അഹമ്മദാബാദ് വിമാന അപകട അന്വേഷണ റിപ്പോർട്ട് പുറത്ത്
അന്വേഷണ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് ബോയിങ്ങിലേക്കും എയർ ഇന്ത്യയിലേക്കുമോ

ന്യൂഡല്‍ഹി:അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം ബോയിങ് വിമാനത്തിലെ ഫ്യുവൽ സ്വിച്ചുകൾ ഓഫ് ആയിരുന്നതിനാലാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്‍ജിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിലച്ചതിനാൽ അവയുടെ പ്രവർത്തനം നിലച്ചു. അപകട സമയത്ത് രണ്ട് എന്‍ജിനുകളും പൂർണ്ണ ക്ഷമമായിരുന്നില്ല എന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.
വിമാനം പറന്നുയര്‍ന്ന് യാത്ര തുടരുന്നതിനിടെ അടിയന്തര സാഹചര്യം വന്ന് എന്‍ജിന്‍ നിലച്ചാല്‍ ഇവ ഓഫ് ചെയ്ത് പെട്ടെന്ന് തന്നെ ഓണ്‍ ചെയ്യും. ഇങ്ങനെ എന്‍ജിന്‍ റീ സ്റ്റാര്‍ട്ട് ചെയ്യാറുണ്ട്. അബദ്ധത്തില്‍ കൈതട്ടിയാല്‍ ഓഫായി പോകുന്ന തരം സ്വിച്ചല്ല ഇവ. കോക്പിറ്റില്‍ വിമാനത്തിന്റെ ത്രസ്റ്റ് നിയന്ത്രിക്കുന്ന ത്രോട്ടില്‍ ലിവറിന്റെ സമീപത്തായാണ് ഈ സ്വിച്ചുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വിമാനം പറന്നുയർന്നത് സ്വഭാവികമായും ഇവ പ്രവർത്തിപ്പിച്ചാണ്. പിന്നെ എന്തിന് അല്ലെങ്കിൽ എങ്ങിനെ ഓഫ് ആയി, അതിനുള്ള സാഹചര്യം എന്തായിരുന്നു എന്നതിൽ വ്യക്തതയില്ല.
ഓഫ് ചെയ്തില്ലെന്ന് സഹപൈലറ്റിന്റെ വോയിസ് റെക്കോഡ്
വിമാനത്തിലെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഈ സ്വിച്ചുകള്‍ ഓഫായി. റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറി. ഒരുസെക്കന്‍ഡിന്റെ ഇടവേളയിലാണ് സ്വിച്ചുകള്‍ ഓഫ് ആയത്.
1.37ന് ടേക്ക് ഓഫ് ക്ലിയറന്‍സ് നല്‍കി. എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ്‌ളൈറ്റ് റെക്കോര്‍ഡര്‍ (ഇഎആര്‍എഫ്) പ്രകാരം 1.38ന് വിമാനം ടേക്ക് ഓഫ് ഡിസിഷന്‍ സ്പീഡ് കൈവരിച്ച് 153 നോട്‌സ് (മണിക്കൂറില്‍ 176.06 മൈല്‍) വേഗത്തിലെത്തി. തൊട്ടുപിന്നാലെ 155 നോട്‌സ് വേഗതയിലെത്തി. തുടര്‍ന്ന് 180 നോട്‌സ് വേഗത കൈവരിച്ച ഘട്ടത്തില്‍ എന്‍ജിന്‍ ഒന്നിന്റെയും രണ്ടിന്റെയും ഇന്ധന കട്ട് ഓഫ് സ്വിച്ചുകള്‍ പെട്ടെന്ന് 'റണ്‍' മോഡില്‍നിന്ന് 'സ്വിച്ച് ഓഫ്' മോഡിലേക്ക് ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഒന്നൊന്നായി മാറി.
എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം തടസപ്പെട്ടതോടെ രണ്ട് എന്‍ജിനുകളുടെയും ടേക്ക് ഓഫ് ശേഷി കുറഞ്ഞു. എഞ്ചിനുകൾക്ക് ശക്തി നഷ്ടപ്പെട്ടപ്പോൾ, അടിയന്തര ഹൈഡ്രോളിക് പവർ നൽകുന്നതിനായി റാം എയർ ടർബൈൻ ( RAT) സ്വയം വിന്യസിക്കപ്പെട്ടു. എഎഐബിക്ക് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ റാം എയർ ടർബൈൻ പ്രവർത്തിക്കുന്നത് വ്യക്തമാണ്- റിപ്പോർട്ട് പറയുന്നു.

സ്വിച്ച് ഓഫ് ആയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട പൈലറ്റുമാരിലൊരാൾ എന്തിനാണ് ഇത് കട്ട് ഓഫ് ആക്കിയതെന്ന് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. അത് താനല്ല ചെയ്തതെന്ന് അയാള്‍ മറുപടി നല്‍കുന്നുമുണ്ട്. ഈ സംഭാഷണം വോയ്‌സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയത് ലഭിച്ചിട്ടുണ്ട്. ഈ സംഭാഷണത്തിനിടെ പൈലറ്റുമാരിലൊരാള്‍ സ്വിച്ചുകള്‍ റണ്‍ പൊസിഷനിലേക്ക് കൊണ്ടുവന്നു. ഇതിനിടെ ഇഎആര്‍എഫ് റെക്കോര്‍ഡിങ് നിര്‍ത്തി. 1.39ന് പൈലറ്റുകളില്‍ ഒരാള്‍ 'മേയ് ഡേ' സന്ദേശം അയച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫിസര്‍ കോള്‍ സിഗ്നല്‍ സംബന്ധിച്ച് അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. വിമാനത്താവളത്തിന്റെ അതിര്‍ത്തിക്കു പുറത്ത് ത്രസ്റ്റ് നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീണു.
മുന്നറിയിപ്പുകൾ നിലവിലുണ്ടായിരുന്നു
സ്വിച്ച് ഓഫ് ആയത് അസാധാരണമായ സംഭവമാണെന്നാണ് വിമാന ദുരന്തം അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തെളിഞ്ഞ ആകാശവും വ്യക്തമായ ദൃശ്യപരതയും നേരിയ കാറ്റുമായിരുന്നു ഉണ്ടായിരുന്നത്. പരിചയ സമ്പന്നരായ പൈലറ്റുമാരായിരുന്നു വിമാനം പറത്തിയതെന്നും കൃത്യമായ വിശ്രമം ലഭിച്ചിരുന്നതായും വൈദ്യപരിശോധനയിൽ ഇവർക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാവുന്നു.
230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 15 യാത്രക്കാര്‍ ബിസിനസ് ക്ലാസിലും ഇക്കണോമി ക്ലാസിൽ 215 യാത്രക്കാരുമുണ്ടായിരുന്നു. രണ്ടു കുഞ്ഞുങ്ങളും വിമാനത്തിലുണ്ടായിരുന്നു. പരിസരവാസികൾ ഉൾപ്പെടെ 270 പേർ മരിച്ചു. യാത്രക്കാരിൽ ഒരാൾ അത്ഭുതകരമായി രക്ഷപെട്ടു.
54,200 കിലോ ഇന്ധനമാണ് വിമാനത്തിൽ നിറച്ചിരുന്നത്. ടേക്ക് ഓഫ് ഭാരം 2,12,401 കിലോ ആയിരുന്നു. പരമാവധി അനുവദനീയമായിട്ടുള്ളത് 2,18,183 കിലോയാണ്. ടേക്ക് ഓഫ് വെയ്റ്റ് നിശ്ചിതപരിധിക്കുള്ളിലായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വിമാനത്തില്‍ അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നില്ല.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യയുടെ ബോയിങ് സീരീസ് വിമാനത്തിൽ ഇന്ധന സ്വിച്ചിലുണ്ടാവാനിടയുള്ള തകരാർ സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിരുന്നതായി നേരത്തെ തന്നെ റിപ്പോർടുകൾ ഉണ്ടായിരുന്നു. ഫ്യൂവൽ സ്വിച്ചിന്റെ കാര്യത്തിൽ യുഎസ് വ്യോമയാന അതോറിറ്റിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഒരു മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. 2018ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇലക്ട്രോണിക്കിലെ തകരാര്‍ മൂലം ഫ്യൂവല്‍ സ്വിച്ചിന് മാറ്റമുണ്ടാകാമെന്ന് അന്നത്തെ മുന്നറിയിപ്പില്‍ പറയുന്നുണ്ട് എന്നുമാണ് റിപ്പോർട്ട്.
2018 ഡിസംബർ 17-ന് യുഎസ് ഏവിയേഷൻ റെഗുലേറ്ററായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്ന് ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിംഗ് സവിശേഷതയുടെ സാധ്യതയെക്കുറിച്ച് ഒരു ഉപദേശം ലഭിച്ചിരുന്നു. എങ്കിലും എഫ്എഎ ബുള്ളറ്റിൻ ഒരു ഉപദേശക സ്വഭാവത്തിൽ ഉള്ളതായതിനാലും നിർബന്ധിത നടപടി ആവശ്യമില്ലാത്തതിനാലും നിർദ്ദേശിച്ച പരിശോധനകൾ നടത്തിയില്ലെന്നാണ് എയർ ഇന്ത്യ നേരത്തെ വിശദീകരിച്ചത്. എഎഐബി മെയിന്റനൻസ് രേഖകൾ പരിശോധിച്ചപ്പോൾ, 2023 മുതൽ ഈ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ ഒരു തകരാറും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായും പറഞ്ഞിരുന്നു.
12 വർഷം പറന്ന ബോയിംഗ് 787- 8 ഡ്രീംലൈനർ
പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ 12 വർഷം പഴക്കമുള്ള ബോയിംഗ് 787- 8 ഡ്രീംലൈനറിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പെട്ടെന്ന് "കട്ട്-ഓഫ്" സ്ഥാനത്തേക്ക് നീങ്ങുകയും എഞ്ചിനുകളിൽ ഇന്ധനം നിലയ്കുകയും മൊത്തം വൈദ്യുതി നഷ്ടത്തിന് കാരണമാവുകയും ചെയ്തു. ഇതുകാരണം ത്രസ്റ്റ് നഷ്ടം സംഭവിച്ചാണ് വിമാനം ഉയരാനാവാതെ നിലം പതിച്ചത് എന്ന നിഗമനം ശരിവെക്കുകയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, ഒരു വർഷത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് പ്രതീക്ഷിക്കുന്നതായും പ്രാഥമിക റിപ്പോർട്ട് പ്രകാരം വ്യക്തമാവുന്നു.
റിപ്പോർട്ട് ഒരു നിഗമനത്തിലും എത്തിച്ചേരുന്നില്ല, ഇന്ധന നിയന്ത്രണ സ്വിച്ചുകളെക്കുറിച്ചും അവ സ്ഥാനം മാറ്റാൻ കാരണമെന്താണെന്നും നിർണായകമായ അന്വേഷണ ഘടകം മുന്നോട്ട് വെക്കുകയാണ്.
അന്വേഷണ റിപ്പോർട്









0 comments