ബ്ലാക് ബോക്സിന് കേടുപാട്, പരിശോധനാ അവകാശവുമായി അമേരിക്കൻ ഏജൻസി രംഗത്ത്

അഹമ്മദാബാദ്: തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ 'ബ്ലാക്ക് ബോക്‌സിന്' കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. അഹമ്മദാബാദിൽ ജൂൺ 12 ന് ഉണ്ടായ വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിലെ സുപ്രധാന ഘടകമാണ് ബ്ലാക് ബോക്സ്. എയർ ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയ്ക്കാണ് രാജ്യത്തിനകത്തെ ദുരന്തങ്ങളിൽ അന്വേഷണ ഉത്തരവാദിത്തം.
എന്നാൽ ബ്ലാക് ബോക്സിലെ ഡാറ്റാ എക്‌സ്‌ട്രാക്ഷൻ നടത്താൻ അമേരിക്കൻ ഏജൻസിക്ക് കൈമാറേണ്ടി വന്നേക്കാം എന്നാണ് അധികൃതർ പറയുന്നത്. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് പരിശോധനയ്ക്കായി ബ്ലാക് ബോക്സ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
'ബ്ലാക്ക് ബോക്‌സ്' യുഎസ് ഏജൻസിക്ക് നൽകിയാൽ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം ബ്ലാക്ക് ബോക്‌സിനൊപ്പം പോകുമെന്ന ഔദ്യോഗിക വിശദീകരണവും ഈ നീക്കത്തിന് പിന്നാലെ പുറത്തു വന്നിട്ടുണ്ട്.
കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ അല്ലെങ്കിൽ സിവിആർ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ അല്ലെങ്കിൽ എഫ്‌ഡിആർ എന്നിവ ചേർന്ന സുരക്ഷാ വിവര ശേഖരണ സംവിധാനമാണ് ബ്ലാക് ബോക്സ്. വലിയ സ്ഫോടനങ്ങളെയും ചൂടിനെയും തടുക്കാൻ ശേഷിയുള്ള പെട്ടിക്കകത്താണ് ഇതിലെ സാങ്കേതിക സംവിധാനങ്ങൾ സൂക്ഷിച്ച് പ്രവർത്തിപ്പിക്കുന്നത്.
കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) സംവിധാനത്തിൽ 25 മണിക്കൂർ വരെ കോക്ക്പിറ്റ് സംഭാഷണങ്ങൾ, പുറത്തെ ശബ്ദങ്ങൾ, എയർ ട്രാഫിക് കൺട്രോളുമായുള്ള റേഡിയോ കോളുകൾ, പുതിയ വിമാന മോഡലുകളിൽ കേൾക്കാവുന്ന അലേർട്ടുകൾ എന്നിവ ശേഖരിക്കപ്പെടും. 2014 മോഡലാണ് ബോയിംഗ് 787 AI-171 വിമാനം. ഇതിൽ തന്നെയും രണ്ട് മണിക്കൂർ റെക്കോർഡിംഗ് ശേഷി ഉണ്ട്.
ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (FDR) ഉയരം, വായുവേഗത, ദിശ, ലംബ ത്വരണം, ഉപരിതല ചലനങ്ങൾ അവയുടെ നിയന്ത്രണം എന്നിവ സംബന്ധിച്ച പാരാമീറ്ററുകൾ ശേഖരിക്കുന്നു. 787-8 പോലുള്ള ആധുനിക ജെറ്റുകളിൽ FDR-കൾക്ക് ഒരേസമയം ആയിരക്കണക്കിന് പാരാമീറ്ററുകൾ റെക്കോർഡുചെയ്യാനും 25 മണിക്കൂറിലധികം ലൂപ്പ് ചെയ്യാനും കഴിയും.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്കനുസൃതമായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഔപചാരിക അന്വേഷണം തുടരുകയാണ്. ഇതിനായി സർക്കാർ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുമുണ്ട്. വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനും ഒരു കമ്മിറ്റിയായി ഈ സംവിധാനം പ്രവർത്തിക്കുമെന്നും വ്യേമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡു പറഞ്ഞിരുന്നു.
28 മണിക്കൂറിന് ശേഷം തിങ്കളാഴ്ചയാണ് തകർന്ന എയർ ഇന്ത്യ വിമാനത്തിലെ 'ബ്ലാക്ക് ബോക്സ്' കണ്ടെടുത്തത്. വിമാനം ഹോസ്റ്റലിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ജീവനക്കാരും എംബിബിഎസ് വിദ്യാർത്ഥികളും ദുരന്തത്തിന് ഇരയായി. വിമാനത്തിലെ 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപെട്ടത്. മരണസംഖ്യ 270 കവിഞ്ഞു









0 comments