സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ പൊലീസ് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

saif ali khan
മുംബൈ : നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി കുത്തിയ കേസിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. വ്യാഴാഴ്ച ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നാണ് കേസിൽ സംശിക്കുന്നയാളെ പിടികൂടിയത്. തുടർന്ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ സെയ്‌ഫ് അലി ഖാന്റെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ചതായാണ് കേസ്. മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്തുവന്നിരുന്നു. വസതിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പുലർച്ചെ 3.30ഓടെ സെയ്‌ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് മുറിവുകളാണ് സെയ്‌ഫ് അലി ഖാന്റ ദേഹത്തുണ്ടായത്. ഇതിൽ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണ്. നട്ടെല്ലിന് ചേർന്ന് മുറിഞ്ഞ് കയറിയ രണ്ട് ഇഞ്ച് നീളം വരുന്ന കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.
തികച്ചും യാദൃശ്ചികമായ സംഭവത്തിലൂടെയാണ് തന്റെ കുടുംബം കടന്നുപോയതെന്നും അപവാദങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ദയവു ചെയ്ത് അവസാനിപ്പിക്കണമെന്നും കരീനാ കപൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.









0 comments