ആം ആദ്മി പാർടി എംപി സഞ്ജയ് സിങ് ജമ്മു കശ്മീരിൽ വീട്ടുതടങ്കലിൽ

ന്യൂഡൽഹി: ആം ആദ്മി പാർടി നേതാവും എഎപി രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്ങിനെയും ജമ്മു കശ്മീർ ചുമതലയുള്ള എഎപി നേതാവ് ഇമ്രാൻ ഹുസൈനെയും ജമ്മു കശ്മീരിൽ വീട്ടുതടങ്കലിൽ ആക്കി. എഎപി എംഎൽഎ മെഹ്‌രാജ് മാലിക്കിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിക്കാൻ ശ്രീനഗറിൽ എത്തിയതാണ് ഇരുവരും. മെഹ്‌രാജ് മാലിക്കിനെ പൊതുസുരക്ഷാ നിയമം (പിഎസ്‌എ) പ്രകാരം തടങ്കലിൽ വച്ചതിനെ സഞ്ജയ് സിങ് വിമർശിച്ചിരുന്നു. 'നിയമവിരുദ്ധവും' 'ഭരണഘടനാവിരുദ്ധവുമാണ്' ഈ നടപടി എന്നായിരുന്നു വിമർശനം.
പത്രസമ്മേളനം നടത്താനിരിക്കെയാണ് പോലീസ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. സഞ്ജയ് സിങ് തന്നെയാണ് തന്റെ വീട്ടുതടങ്കലിനെക്കുറിച്ച് എക്സിൽ അറിയിച്ചത്. സഞ്ജയ് സിങ് താമസിച്ചിരുന്ന സർക്കാർ ഗസ്റ്റ്ഹൗസിന്റെ ഗേറ്റ് ജമ്മു കശ്മീർ പോലീസ് പൂട്ടിയതായി എഎപി അവകാശപ്പെടുന്നു. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് മേധാവിയുമായ ഫാറൂഖ് അബ്ദുള്ള അദ്ദേഹത്തെ കാണാൻ സ്ഥലത്തെത്തിയിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഡോ. ഫാറൂഖ് അബ്ദുള്ളയെ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല എന്നത് സ്വേച്ഛാധിപത്യമല്ലെങ്കിൽ, എന്താണ്?" എന്നാണ് സഞ്ജയ് സിംഗ് എക്സിൽ കുറിച്ചത്.









0 comments