർഷം മാർച്ചിൽ നന്നാക്കി, ഇടത് എഞ്ചിൻ ഏപ്രിലിൽ പരിശോധിച്ചു. വിമാനവും എഞ്ചിനുകളും പതിവായി നിരീക്ഷിച്ചു, പറക്കുന്നതിന് മുമ്പ് ഒരു പ്രശ്‌നവും കാണിച്ചില്ല -സിഇഒ പറഞ്ഞു. ധാരാളം ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ അപകടത്തിൽപ്പെട്ട എഐ 171 വിമാനത്തിന് യാതൊരു തകരാറുമുണ്ടായിരുന്നില്ല. ബ്ലാക്ക് ബോക്‌സ്, വോയിസ് റെക്കൊർഡറുകൾ എന്നിവ പരിശോധിക്കുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാകും. വിമാനങ്ങൾക്ക് സുരക്ഷപ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. വിമാനത്തിനുണ്ടായിരുന്നത് മികച്ച പൈലറ്റുമാരായിരുന്നു. ഡ്രീംലൈനർ വിമാനങ്ങൾക്ക് ദീർഘകാലമായി സർവീസ് നടത്തുന്നതാണ്
സംഭവിച്ച ദുരന്തത്തിൽ അഗാധമായ ദുഃഖമുണ്ട്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണ്. ദുരന്തത്തിന്റെ കാരണം മനസ്സിലാക്കാൻ അധികാരികളുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ മനസ്സിലാക്കാൻ ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിർദ്ദേശപ്രകാരം, എയർലൈൻ തങ്ങളുടെ 33 ബോയിംഗ് 787 വിമാനങ്ങളിൽ സമഗ്രമായ സുരക്ഷാ പരിശോധനകൾ നടത്തിവരികയാണെന്നും കാംബെൽ പറഞ്ഞു. ഇതുവരെ 26 വിമാനങ്ങളുടെ പരിശോധനകൾ പൂർത്തിയാക്കി സർവീസിന് അനുമതി നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ള വിമാനങ്ങൾ അറ്റകുറ്റപ്പണികളിലാണെന്നും സർവീസ് ആരംഭിക്കുന്നതിനുമുമ്പ് അധിക പരിശോധനകൾ നടത്തുമെന്നും സിഇഒ കൂട്ടിച്ചേർത്തു. എയർ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഡിജിസിഎ സ്ഥിരീകരിച്ചു. കാര്യമായ സുരക്ഷാ ആശങ്കകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കാംബെൽ പറഞ്ഞു.
ഈ മാസം 12നാണ് അഹമ്മദാബാദിൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴിച്ച് ബാക്കി 241 പേരും കൊല്ലപ്പെട്ടു. സമീപത്തുള്ള മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ആകെ 270 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് സർക്കാർ കണക്ക്. അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്ക്കുന്നതായി എയർ ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു. ജൂലൈ പകുതി വരെ വൈഡ്ബോഡി വിമാനങ്ങളുടെ പ്രവർത്തനം 15 ശതമാനം കുറയ്ക്കുമെന്നാണ് അറിയിച്ചത്.









0 comments