യുപിയിൽ എൻഡിഎ സഖ്യത്തിൽ പൊട്ടിത്തെറി ; സഖ്യംവിടുമെന്ന‌് ഭീഷണിയുയർത്തി ഘടകകക്ഷികൾ

ന്യൂഡൽഹി
ബിഹാറിൽ ഉപേന്ദ്ര കുശ‌്‌വാഹയുടെ ആർഎൽഎസ‌്പി എൻഡിഎ സഖ്യം വിട്ടതിന‌് പിന്നാലെ ഉത്തർപ്രദേശിൽ സഖ്യംവിടുമെന്ന‌് ഭീഷണിയുയർത്തി രണ്ട‌് പ്രധാന ഘടകകക്ഷികൾ രംഗത്തെത്തി. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അപ‌്നാദൾ (എസ‌്), സംസ്ഥാന മന്ത്രി ഓംപ്രകാശ‌് രാജ‌്ഭറിന്റെ സുഹൽദേവ‌് ഭാരതീയ സമാജ‌് പാർടി (എസ‌്ബിഎസ‌്പി) എന്നീ കക്ഷികളാണ‌് ബിജെപി അവഗണന തുടർന്നാൽ എൻഡിഎ വിടുമെന്ന‌് പ്രഖ്യാപിച്ചത‌്. അടുത്തയിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക‌് ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഘടകകക്ഷികൾ കൂടുതൽ സീറ്റിനും സ്ഥാനങ്ങൾക്കുമായി ബിജെപിക്കുമേൽ സമർദം ശക്തിപ്പെടുത്തുകയാണ‌്.
ഉത്തർപ്രദേശിൽ കടുത്ത അവഗണനയാണ‌് തങ്ങൾ നേരിടുന്നതെന്ന‌് അപ‌്നാദൾ ദേശീയ അധ്യക്ഷനും അനുപ്രിയ പട്ടേലിന്റെ ഭർത്താവുമായ ആശിഷ‌് പട്ടേൽ മാധ്യമങ്ങളോട‌് പറഞ്ഞു. ഒരു സർക്കാർ ചടങ്ങിലും തങ്ങളെ പങ്കെടുപ്പിക്കുന്നില്ല. കേന്ദ്രത്തിൽ ആരോഗ്യ സഹമന്ത്രിയായിട്ടുകൂടി പ്രധാനമന്ത്രി ഉദ‌്ഘാടനംചെയ‌്ത ആരോഗ്യപദ്ധതിയിലേക്ക‌് അനുപ്രിയ പട്ടേലിന‌് ക്ഷണം കിട്ടിയില്ല. ഉത്തർപ്രദേശിൽ എസ‌്പി ഭരിച്ചിരുന്നപ്പോൾ എല്ലാ കേന്ദ്ര പദ്ധതികളുടെ ഉദ‌്ഘാടനച്ചടങ്ങിലേക്കും തങ്ങൾക്ക‌് ക്ഷണം ലഭിച്ചിരുന്നു. ചെറിയ പാർടികളെ അംഗീകരിക്കാൻ ബിജെപി പഠിക്കണം. അപ‌്നാദളിന്റെ നേതാക്കളും പ്രവർത്തകരും നിരാശയിലാണ‌്. അവഗണന തുടർന്നാൽ കടുത്ത തീരുമാനങ്ങളിലേക്ക‌് നീങ്ങും–- ആശിഷ‌് പട്ടേൽ അറിയിച്ചു.
യുപിയിൽ ഒമ്പത‌് എംഎൽഎമാരും രണ്ട‌് എംപിയുമാണ‌് അപ‌്നാദളിനുള്ളത‌്. 2019 തെരഞ്ഞെടുപ്പിൽ മൂന്ന‌് സീറ്റെങ്കിലും കിട്ടണമെന്ന നിലപാടിലാണ‌് അപ‌്നാദൾ. ഓം പ്രകാശ‌് രാജ‌്ഭറിന്റെ സുഹൽദേവ‌് ഭാരതീയ സമാജാകട്ടെ അഞ്ച‌് ലോക‌്സഭാ സീറ്റുകൾ വേണമെന്ന വാശിയിലാണ‌്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ‌് ഘട്ടത്തിലാണ‌് എസ‌്ബിഎസ‌്പി എൻഡിഎയുടെ ഭാഗമായത‌്. സലേംപുർ, ഘോസി, മച്ചിലിനഗർ, ചന്ദൗലി, അംബേദ‌്കർനഗർ എന്നീ മണ്ഡലങ്ങളാണ‌് എസ‌്ബിഎസ‌്പി ആവശ്യപ്പെടുന്നത‌്. ഈ അഞ്ച‌് മണ്ഡലങ്ങളും നിലവിൽ ബിജെപിയുടെ സിറ്റിങ‌് സീറ്റുകളാണ‌്.
ബിജെപി അർഹമായ പരിഗണന നൽകിയില്ലെങ്കിൽ തങ്ങൾക്ക‌് മറ്റ‌് മാർഗങ്ങളുണ്ടെന്ന‌് എസ‌്ബിഎസ‌്പി ജനറൽ സെക്രട്ടറി അരവിന്ദ‌് രാജ‌്ഭർ പറഞ്ഞു. എസ‌്പി–- ബിഎസ‌്പി നേതൃത്വങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും രാജ‌്ഭർ വ്യക്തമാക്കി.









0 comments