അഹമ്മദാബാദ് വിമാനാപകടം: സുതാര്യമായ അന്വേഷണം വേണം- പൈലറ്റ്സ് അസോസിയേഷൻ

മുംബൈ: അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം നീതിയുക്തവും വസ്തുതാധിഷ്ഠിതവും ആയിരിക്കണമെന്ന് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(എഎൽപിഎ). വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഇന്ന് പുറത്തുവിട്ടിരുന്നു. പൈലറ്റുകളുടെ ഭാഗത്തെ പിഴവാണ് അപകടത്തിന് പിന്നിലെന്ന തരത്തിൽ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് പൈലറ്റ്സ് അസോസിയേഷന്റെ പ്രതികരണം.
എന്തിനാണ് ഇന്ധനം നിർത്തിയത് എന്ന് പൈലറ്റ് ചോദിക്കുന്നതും മറ്റൊരാൾ അത് നിഷേധിക്കുന്നതും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗിൽ കേൾക്കാമെന്നാണ് എഎഐബി പുറത്തുവിട്ട 15 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. എയർ ഇന്ത്യ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചു. ഇത് കോക്ക്പിറ്റിൽ ആശയക്കുഴപ്പമുണ്ടാക്കുകയും വിമാനം പറന്നുയർന്ന ഉടൻ തന്നെ നിലത്തേക്ക് വീഴുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
Related News
പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് വരുത്തി തീർക്കുന്നതിലേക്കാണ് അന്വേഷണത്തിന്റെ ദിശ എന്ന് പൈലറ്റ്സ് അസോസിയേഷൻ പറഞ്ഞു. ഈ ആരോപണം അസോസിയേഷൻ നിഷേധിച്ചു. വിഷയത്തിൽ വസ്തുനിഷ്ടവും സുതാര്യവുമായ അന്വേഷണം വേണമെന്ന് എഎൽപിഎ ആവശ്യപ്പെട്ടു.
അതേസമയം, യന്ത്ര-വൈദ്യുതി തകരാറുകൾക്കൊണ്ടാകാം വിമാനത്തിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകളുടെ സ്ഥാനം മാറിയതെന്ന് വിദഗ്ധർ പറയുന്നു. ഇന്ധന സ്വിച്ച് ഓഫ് ആയതിന് പിന്നിലെ കാരണങ്ങൾ കൂടുതൽ അന്വേഷണങ്ങളിലൂടെ മാത്രമേ വ്യക്തമാകുവെന്നും അവർ വ്യക്തമാക്കി.









0 comments