മുത്തലാഖ‌് ബില്ലിനെ സിപിഐ എം എതിർക്കുന്നതെന്തുകൊണ്ട്‌? കാരണങ്ങൾ ഇവയാണ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 29, 2018, 07:20 PM | 0 min read

ന്യൂഡൽഹി > ഒരു ഹിന്ദുവോ കൃസ‌്ത്യാനിയോ ഭാര്യയെ ഉപേക്ഷിച്ചാൽ ക്രിമിനൽ കേസില്ല; ഭർത്താവ‌് മുസ്ലിമായാൽ പക്ഷേ, മൂന്നു വർഷം തടവ‌്. വിചിത്രമാണ‌് കേന്ദ്രം പാസാക്കിയ മുത്തലാഖ‌് ബില്ലിലെ വ്യവസ‌്ഥ. 

ഈ വിവേചനത്തെ, അനീതിയെയാണ‌് സിപിഐ എം ലോക‌്സഭയിൽ എതിർത്തത‌്. ഈ എതിർപ്പിനെ മുൻനിർത്തി മുത്തലാഖ‌് സമ്പ്രദായത്തെ  സിപിഐ എം അനുകൂലിച്ചുവെന്നാണ‌് സംഘപരിവാറുകാരും മറ്റും വ്യാപകമായി പ്രചരിപ്പിക്കുന്നത‌്.

മുത്തലാഖ‌് നിരോധിക്കണമെന്നാവശ്യപ്പെട്ട‌് സുപ്രീംകോടതിയിൽ നടന്ന നിയമപോരാട്ടത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും കക്ഷിയായിരുന്നു. മാത്രമല്ല,  ലോക‌്സഭയിൽ മുത്തലാഖ‌് ബില്ലിന്റെ ചർച്ചയിൽ ഒരു എംപിപോലും മുത്തലാഖ‌് സമ്പ്രദായത്തെ അനുകൂലിച്ചിട്ടില്ലെന്ന‌് നിയമമന്ത്രി രവിശങ്കർപ്രസാദ‌് തന്നെ മറുപടിപ്രസംഗത്തിൽ പറഞ്ഞിട്ടുമുണ്ട‌്.

സിപിഐ എം ബില്ലിനെ എതിർക്കാനുള്ള കാരണങ്ങൾ ഇവയാണ‌്: 

1) സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷവിധിപ്രകാരം ഇന്ത്യയിൽ മുത്തലാഖിന‌് നിയമസാധുതയില്ല. ഈ സാഹചര്യത്തിൽ മുത്തലാഖ‌് നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ ബില്ലിന്റെ ആവശ്യമില്ല. 

2) മുത്തലാഖ‌് ചൊല്ലുന്നത‌് ക്രിമിനൽകുറ്റമായി പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടില്ല. 

3) വിവാഹം  എന്നത‌് പ്രായപൂർത്തിയായ രണ്ട‌് വ്യക്തികൾ തമ്മിലുള്ള സിവിൽ കരാറാണ‌്. ഈ കരാറിന്റെ ലംഘനത്തെ ക്രിമിനൽ കുറ്റമായി കാണുന്നത‌് ശരിയല്ല. ഹിന്ദു, ക്രിസ‌്ത്യൻ ഉൾപ്പെടെ മറ്റ‌് വിവാഹനിയമങ്ങളിൽ കരാർ ലംഘനം ക്രിമിനൽകുറ്റമല്ല. മുസ്ലിം വിഭാഗത്തെ മാത്രം ശിക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്നത‌് വിവേചനമാണ‌്. 

4) നിലവിൽ രാജ്യത്ത‌് 23.7 ലക്ഷം സ‌്ത്രീകൾ വിവാഹബന്ധത്തിൽനിന്ന‌് അകന്നുകഴിയുന്നുണ്ട‌്. ഇവരിൽ 19 ലക്ഷം പേരും ഹിന്ദുക്കളാണ‌്. 2.8 ലക്ഷം പേർ മാത്രമാണ‌് മുസ്ലിങ്ങൾ. നിയമവിധേയമായല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്ന മുസ്ലിം പുരുഷനെ  ശിക്ഷിക്കാൻ വെമ്പൽ കൊള്ളുന്ന സർക്കാർ സമാനമായ കൃത്യം ചെയ്യുന്ന ഹിന്ദു, ക്രിസ‌്ത്യൻ, സിഖ‌്, ബുദ്ധ, ജയിൻ വിശ്വാസികളായ പുരുഷന്മാരുടെ കാര്യത്തിൽ മൗനം പാലിക്കുന്നു. 

5) മുത്തലാഖ‌് ചൊല്ലുന്ന മുസ്ലിമ ഭർത്താവിന‌് മൂന്ന‌് വർഷം  തടവുശിക്ഷ നൽകണമെന്ന‌് അനുശാസിക്കുകയും അതേസമയംതന്നെ ഭാര്യക്കും മക്കൾക്കും അയാൾ  ജീവനാംശം കൊടുക്കണമെന്ന‌് പറയുകയും ചെയ്യുന്നത‌് പ്രായോഗികമല്ല.  ജയിലിൽ കിടക്കുന്ന ആൾ എങ്ങനെ ചെലവിനു കൊടുക്കും? 

6) ജീവനാംശം നൽകുന്ന കാര്യത്തിൽ കൃത്യമായ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. 

7) പ്രതിക്ക‌് ജാമ്യം കിട്ടാൻ കഠിനമായ വ്യവസ്ഥയാണ‌് പുതുക്കിയ മുത്തലാഖ‌് ബില്ലിൽ. എതിർപക്ഷത്തിന്റെ വാദംകേട്ടശേഷമേ ജാമ്യകാര്യത്തിൽ മജിസ‌്ട്രേട്ട‌് തീരുമാനം എടുക്കാവൂ എന്ന വ്യവസ്ഥ ദീർഘമായ ജയിൽവാസത്തിന‌് കാരണമായേക്കും. 

8) ബന്ധപ്പെട്ട ആരുമായും ചർച്ച നടത്താതെയാണ‌് സർക്കാർ ബിൽ കൊണ്ടുവന്നത‌്. കഴിഞ്ഞ വർഷം ഇതേ രീതിയിൽ തിരക്കിട്ട‌് ലോക‌്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞിട്ടില്ല. ഇതേതുടർന്ന‌് ഓർഡിനൻസ‌് ഇറക്കുകയും പുതുക്കിയ ബിൽ ലോക‌്സഭയിൽ അവതരിപ്പിക്കുകയുമായിരുന്നു. ബിൽ കുറ്റമറ്റതാക്കാൻ പാർലമെന്റിന്റെ സംയുക്തസമിതിക്ക‌് വിടണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല.

9) രാജ്യത്ത‌് വർഗീയധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ‌്  മോഡി സർക്കാർ ഈ ബിൽ കൊണ്ടുവന്നത‌്.



deshabhimani section

Related News

View More
0 comments
Sort by

Home