ബ്ലാക് ബോക്സ് കണ്ടെത്തി: പറന്നുയരാൻ കഴിയുന്നില്ലെന്ന് പൈലറ്റിന്റെ അവസാന സന്ദേശം

അഹമ്മദാബാദ്: വിമാനദുരന്തത്തിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. പിൻഭാഗത്തുള്ള ബ്ലാക്ക് ബോക്സാണ് കണ്ടെത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതരാണ് ഇതിലെ ഡാറ്റകൾ വിശകലനം ചെയ്യുക. മുൻഭാഗത്തുള്ള ബ്ലാക്ക് ബോക്സ് ഭാഗം കൂടി ലഭിക്കേണ്ടതുണ്ട്.
അപകടത്തെ കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം തുടങ്ങി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പറന്നുയർന്നതിനുശേഷം മുകളിലേക്ക് പോകാൻ ആവശ്യമായ ത്രസ്റ്റ് എഞ്ചിനുകൾക്ക് സൃഷ്ടിക്കാൻ കഴിയാത്തതാണ് വിമാനം നിലംപതിക്കാൻ ഇടയാക്കിയത് എന്നാണ് പ്രഥമിക നിഗമനം. ഇത് രണ്ട് എഞ്ചിനുകളും പ്രവർത്തിക്കാതെ വന്നതിനാൽ ആകുമോ എന്നും സംശയിക്കുന്നു. വൈദ്യുതി സംവിധാനങ്ങളിലെ തകരാർ എഞ്ചിനെ ബാധിച്ചുവോ എന്നും പരിശോധിക്കുന്നു.
Related News
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്, യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി, വ്യോമയാന സുരക്ഷാ സ്ഥാപനമായ മാർട്ടിൻ കൺസൾട്ടൻസിയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് മാർട്ടിൻ തുടങ്ങിയ പ്രതിനിധികളും അന്വേഷണത്തിന് എത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അഹമദാബാദൽ എത്തിയിരുന്നു.
265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരാണ്. ശേഷിച്ചവർ വിമാനം തകർന്നു വീണ മെഡിക്കൽ കോളേജ് വിദ്യാർഥികളും പരിസര വാസികളുമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
മരിച്ചവരെ തിരിച്ചറിയാൻ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ എടുക്കുന്നു
വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഡിഎൻഎ പരിശോധനകൾക്കായി മരിച്ചവരുടെ ബന്ധുക്കൾ ഇന്ന് അഹമ്മദാബാദിലെത്തും. മലയാളി നഴ്സ് രഞ്ജിതയുടെ സഹോദരനും ഇന്ന് ഗുജറാത്തിലേക്ക് തിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനകള്‍ക്ക് ശേഷമായിരിക്കും മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിക്കുക.
ജൂൺ 12 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം. പറന്നുയർന്ന് മിനിറ്റുകൾക്കകം എയർ ഇന്ത്യയുടെ AI-171 ബോയിങ് 787-7 എയർക്രാഫ്ട് ഉയരാനാവാതെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടവും തകർത്ത് നിലം പതിക്കയായിരുന്നു.
ഗാറ്റ്വിക്കിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം വിമാനത്താവള പരിസരത്തെ മേഘാനി നഗർ പ്രദേശത്താണ് തകർന്നുവീണത്. ഏകദേശം 625 അടി ഉയരത്തിൽ വിമാനത്തിന് റഡാർ ബന്ധം നഷ്ടപ്പെട്ടു. അപായ സഹായ സന്ദേശമായ “മെയ്ദേ’’ നൽകിയ ശേഷമാണ് ബന്ധം വേർപെട്ടത്. “Mayday… no thrust, losing power, unable to lift,” എന്നായിരുന്നു സന്ദേശം.
ബ്ലാക് ബോക്സ് എന്ന ഓറഞ്ച് പെട്ടി
വിമാനം പറക്കുന്നതിനിടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ബ്ലാക്ക് ബോക്സിലാണ്. ഓറഞ്ച് നിറത്തിലുള്ള ഈ സംവിധാനത്തിലാണ് ഫ്ലൈറ്റ്, കോക്ക്പിറ്റ് റെക്കോർഡിങുകൾ, ഫ്ലൈറ്റ് ഡേറ്റ എന്നിവ ശേഖരിക്കുന്നത്. ബ്ലാക്ക് ബോക്സ് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (FDR), കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) എന്നിവയുൾപ്പെടെ രണ്ട് അവശ്യ ഫ്ലൈറ്റ് റെക്കോർഡറുകളെയാണ് ഈ ബോക്സ് സൂചിപ്പിക്കുന്നത്.
ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിനെക്കുറിച്ച് (FDR) പറയുമ്പോൾ, ഉയരം, വേഗത, നിയന്ത്രണ ഇൻപുട്ടുകൾ തുടങ്ങിയ നിർണായക ഫ്ലൈറ്റ് പാരാമീറ്ററുകൾ ഇത് രേഖപ്പെടുത്തുന്നു. എന്നിരുന്നാലും, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) കോക്ക്പിറ്റ് ശബ്ദങ്ങൾ, റേഡിയോ ആശയവിനിമയങ്ങൾ, പൈലറ്റ് സംഭാഷണങ്ങൾ എന്നിവ പകർത്തുന്നതിനാണ് നിർമ്മിച്ചിരിക്കുന്നത്.
കരുത്തുറ്റതും അഗ്നി പ്രതിരോധശേഷിയും ഷെല്ലുകളെ നേരിടാനും ഉയർന്ന ആഘാത പ്രതിരോധവുമുള്ളവയാണ് ബ്ലാക് ബോക്സുകൾ.
0 comments