ശബരിമലയെ പറ്റി മിണ്ടാതെ ബിജെപി ദേശീയ എക‌്‌‌‌‌‌സിക്യൂട്ടീവ‌്; പ്രസംഗങ്ങളിലോ പ്രമേയത്തിലോ പോലും വിഷയമായതേയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 12, 2019, 04:10 PM | 0 min read

ന്യൂഡൽഹി > ശബരിമല സ‌്ത്രീപ്രവേശന വിഷയത്തെക്കുറിച്ച‌്  നിലപാട‌് പ്രഖ്യാപനമില്ലാതെ ബിജെപിയുടെ രണ്ടുദിവസത്തെ ദേശീയ എക‌്സിക്യൂട്ടീവ‌് യോഗം സമാപിച്ചു. യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലോ  മോഡിയും അമിത‌് ഷായും അടക്കം നേതാക്കൾ നടത്തിയ പ്രസംഗങ്ങളിലോ ശബരിമല വിഷയമായതേയില്ല. ശബരിമല സമരങ്ങളുമായി ബന്ധപ്പെട്ട‌് മരണമടഞ്ഞതെന്ന‌് ബിജെപി അവകാശപ്പെടുന്ന നാലുപേരെ കുറിച്ച‌് അനുശോചന കുറിപ്പിൽ പറഞ്ഞതല്ലാതെ ചർച്ച ഉയർന്നതുമില്ല.

ദേശീയതലത്തിൽ ശബരിമല ചർച്ചചെയ്യാൻ ബിജെപി താൽപ്പര്യപ്പെടുന്നില്ലെന്ന‌് വ്യക്തമാക്കുന്നതാണ‌് ദേശീയ എക‌്സിക്യൂട്ടീവ‌് യോഗം. ഒരു മാസത്തിലേറെയായി സെക്രട്ടറിയറ്റിന‌് മുന്നിൽ ബിജെപി നടത്തുന്ന നിരാഹാരസമരം പോലും പരാമർശിച്ചില്ല. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയടക്കം നൂറിലേറെ പ്രതിനിധികൾ കേരളത്തിൽനിന്ന‌് യോഗത്തിനെത്തി. അവരാരും ശബരിമലക്കാര്യം മിണ്ടിയില്ല.

രാജ്യത്തെ സമകാലിക സംഭവവികാസങ്ങൾ പ്രതിപാദിക്കുന്ന രാഷ്ട്രീയപ്രമേയം ശനിയാഴ‌്ച അവതരിപ്പിച്ചു. ഈ പ്രമേയത്തിലും ശബരിമലയുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ‌്. മോഡി സർക്കാരിന്റെ നാലരവർഷ ഭരണത്തിൽ വലിയ വികസന പ്രവർത്തനങ്ങളുണ്ടായെന്ന അവകാശവാദങ്ങൾ മാത്രമാണ‌് പ്രമേയത്തിലുള്ളത‌്. ഒപ്പം പ്രതിപക്ഷ  സഖ്യനീക്കങ്ങളെ പരിഹസിക്കുന്നുമുണ്ട‌്.

മുത്തലാഖ‌് വിഷയത്തിലും മറ്റും സ‌്ത്രീ സമത്വത്തെക്കുറിച്ച‌് പറയുന്ന ബിജെപി ശബരിമലയുടെ കാര്യത്തിൽ വ്യത്യസ‌്ത നിലപാട‌് സ്വീകരിക്കുന്നത‌് വിമർശങ്ങൾക്ക‌് വഴിയൊരുക്കിയിരുന്നു. സംഘപരിവാർ അനുകൂല ചാനലായ റിപ്പബ്ലിക്ക‌് ടിവി പോലും ബിജെപിയുടെ നിലപാടിനെ വിമർശിച്ചു. ദേശീയ വനിതാ കമീഷൻ അധ്യക്ഷയും ബിജെപി നേതാവുമായ രേഖാ ശർമ അടക്കമുള്ളവർ സ‌്ത്രീ പ്രവേശത്തെ അനുകൂലിച്ച‌് രംഗത്തുവന്നു. ദേശീയതലത്തിൽ വിഷയം തിരിച്ചടിക്കുമെന്ന‌് ബോധ്യപ്പെട്ടതോടെയാണ‌് ശബരിമല ദേശീയ എക‌്സിക്യൂട്ടീവ‌് യോഗത്തിലടക്കം തമസ‌്ക്കരിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത‌്. മധ്യവർഗ വോട്ടുകളുടെ‌ ചോർച്ചയ‌്ക്ക‌് വഴിയൊരുക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട‌്.

ശബരിമലയിലെ സ‌്ത്രീപ്രവേശനത്തിന‌് അനുകൂല നിലപാടായിരുന്നു സംഘപരിവാർ തുടക്കത്തിൽ സ്വീകരിച്ചത‌്. ഒരു വിഭാഗം തെരുവിൽ ഇറങ്ങിയതോടെ പിന്തുണയുമായി സംഘപരിവാർ എത്തി. ഇപ്പോഴും ആർഎസ‌്എസിൽ വലിയൊരു വിഭാഗത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന താൽപ്പര്യമാണുള്ളത‌്.



deshabhimani section

Related News

View More
0 comments
Sort by

Home