അഹമ്മദാബാദ് വിമാനദുരന്തം ; അന്വേഷണത്തിന്റെ വിശ്വാസ്യത ഇടിയുന്നു

ന്യൂഡൽഹി
രാജ്യം ഞെട്ടിയ അഹമ്മദാബാദ് വിമാനാപകടത്തിന് ഒരാഴ്ച കഴിയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. അപകടകാരണം എന്തെന്നുള്ള സൂചന നൽകാൻ പോലും എയർക്രാഫ്‌റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് (എഎഐബി) കഴിഞ്ഞില്ല. ബ്ലാക്ക് ബോക്സിലെ തെളിവുപോലും ശേഖരിക്കാനാകില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ഈ വാദം അവിശ്വസനീയമാണെന്ന് എയർഇന്ത്യ മുൻ പൈലറ്റ് മൻമത് റൗത്രേ പറഞ്ഞു.
രാജ്യാന്തര സർവീസ് നടത്തുന്ന വിമാനത്തിനുണ്ടായ ദുരന്തം ഇങ്ങനെയാണോ അന്വേഷിക്കേണ്ടത് എന്ന ചോദ്യവുമുണ്ട്. സർക്കാരിന്റെ ഉന്നതതല സമിതി നടത്തുന്ന സമാന്തര അന്വേഷണം അട്ടിമറി ലക്ഷ്യമിട്ടാണെന്ന വിമർശം ശക്തമാണ്. കൂടാതെ അന്വേഷണത്തിൽ പല ഘട്ടങ്ങളിലും സർക്കാർ ഇടപെടലും ഉണ്ടായി. അതിന്റെ ഭാഗമാണ് ബ്ലാക്ക്‌ബോക്സ് അമേരിക്കയിലേക്ക് പരിശോധനയ്ക്ക് അയക്കില്ലെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. 2020ൽ കരിപ്പുരിൽ നടന്ന വിമാനപകടത്തിൽ അമേരിക്കയിലെ ദേശീയ ലാബിലാണ് ബ്ലാക്ക് ബോക്സ് പരിശോധിച്ചത്. നിലവിൽ ഡൽഹിയിലെ പുതിയ ലാബിൽ പരിശോധന നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ ഡേറ്റ തിരിച്ചെടുക്കാനുള്ള സൗകര്യമുണ്ടോ എന്ന് വ്യക്തതയില്ല.
എയർഇന്ത്യയെയും വ്യോമയാന മന്ത്രാലയത്തെയും സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയം ഉയരുന്നു. ബോയിങ്ങിനെ സംരക്ഷിക്കാൻ അമേരിക്കൻ ഇടപെടലുകളുണ്ടായെന്നും വിമർശനങ്ങളുണ്ട്. അപകടത്തിനുശേഷം നടന്ന സുരക്ഷാ പരിശോധനയിൽ ബോയിങ്787 വിമാനങ്ങൾക്കെല്ലാം ഡിജിസിഎ ക്ലീൻ ചീറ്റ് നൽകി. അപകടത്തിൽ പെട്ട വിമാനത്തിന്റേതുൾപ്പെടെ എല്ലാ വിമാനങ്ങൾക്കും പരിപാലനം എയർഇന്ത്യ നടത്തിയിരുന്നതായും പറഞ്ഞു. എന്നാൽ, സുരക്ഷിതമെന്ന് കണ്ടെത്തിയിട്ടും ദുരന്തത്തിന് ശേഷം നടന്ന പാരിസ് എയർ ഷോയിൽ ബോയിങ്ങിന്റെ എതിരാളികളായ എയർബസിന്റെ വിമാനങ്ങളാണ് കൂടുതൽ വിറ്റുപോയത്.
ചികിത്സയിലിരുന്ന 2 പേർ മരിച്ചു
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച 223 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 204 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. തിരിച്ചറിഞ്ഞ 223 മൃതദേഹങ്ങളിൽ 168 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും 36 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയൻ പൗരനും പ്രദേശവാസികളായ 11 പേരും ഉൾപ്പെടുന്നു. പത്തനംതിട്ട സ്വദേശി രഞ്ജിതയടക്കം ബാക്കിയുള്ള മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന വെള്ളിയാഴ്‌ചയും പൂർത്തിയായില്ല.









0 comments