ആശങ്കയൊഴിയാതെ ആകാശയാത്ര ; എയർ ഇന്ത്യ 6 ഡ്രീംലൈനര്‍ സര്‍വീസ് റദ്ദാക്കി

ന്യൂഡൽഹി
സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്‌ച എയർ ഇന്ത്യയുടെ ആറ് ബോയിങ് 787–-8 ഡ്രീംലൈനർ അന്താരാഷ്‌ട്ര വിമാന സർവീസുകൾ റദ്ദാക്കി.
അഹമ്മദാബാദ് ബോയിങ് ദുരന്തത്തെ തുടർന്ന് പരിശോധന കർശനമാക്കിയതിനു പിന്നാലെയാണിത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേയ്‌ക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 159 വിമാനവും റദ്ദാക്കിയ കൂട്ടത്തിലുണ്ട്. അപകടത്തിൽപ്പെട്ട എഐ-171 ശ്രേണിയില്‍പെട്ട വിമാനമാണിത്. പകൽ ഒന്നിന് നിശ്ചയിച്ച യാത്ര പിന്നീട് മൂന്നിലേക്ക് മാറ്റി. പിന്നീട് സര്‍വ്വീസ് റദ്ദാക്കി. ബുധനാഴ്‌ച പകരംയാത്ര നടത്താനോ ടിക്കറ്റ് തുക മടക്കി വാങ്ങാനോ സൗകര്യമുണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
ഡൽഹിയിൽ നിന്ന് പാരിസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലേയ്‌ക്ക് പോകേണ്ടിയിരുന്ന എഐ143 ഡ്രീംലൈനർ വിമാനം ഹൈഡ്രോളിക്‌സ് സംവിധാനത്തിലെ ചോർച്ച കണ്ടെത്തിയതിനെതുടർന്നാണ് റദ്ദാക്കിയത്. എഐ 915 ഡൽഹി–- ദുബൈ, എഐ 153 ഡൽഹി–- വിയന്ന, എഐ 170 ലണ്ടൻ–- അമൃത്‌സർ, എഐ 133 ബംഗളൂരു–- ലണ്ടൻ വിമാനങ്ങളും റദ്ദാക്കി. ഇതിനുപുറമെ, ഹോങ്‌കോങിൽനിന്ന് ഡൽഹിക്ക് പറന്ന എഐ 315 ഡ്രീംലൈനർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി.









0 comments