ഡല്‍ഹിയിലും സംഘപരിവാര്‍ അഴിഞ്ഞാട്ടം; കേരളഹൗസിനുനേരെ കല്ലേറ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 03, 2019, 04:14 PM | 0 min read

ന്യൂഡല്‍ഹി > ശബരിമല കര്‍മ്മ സമിതിയുടെ പ്രതിഷേധത്തിന്റെപേരില്‍ ഡല്‍ഹിയിലും സംഘപരിവാര്‍ അഴിഞ്ഞാട്ടം. കേരളഹൗസിനേരെ കല്ലെറിഞ്ഞ അമ്പതോളം വരുന്ന സംഘം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. ശബരിമലയില്‍ യുവതികള്‍ കയറിയതിനെതിരെ പ്രതിഷേധമെന്ന പേരിലാണ് കൊലവിളിയും അസഭ്യവര്‍ഷവുമായി മദ്യപിച്ചെത്തിയവരുള്‍പ്പെട്ട സംഘം സംഘര്‍ഷം സൃഷ്ടിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഒരുമിച്ചാണ് അക്രമത്തിന് അണിനിരന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന പ്ലക്കാര്‍ഡുകളുമായാണ് വ്യാഴാഴ്ച വൈകിട്ട് ഒരുകൂട്ടം ആളുകള്‍  സംഘര്‍ഷമുണ്ടാക്കിയത്. പിണറായി വിജയനെതിരെ കൊലവിളിനടത്തിയ സംഘം മുഖ്യമന്ത്രിയുടെ കൊലം  കത്തിച്ചു. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിനൊപ്പം എത്തിയവര്‍ അശ്ലീല മുദ്രാവാക്യങ്ങളും വിളിച്ചു. ഇതിനിടെ കേരളഹൗസിനുനേരെ ഓടിയടുത്ത സംഘം കല്ലേറു നടത്തി. രക്ഷപെടാന്‍ശ്രമിച്ച അക്രമിയെ ഡല്‍ഹി പൊലീസ് പിടികൂടിയെങ്കിലും സംഘടിച്ചെത്തിയവര്‍ മോചിപ്പിച്ചു.

ഇത് ചിത്രീകരിച്ചതോടെ അക്രമികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞു. വനിതാമാധ്യമ പ്രവര്‍ത്തക സുചിത്ര, ന്യൂസ് 18 ക്യാമറാമാന്‍ കെ പി ധനേഷ്, ന്യൂസ് 24 ക്യാമറാമാന്‍ അരുണ്‍, മാതൃഭൂമി ക്യാമറാമാന്‍ എ വി മുകേഷ് തുടങ്ങിയവരെ അക്രമികള്‍ മര്‍ദ്ദിച്ചു. ന്യൂസ് 18 ചാനലിന്റെ ക്യാമറ ലൈറ്റ് അക്രമികള്‍ അടിച്ചു താഴെയിട്ടു. സുചിത്രയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്തു.

ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ കെ കെ രാഗേഷ് എംപി സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു 



deshabhimani section

Related News

View More
0 comments
Sort by

Home