തകർന്ന് വീണ് ചാരമായത് ഏറ്റവും ആധുനികം എന്ന് വിശേഷിപ്പിക്കപ്പെട്ട വിമാനം


എൻ എ ബക്കർ
Published on Jun 12, 2025, 06:33 PM | 3 min read
അഹമദാബാദിൽ തകർന്നു വീണത് എയർ സർവീസിലെ ഏറ്റവും ആധുനിക യാത്രാ വിമാനങ്ങളിലൊന്നായ ബോയിംഗ് 787-8 ഡ്രീംലൈനറാണെന്ന് ഏവിയേഷൻ ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്റാഡാർ വ്യക്തമാക്കുന്നു.
കമ്പനിയുടെ വെബ്‌സൈറ്റിൽ "എക്കാലത്തെയും മികച്ച വിൽപ്പനയുള്ള പാസഞ്ചർ വൈഡ്-ബോഡി" എന്നാണ് ഈ വിമാനത്തെ വിശേഷിപ്പിക്കുന്നത്. ബോയിംഗിന്റെ ഡ്രീംലൈനർ നിർമ്മിച്ച് 14 വർഷത്തിനുള്ളിൽ 1,000 എണ്ണം പുറത്തിറക്കിയിട്ടുണ്ട്. ഇതു പ്രകാരം സർവ്വീസിൽ ഒരു ബില്യണിലധികം യാത്രക്കാരെ വഹിച്ച എയർക്രാഫ്ടാണ്.
വ്യോമയാന ചരിത്രത്തിലെ മറ്റേതൊരു വൈഡ്-ബോഡി ജെറ്റിനേക്കാളും വേഗതയേറിയതും ഇന്ധന ഉപഭോഗം 25 ശതമാനം വരെ കുറവ് ആവശ്യകതയുള്ളതുമായ ഘടനയായിരുന്നു വിമാന യാത്രാ കമ്പനികൾക്കിടയിലെ ഇതിന്റെ ആകർഷണം. ദീർഘദൂര യാത്രകൾക്കായാണ് 787- 8 ബോയിങ് ഉപയോഗിക്കുന്നത്. 13,530 കിലോമീറ്റർ ദൂരപരിധിയുണ്ട്. ഭൂഖണ്ഡാന്തര യാത്രകളിലും എയർലൈനുകൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. രണ്ട് ക്ലാസ് കോൺഫിഗറേഷനിൽ സാധാരണയായി 248 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.

ഏതൊരു വൈഡ്ബോഡി കൊമേഴ്‌സ്യൽ ജെറ്റിലും ലഭ്യമായ ഏറ്റവും വലിയ വിൻഡോകളുള്ള മികച്ച കാഴ്ചകൾ, യാത്രക്കാർക്ക് കൂടുതൽ ഉന്മേഷത്തോടെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ അനുവദിക്കുന്ന ക്യാബിൻ മികവുകൾ എന്നിവയും കമ്പനി അവകാശപ്പെടുന്നു.
787 ഡ്രീംലൈനർ കുടുംബത്തിലെ ആദ്യ വകഭേദമാണ് ബോയിംഗ് 787-8. 2004 ൽ ഔദ്യോഗികമായി ടെസ്റ്റ് ചെയ്തു. 2009 ഡിസംബർ 15 ന് ആദ്യ പറക്കലോടെ, 2011 ഒക്ടോബറിൽ ഓൾ നിപ്പോൺ എയർവേയ്‌സുമായി വാണിജ്യ കരാറിൽ പൊതു വിപണിയിൽ എത്തി. ദുരന്ത വാർത്ത എത്തിയതോടെ ബോയിങ്ങിന്റെ ഓഹരികളും തകർന്നു.
വിമർശനങ്ങളും പിഴവുകളും
സമീപ വർഷങ്ങളിൽ സുരക്ഷാ പ്രശ്നങ്ങൾ, മോശം നിർമ്മാണ നിലവാരം, തകരാറുള്ള ഭാഗങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്. ബോയിംഗിനെക്കുറിച്ച് അവരുടെ ബഹിരാകാശ പരീക്ഷണങ്ങളുടെ പരാജയങ്ങൾക്ക് പിന്നാലെ എതിർ പ്രചാരണങ്ങൾ ശക്തമായിരുന്നു. ഇതിനൊപ്പം ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തപ്പെട്ടു.
വിമാനത്തിന് 186 അടി (57 മീറ്റർ) നീളവും 197 അടി (60 മീറ്റർ) ചിറകുകളുടെ വിസ്താരവും ഏകദേശം 56 അടി (17 മീറ്റർ) ഉയരവുമുണ്ട്. ഫ്യൂസ്ലേജും ചിറകുകളും ഉൾപ്പെടെ പ്രാഥമിക ഘടനയുടെ ഏകദേശം 50% വരുന്ന ഭാഗങ്ങൾ പരമ്പരാഗത അലുമിനിയം ഡിസൈനുകൾ ഒഴിവാക്കി നിർമ്മിച്ചതാണ്. പുതിയതായി കണ്ടെത്തിയ സംയോജിത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം വിമാനത്തിന്റെ ഭാരം ഗണ്യമായി കുറച്ചു. ഇത് വഴി മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കും കുറഞ്ഞ പ്രവർത്തന ചെലവും അവർ വാഗ്ദാനം ചെയ്തു. ഈ മാറ്റത്തിന് ഉപയോഗിച്ച വസ്തുക്കൾ സംബന്ധിച്ച് സംശയങ്ങളും വിമർശനങ്ങളും ഉണ്ടായി.

അഹമദാബാദിൽ എന്താണ് സംഭവിച്ചത്
വിമാനത്തിലെ മുഖ്യ പൈലറ്റിന് എട്ടായിരത്തിൽ അധികം ഫ്ലൈയിങ് ഹവേഴ്സിന്റെ പരിചമുണ്ടായിരുന്നു. തകരുന്നതിന് മുൻപേ "മെയ് ഡേ"എന്നു വിശേഷിപ്പിക്കുന്ന അടിയന്തര സഹായ മുന്നറിയിപ്പും എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതിന് തൊട്ട നിമിഷമാണ് തകർച്ച. ഈ വിമാനം മാക് 0.85 (ഏകദേശം 903 കിലോമീറ്റർ/മണിക്കൂർ അല്ലെങ്കിൽ 488 നോട്ട്) വേഗതയിൽ സഞ്ചരിക്കുന്നതാണ്. കൂടാതെ ഏകദേശം 502,500 പൗണ്ട് (227,930 കിലോഗ്രാം) പരമാവധി ടേക്ക്ഓഫ് ഭാരം കൈവരിക്കാനും കഴിയും. പക്ഷെ അഹമദാബാദിൽ ദുരന്തം ഉണ്ടായത് തന്നെ ടേക് ഓഫ് സമയത്താണ്.
ഈ വർഷം ജനുവരിയിൽ യുണൈറ്റഡ് എയർലൈൻസ് ബോയിംഗ് 787-8 വിമാനത്തിന് പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടത് വാർത്തയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 38 പേർക്ക് പരിക്കേറ്റു. 16 പേർ ഉൾപ്പെടെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായി. വിമാനം നൈജീരിയയിലെ ലാഗോസിൽ തിരിച്ചിറക്കുകയായിരുന്നു. ഇതിന് തുടർച്ചയായി ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (NTSB) സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഇനേർഷ്യൽ റഫറൻസ് യൂണിറ്റുകളുടെ (IRUs) നിർമാണ തകരാറാണ് കാരണമെന്ന് കണ്ടെത്തി.
സർക്കാർ പിൻവാങ്ങി, മേൽനോട്ടങ്ങൾ കുറഞ്ഞു
ഈ ജനുവരിയിൽ തന്നെ പശ്ചിമ ആഫ്രിക്കയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ ഓട്ടോ പൈലറ്റ് നഷ്ടമായത് വാർത്തയായിരുന്നു. പഴയ രീതിയിൽ പൈലറ്റുമാർക്ക് വിമാനം ഇറക്കേണ്ടി വന്നു. എന്നാൽ 14 വർഷത്തെ സർവ്വീസ് ചരിത്രത്തിൽ ആദ്യമായാണ് ഈ വിമാനം അഹമദാബാദിൽ ഇത്രയും വലിയ ഒരു ദുരന്തത്തിൽപ്പെടുന്നത്. കാരണങ്ങൾ പുറത്തു വരാനിരിക്കുന്നു.
എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയത്. നേരത്തെ മോശം സർവ്വീസുകൾക്കാണ് പരാതി കേട്ടിരുന്നത്. എന്നാൽ സ്വകാര്യവൽക്കരണത്തോടെ വിമാനങ്ങളുടെ കാര്യത്തിലും പരാതി ഉയർന്നു തുടങ്ങിയിരുന്നു. ഏറ്റെടുത്ത ഉടനെ തൊഴിലാളികളെ വെട്ടിക്കുറച്ചത് വലിയ വിവാദങ്ങൾക്കും സമരങ്ങൾക്കും കാരണമായി.
ഏറ്റവും അധികം മനുഷ്യരുടെ ജീവനുമായി ബന്ധപ്പെട്ട എയർ സർവ്വീസ് പോലുള്ള മേഖലകളിൽ നിന്നും സർക്കാർ പൂർണ്ണമായും പിൻമാറുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ എങ്ങിനെ ഉറപ്പാക്കും എന്ന ചോദ്യം ഉയർന്നിരുന്നു. മാത്രമല്ല ഇത്തരം കമ്പനികൾ അവരുടെ സ്വാധീനങ്ങൾ ഇതിനെതിരെ ലാഭം വർധിപ്പിക്കാനായി ഉപയോഗിക്കുന്ന സാഹചര്യം കർശനമായി തടയണമെന്ന ആവശ്യവും ഉയർന്നു.
എയർ ഇന്ത്യ- ബോയിങ്, എയർ ബസ്
എയർ ഇന്ത്യയ്ക്ക് ഇപ്പോൾ 27 B787-8 വിമാനങ്ങളുണ്ട്. വൈഡ്-ബോഡി വിഭാഗത്തിൽ ആറ് A350 വിമാനങ്ങളും, 19 B777-300 ER വിമാനങ്ങളും, അഞ്ച് B777-200 LR വിമാനങ്ങളും, ഏഴ് B787-9 വിമാനങ്ങളും, 27 B787-8 വിമാനങ്ങളുമുണ്ട്. നാരോ-ബോഡി വിമാനങ്ങളിൽ ആറ് A319 വിമാനങ്ങളും, 94 A320 നിയോ വിമാനങ്ങളും, നാല് A320 സിഇഒ വിമാനങ്ങളും, 13 A321 സിഇഒ വിമാനങ്ങളും, 10 എ321 നിയോ വിമാനങ്ങളും ഉൾപ്പെടുന്നു.
ഇവയിലെ അഭിമാനമായാണ് B787-8 കരുതപ്പെട്ടിരുന്നത്.









0 comments