വിദേശത്ത്‌ അയക്കില്ല, ബ്ലാക്ക്‌ബോക്സ്‌ എഎഐബി പരിശോധിക്കുന്നു

Ahmedabad Plane Crash black box
വെബ് ഡെസ്ക്

Published on Jun 25, 2025, 03:59 AM | 1 min read


ന്യൂഡൽഹി

അഹമ്മദാബാദ്‌ ദുരന്തത്തിൽ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ്‌ എയർക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പരിശോധിക്കുകയാണെന്ന്‌ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഇന്ത്യയിൽത്തന്നെയാണ്‌ പരിശോധനയെന്നും വിദേശത്ത്‌ അയക്കില്ലെന്നും മന്ത്രി പറഞ്ഞു. പരിശോധന പൂത്തിയാകാൻ എത്ര സമയമെടുക്കുമെന്നോ നഷ്‌ടപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്നോ വ്യക്തമാക്കിയില്ല.


വിവരങ്ങൾ വീണ്ടെടുക്കാൻ ഇന്ത്യയിലെ ലാബ്‌ അപര്യാപ്തമാണെന്നിരിക്കെ, ബ്ലാക്ക്‌ ബോക്‌സ്‌ പരിശോധനയിൽ സംശയം തുടരുകയാണ്‌. ജൂൺ 13നാണ്‌ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ്‌ അപകടസ്ഥലത്തുനിന്ന്‌ കണ്ടെത്തുന്നത്‌. ബ്ലാക്ക്‌ ബോക്‌സ്‌ പൂർണമായും തകർന്നെന്നും വിവരങ്ങൾ തിരിച്ചെടുക്കാനാകുമോ എന്നതിൽ അവ്യക്തതയുണ്ടെന്നും മന്ത്രാലയം അറിയിച്ചിരുന്നു.


മരിച്ചത്‌ 275 പേർ

എയർഇന്ത്യയുടെ ബോയിങ്‌ ഡ്രീംലൈനർ തകർന്നുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചെന്ന്‌ ഔദ്യോഗിക സ്ഥിരീകരണം. വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരും വിമാനംവീണ സ്ഥലത്തുണ്ടായിരുന്ന 34 പേരുമാണ്‌ മരിച്ചതെന്ന്‌ ഗുജറാത്ത്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. ആദ്യമായാണ്‌ ഔദ്യോഗികമായി മരണസംഖ്യ സർക്കാർ പുറത്തുവിട്ടത്‌. ജൂൺ 12ന്‌ അഹമ്മദാബാദിൽനിന്ന്‌ ലണ്ടനിലേക്ക്‌ പറന്നുയറന്നയുടൻ വിമാനം താഴേക്ക്‌ പതിച്ച്‌ തകരുകയായിരുന്നു. ബി ജെ മെഡിക്കൽ കോളേജിലെ ഹോസ്‌റ്റലിന്‌ മുകളിലാണ്‌ വിമാനം വീണത്‌. 242 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ ഒരാൾ മാത്രം രക്ഷപെട്ടു.


പുറത്തുവന്നത്‌ 
ഗുരുതര 
സുരക്ഷാവീഴ്‌ച

വ്യോമയാന മേഖലയിൽ ഡിജിസിഎ പ്രഖ്യാപിച്ച സമഗ്ര ഓഡിറ്റിൽ കണ്ടെത്തിയത്‌ ഗുരുതര സുരക്ഷാവീഴ്‌ചകൾ. തേഞ്ഞടയറുകളും സാങ്കേതിക തകരാറുകളും അവഗണിച്ച്‌ വിമാനങ്ങൾ പറത്തിയതു മുതൽ ഗ്രൗണ്ട്‌ ഹാൻഡ്‌ലിങ്ങിൽ വരെയുള്ള പിഴവുകളാണ്‌ പരിശോധനയിൽ പുറത്തുവന്നത്‌.


ടയറുകൾ തേഞ്ഞത്‌ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്‌ ഒരു ആഭ്യന്തര വിമാനസർവീസ്‌ ഡിജിസിഎ ഇടപെട്ട്‌ നിർത്തിവയ്‌പിച്ചു. പ്രശ്നം പരിഹരിച്ചശേഷമാണ്‌ പറക്കാൻ അനുവദിച്ചത്‌. ജോയിന്റ് ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിൽ ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ തിങ്കൾ രാത്രിയും ചൊവ്വ പുലർച്ചെയുമായിരുന്നു പരിശോധന.


പല വിമാനങ്ങളിലും കാലഹരണപ്പെട്ട സോഫ്‌റ്റ്‌വെയറുകളാണ്‌ പ്രവർത്തിക്കുന്നത്‌. ചില വിമാനങ്ങളിൽ പ്രവർത്തനരഹിതമായ ത്രസ്റ്റ് റിവേഴ്‌സർ സിസ്റ്റവും ഫ്ലാപ്പ് സ്ലാറ്റ് ലിവറും ലോക്ക്‌ ചെയ്‌തിരുന്നു. അറ്റകുറ്റപ്പണിക്കുള്ള മാനദണ്ഡങ്ങൾ മിക്ക വിമാനക്കമ്പനികളും പാലിച്ചിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Home