മലയാളി ദളിത് ഗവേഷകൻ രാമദാസിനെ തിരിച്ചെടുക്കണം; ടിസ്സിനോട് സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (ടിസ്സ്) നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മലയാളി ദളിത് ഗവേഷകൻ രാമദാസ് പ്രിനി ശിവാനന്ദനെ ഉടൻ തന്നെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി.
രണ്ട് വർഷത്തെ സസ്‌പെൻഷനും ടിഐഎസ്എസ് കാമ്പസിലേക്കുള്ള പ്രവേശന വിലക്കും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ബോംബെ ഹൈക്കോടതി വിധിക്കെതിരെ രാമദാസ് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് അനുകൂലവിധിയുണ്ടായത്. 2024 ജനുവരിയില്‍ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ റാലിയില്‍ പങ്കെടുത്തതിന് 'ദേശവിരുദ്ധന്‍' എന്ന് വിളിച്ചായിരുന്നു സ്ഥാപനം രാമദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്. പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, ഹർജി തള്ളിക്കൊണ്ട് ഹെെക്കോടതി നടത്തിയ നിരീക്ഷണം വലിയപ്രതിഷേധത്തിന് കാരണമായി. ‘ടിസ്’ മുംബൈ ക്യാമ്പസിലെ പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം (പിഎസ്എഫ്) ജനറൽ സെക്രട്ടറിയായിരുന്ന രാമദാസ് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗമാണ്.
രണ്ട് വര്‍ഷത്തേക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്‍റെ സസ്‌പെന്‍ഷൻ. ഒരുകൊല്ലമായി രാമദാസ് സസ്പെന്‍ഷനിലാണ്. കേന്ദ്രസര്‍ക്കാരിന്റെ എന്‍എഫ്എസ്‌സി (നാഷണല്‍ ഫെല്ലോഷിപ്പ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്) ഫെല്ലേഷിപ്പ് വാങ്ങുന്ന വിദ്യാര്‍ഥി 'ഇന്ത്യയെ സംരക്ഷിക്കൂ, ബിജെപിയെ അവഗണിക്കൂ' എന്ന് മുദ്രാവാക്യം വിളിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാമോ? പൊതുപണമല്ലേ ഫെല്ലോഷിപ്പായി നല്‍കുന്നത് എന്നെല്ലാമാണ് സ്ഥാപനം ഹൈക്കോടതിയെ അറിയിച്ചിരുന്നത്. തുടർന്ന് ഹൈക്കോടതി സസ്‌പെൻഷൻ ശരിവെയ്ക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെയുള്ള ഫെല്ലോഷിപ്പ് ലഭിക്കുന്നതിനാല്‍, രാമദാസിന്റെ രാഷ്ട്രീയ പങ്കാളിത്തം നടപടി വിളിച്ചുവരുത്തുന്നതാണെന്ന നിരീക്ഷണമായിരുന്നു കോടതിയുടേത്. രാമദാസിന് രാഷ്ട്രീയ വീക്ഷണം പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട് എന്നാല്‍ സ്ഥാപനത്തിനും അവരുടേതായ നിലപാടെടുക്കാന്‍ അവകാശമുണ്ടെന്ന് 24 പേജുള്ള ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്.
ഫെല്ലോഷിപ്പ് വാങ്ങുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനെയോ ബിജെപിയെയോ വിമര്‍ശിക്കരുതെന്ന് പറയുന്നതും നിയമനടപടി എടുക്കാമെന്ന കോടതി നിരീക്ഷണവും അപകടകരമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രാമദാസ് സുപ്രീംകോടതിയെ സമീപിച്ചത്.









0 comments