രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു: രണ്ട് മരണം | Video

ജയ്പൂർ: രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും അപകടത്തിൽ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൂറത്ത്ഗഡ് എയർബേസിൽനിന്ന് പറന്നുയർന്നതായിരുന്നു വിമാനം. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചുരു ജില്ലയിലെ ബനോദ ഗ്രാമത്തിലാണ് വിമാനം തകർന്ന് വീണത്. ദിവസേനയുള്ള പരിശീലന പറക്കലിനിടെയാണ് അപകടമെന്നാണ് സൂചന.
അപകടത്തിൽ മറ്റ് സിവിലിയൻമാര്‍ക്കോ, സ്വത്തുക്കൾക്കോ നാശ നഷ്ടമുണ്ടായിട്ടില്ലെന്ന് ഇന്ത്യൻ എയർഫോഴ്സ് അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഒരു അന്വേഷണ സമിതിയെ രൂപീകരിച്ചു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് മൂന്നാമത്തെ അപകടമാണ്. മാർച്ച് 7 ന്, പറന്നുയർന്നതിന് തൊട്ടുപിന്നാലെ അംബാലയിൽ ഒരു ജാഗ്വാർ വിമാനം തകർന്നുവീണു. ആ വിമാനവും പതിവ് പറക്കലിനിടയിലാണ് തകർന്ന് വീണത്. പിന്നീട് സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയതാനാൽ ആളപായമുണ്ടായില്ല.
ഏപ്രിൽ 2 ന് ഗുജറാത്തിലെ ജാംനഗറിന് സമീപം മറ്റൊരു ഇരട്ട സീറ്റർ ജാഗ്വാർ പരിശീലന വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാൾ മരിച്ചു. മറ്റൊരാൾ രക്ഷപ്പെട്ടു.









0 comments