അഹമ്മദാബാദ് വിമാനദുരന്തം ; പൈലറ്റിന്റെ പിഴവെന്ന് വരുത്താൻ നീക്കം

ന്യൂഡൽഹി
പ്രാഥമിക വിവരങ്ങൾ മാത്രം ചൂണ്ടിക്കാട്ടി അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം പൈലറ്റിന്റെ പിഴവെന്ന് വരുത്തിത്തീർക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമം. കോക്ക്‌പിറ്റ് ശബ്‌ദരേഖപ്രകാരം ക്യാപ്‌ടൻ സുമിത് സബർവാൾ ഫ്യൂവൽ സ്വിച്ച് ഓഫ് ചെയ്തതാണ് എൻജിൻ ഓഫാകാൻ കാരണമെന്ന് അമേരിക്കൻ മാധ്യമം വാൾസ്ട്രീറ്റ് ജേണൽ വ്യാഴാഴ്‌ച റിപ്പോർട്ട് ചെയ്തു. ക്യാപ്‌ടൻ മുമ്പ് വിഷാദരോഗംപോലുള്ള മാനസികാവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പിന്നാലെ മറ്റ് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇതേ വിവരങ്ങൾ വന്നു.
പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് നിരുത്തരവാദപരമാണെന്ന് മാധ്യമ റിപ്പോർട്ടിനെ തള്ളി എയർക്രാഫ്‌റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പറഞ്ഞു. അന്വേഷണത്തിന്റെ സമഗ്രതയെ ഇത്തരം വാദങ്ങൾ ദുർബലപ്പെടുത്തും.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൈലറ്റുമാരുടെ അന്താരാഷ്ട്ര സംഘടനയും അഭ്യർഥിച്ചിരുന്നു.









0 comments