വൈക്കോൽ കത്തിക്കൽ ; സുപ്രീംകോടതി നിരീക്ഷണത്തെ 
അപലപിച്ച്‌ കിസാൻസഭ

aiks
വെബ് ഡെസ്ക്

Published on Sep 20, 2025, 01:53 AM | 1 min read


ന്യൂഡൽഹി

​വൈക്കോൽ കത്തിക്കുന്ന കർഷകരെ അറസ്റ്റ്‌ ചെയ്യണമെന്ന സുപ്രീംകോടതി പരാമര്‍ശത്തെ അപലപിച്ച്‌ അഖിലേന്ത്യ കിസാൻസഭ. പ്രളയത്തെ തുടർന്ന്‌ വലിയ പ്രതിസന്ധിയിലായ പഞ്ചാബ്‌, ഹരിയാന, ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിലെ കർഷകരുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെയുള്ള നിരീക്ഷണമാണ്‌ കോടതിയുടേത്‌.


വിളകൾ വെള്ളത്തിനടിയിലായ സാഹചര്യത്തിൽ കർഷകർ വൈക്കോൽ കൂട്ടിയിട്ട്‌ കത്തിക്കാനുളള സാധ്യത വളരെ കുറവാണെന്ന്‌ കോടതി മനസ്സിലാക്കേണ്ടതായിരുന്നു. വൈക്കോൽ കത്തിക്കുന്നതിന്‌ പകരം ബദൽമാർഗം നടപ്പാക്കേണ്ടത്‌ സർക്കാരുകളുടെ ഉത്തരവാദിത്വമാണ്‌.


വൈക്കോലിനെ ബദൽ വ്യവസായിക ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി മുന്പുണ്ടായിരുന്നു. എന്നാൽ സർക്കാരുകളുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ അഭാവം മൂലം പദ്ധതി പലയിടത്തും നിലവിലില്ല. വൈക്കോൽ കത്തിക്കൽ മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിനുള്ള പ്രധാനകാരണം. 2021 ഡിസംബറിൽ സംയുക്ത കിസാൻമോർച്ചയ്‌ക്ക്‌ നൽകിയ മറുപടിയിൽ വൈക്കോൽ കത്തിക്കൽ ഭാവിയിൽ ക്രിമിനൽക്കുറ്റമായി കണക്കാക്കില്ലെന്ന്‌ കേന്ദ്ര കൃഷിമന്ത്രാലയം ഉറപ്പുനൽകിയിരുന്നു. പഞ്ചാബ്‌ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജീവനും സ്വത്തിനും കൃഷിക്കും വലിയ നാശനഷ്‌ടങ്ങളുണ്ടാക്കിയ സാഹചര്യം മനസ്സിലാക്കി കർഷകരെ കുറ്റവാളികളെ പോലെ കണക്കാക്കുന്ന നിലപാടിൽനിന്ന് അധികൃതരും കോടതിയും പിൻമാറണം –കിസാൻസഭ ആവശ്യപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Home