ചുട്ടുപൊള്ളും മെയ്; ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി: മെയ് മാസത്തിൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി)അറിയിച്ചു.
രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗ ദിനങ്ങളുടെ എണ്ണം കൂടുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.ഗുജറാത്ത്, ഒഡീഷ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, തെലങ്കാന, വടക്കൻ കർണാടക എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
സാധാരണയായി ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ മഹാരാഷ്‌ട്ര, കർണാടക, ഗോവ, കേരളം ഒഴികെയുള്ള ഇടങ്ങളിൽ മെയ് മാസത്തിൽ ഉഷ്ണതരംഗം അനുഭവപ്പെടാറുണ്ട്. വടക്കുപടിഞ്ഞാറൻ, മധ്യ, വടക്കുകിഴക്കൻ പ്രദേശങ്ങൾ ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയോ സാധാരണയേക്കാൾ കൂടുതലോ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മഹാപത്ര പറഞ്ഞു.
വടക്കേ ഇന്ത്യയിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിലിൽ രാജ്യത്ത് 72 ഉഷ്ണതരംഗ ദിവസങ്ങൾ രേഖപ്പെടുത്തിയതായി ഐഎംഡി ഡിജി കൂട്ടിച്ചേർത്തു.
രാജസ്ഥാനിലും ഗുജറാത്തിലും (6 മുതൽ 11 ദിവസം വരെ) ഉഷ്ണതരംഗ ദിവസങ്ങൾ സാധാരണയേക്കാൾ കൂടുതലായിരുന്നു. കിഴക്കൻ മധ്യപ്രദേശ്, വിദർഭ എന്നിവിടങ്ങളിൽ 4 മുതൽ 6 ദിവസം വരെയും ഉഷ്ണതരംഗ ദിവസങ്ങൾ രേഖപ്പെടുത്തി.









0 comments