നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് ആരോപണം: നടൻ മോഹൻ ബാബുവിനെതിരെ പരാതി

actress soundarya
വെബ് ഡെസ്ക്

Published on Mar 12, 2025, 03:45 PM | 1 min read

ഹൈദരാബാദ് : സിനിമാ താരം സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് ആരോപണം. നടിയുടെ മരണം കൊലപാതകമാണെന്നു കാണിച്ച് തെലുങ്ക് താരം മോഹൻ ബാബുവിനെതിരെ പരാതി. ആന്ധ്ര പ്രദേശിലെ ഖമ്മം ജില്ലയിലാണ് ചിട്ടിമല്ലു എന്നയാൾ പരാതി നൽകിയത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് സൗന്ദര്യ കൊല്ലപ്പെട്ടതെന്നും ഇതിൽ മോഹൻ ബാബുവിന് പങ്കുണ്ടെന്നുമാണ് പരാതി.


സൗന്ദര്യ മരിച്ച് 20 വർഷം പിന്നിടുമ്പോഴാണ് പുതിയ സംഭവ വികാസങ്ങൾ. ഷംഷാബാദിലുള്ള ആറ് ഏക്കർ സ്ഥലം വിക്കാൻ സൗന്ദര്യയേയും സഹോദനരനെയും മോഹൻ ബാബു നിർബന്ധിച്ചിരുന്നു. എന്നാൽ ഇവർ സമ്മതിക്കാഞ്ഞതോടെ താരങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തുവെന്നും ചിട്ടിമല്ലു പറയുന്നു.

സൗന്ദര്യയുടെ മരണശേഷം മോഹൻ ബാബു ബലമായി പ്രസ്തുത ഭൂമി ഏറ്റെടുത്തതായും ഇയാൾ ആരോപിച്ചു. മോഹൻ ബാബുവിൽനിന്ന് ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങൾക്ക് ഉപയോ​ഗിക്കണമെന്നാണ് ചിട്ടിമല്ലുവിന്റെ ആവശ്യം. ഭൂമി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടനെതിരെ വിശദമായ അന്വേഷണം വേണമെന്നും ചിട്ടിമല്ലു പരാതിയിൽ പറയുന്നു.


കേസിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. 2004 ഏപ്രിൽ 17നാണ് കർണാടകത്തിൽ വച്ച് വിമാനാപകടത്തിൽ സൗന്ദര്യ മരണമടഞ്ഞത്. രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാനായി സഹോദരനൊപ്പം പോവുന്നതിനിടെയാണ് സൗന്ദര്യ സഞ്ചരിച്ച സ്വകാര്യ ജെറ്റ് തകർന്നു വീണത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ വേഷമിട്ട നടിയാണ് സൗന്ദര്യ.



deshabhimani section

Related News

View More
0 comments
Sort by

Home