ഗുജറാത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ വീട് ഇടിച്ചുനിരത്തി ; സുപ്രീംകോടതി വിധി കാറ്റിൽപ്പറത്തി ബിജെപി സര്‍ക്കാര്‍

ന്യൂഡൽഹി : സുപ്രീംകോടതി വിധി കാറ്റിൽപ്പറത്തി ഗുജറാത്തിലെ അഹമ്മദാബാദിൽ വീണ്ടും വീട് ഇടിച്ചുനിരത്തൽ. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ വീടുകളാണ് അനധികൃതമെന്ന് ആരോപിച്ച് ഇടിച്ചുനിരത്തിയത്. വസ്‌ത്രാലിൽ വ്യാഴം രാത്രി നടന്ന സംഘര്‍ഷത്തിൽ 14 പേരാണ് അറസ്റ്റിലായത്. ഇതിൽ അമ്രൈവാഡി, ഖോഖർ പ്രദേശത്തെ ആറുപേരുടെ വീടുകളാണ് കൈയേറ്റം ആരോപിച്ച് കനത്ത പൊലീസ് സന്നാഹത്തിൽ ബിജെപി ഭരിക്കുന്ന അഹമ്മദാബാദ് മുന്‍സിപ്പൽ കോര്‍പറേഷന്‍ ഇടിച്ചുനിരത്തിയത്. പ്രതിചേർക്കപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയടക്കമുള്ളവരെ പൊതുജന മധ്യത്തിൽ പൊലീസ് അടിക്കുന്ന ദൃശ്യവും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
കേസുകളിൽ ശിക്ഷിക്കപ്പെടുകയോ പ്രതികളാകുകയോ ചെയ്‌തതിന്റെ പേരിൽ വീടുകൾ ഇടിച്ചുനിരത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി വ്യക്തമാക്കിയിരുന്നു. പൊതുസ്ഥലങ്ങൾ കൈയേറിയുള്ള അനധികൃതനിർമാണങ്ങൾ പൊളിക്കാനുള്ള വിശദ മാർഗരേഖയും കോടതി പുറപ്പെടുവിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇടിച്ചുനിരത്തൽ. യുപിയിലെ സംഭലിൽ സംഘര്‍ഷമുണ്ടായി ദിവസങ്ങൾക്കുള്ളിൽ നിരവധി മുസ്ലിങ്ങളുടെ വീടുകള്‍ ആദിത്യനാഥ് സർക്കാർ ബുൾഡോസർ കൊണ്ട് തകർത്തിരുന്നു.









0 comments