യുഎസ് അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ ; പ്രതിക്കൂട്ടില്‍ ബോയിങ്

അഖില ബാലകൃഷ്ണൻ
Published on Jul 01, 2025, 04:30 AM | 1 min read
ന്യൂഡൽഹി
അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ബോയിങ് 787 വിമാനത്തിനുണ്ടായ സോഫ്‌റ്റ്‌വെയർ തകരാറായേക്കാമെന്ന് അമേരിക്കൻ വ്യോമയാന അഭിഭാഷക. ‘ദ സൺഡേ ഗാർഡിയന്’ നൽകിയ അഭിമുഖത്തിലാണ് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ മുൻ ഇൻസ്‌പെക്‌ടർ ജനറലും നിലവിൽ ഏവിയേഷൻ അറ്റോർണിയുമായ മേരി ഷിയാവോയുടെ പ്രതികരണം. "സോഫ്‌റ്റ്‌വെയറിലെ പ്രശ്നംമൂലം ഇരട്ട എൻജിൻ തകരാർ ഉണ്ടായതായി സംശയിക്കുന്നു. വിമാനം നിലത്താണെന്ന് തോന്നിയാൽ പൈലറ്റിന്റെ ഇടപെടലില്ലാതെ എഞ്ചിൻ പ്രവർത്തനം നിയന്ത്രിക്കുന്ന ത്രസ്റ്റ് കൺട്രോൾ മാൽഫങ്ഷൻ അക്കൊമഡേഷൻ സംവിധാനം സോഫ്റ്റ്‌വെയർ പ്രശ്നം മൂലം പ്രവർത്തിച്ചതാകാം. ഈ സംവിധാനം പ്രവർത്തിച്ചാൽ വിമാനത്തിന്റെ വൈദ്യുതി പൂർണമായും നഷ്‌ടപ്പെടും. അഹമ്മദാബാദിൽ എഐ171 വിമാനത്തിൽ ഇതാകും നടന്നത്' –-ഷിയാവോ പറഞ്ഞു.
ജപ്പാനില്‍ 2019-ലുണ്ടായ ബോയിങ് വിമാനപകടത്തില്‍ ഇത്തരം സാങ്കേതിക പിഴവ് യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്‌ബി) കണ്ടെത്തി. ബോയിങ് 787 വിമാനങ്ങളിൽ പിഴവ് പരിഹരിക്കണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും എല്ലാ വിമാനങ്ങളിലും നടപ്പാക്കിയോ എന്ന് വ്യക്തതയില്ലെന്നും അവർ പറഞ്ഞു. അപകടത്തിന് പിന്നാലെ ഡിജിസിഎ ബോയിങ് വിമാനങ്ങള്‍ക്ക് സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം ക്ലീൻ ചീറ്റ് നൽകി.
അതേസമയം, വിമാനദുരന്തത്തിൽ എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും എൻടിഎസ്‌ബിയും അന്വേഷണം തുടരുകയാണ്. തകർന്ന ബ്ലാക്ക് ബോക്‌സുകളുടെ വിശകലന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. മൂന്നുമാസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ്.









0 comments