സൈബർ നീരീക്ഷണ നീക്കം നിഗൂഢം; മൗലികാവകാശ ലംഘനം

ന്യൂഡൽഹി > രാജ്യത്തെ കോടിക്കണക്കിന‌് പൗരൻമാരുടെ സ്വകാര്യതയെയും ആശയാവിഷ‌്കാര സ്വാതന്ത്രത്തെയും ബാധിക്കുന്ന നിർണായക നിയമഭേദഗതിയുടെ കരട‌് രൂപീകരണം നിഗൂഢമായി. ഐടി ആക്ടിലെ 79ാം വകുപ്പ‌് അനുസരിച്ച‌് രൂപീകരിച്ച ഇന്റർനെറ്റ‌് ‘മധ്യസ്ഥ/ഇടനില കമ്പനികൾക്ക‌് വേണ്ടിയുള്ള മാർഗനിർദേശങ്ങൾ ഭേദഗതി ചെയ്യാനുള്ള യോഗം മുന്നോട്ടുവച്ചത‌് സമൂഹമാധ്യമങ്ങൾ ഉൾപ്പടെ നിയന്ത്രിക്കാനും ഓൺലൈൻ സംവിധാനങ്ങൾ മുഖേനയുള്ള വ്യക്തിപരമായ ആശയവിനിമയങ്ങളുടെ വിശദാംശങ്ങൾ പോലും ചോർത്തി എടുക്കാനുമുള്ള നിർദേശങ്ങൾ.
സുപ്രധാന നിയമഭേദഗതി പൊതുസമൂഹവുമായി കൂടിയാലോചന നടത്താതെ രൂപീകരിക്കാനും നടപ്പാക്കാനുമുള്ള സർക്കാർ നീക്കം ദുരൂഹമാണ‌്. നിയമവിരുദ്ധ ഉള്ളടക്കം തിരിച്ചറിയാനെന്ന പേരിൽ മധ്യസ്ഥകമ്പനികൾക്ക‌് തോന്നുന്ന ‘സാങ്കേതിക ഉപകരണങ്ങളോ സംവിധാനങ്ങളോ വിന്യസിക്കാനുള്ള അധികാരം’ നൽകുന്നത‌് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.
ഇന്റർനെറ്റിൽ അപകീർത്തികരമായ ഉള്ളടക്കം അവതരിപ്പിക്കുന്നവരെ അറസ്റ്റ‌് ചെയ്യാൻ അധികാരം നൽകുന്ന ഐടി ആക്ടിലെ 66എ വകുപ്പ‌് സുപ്രീംകോടതി 2015 മാർച്ചിൽ റദ്ദാക്കി. ഈ ഉത്തരവിനെ മറികടക്കുകയെന്ന ലക്ഷ്യം കൂടി പിന്നിലുണ്ട‌്.
‘ബന്ധപ്പെട്ട കോടതികളോ സർക്കാർ വകുപ്പുകളോ ഏജൻസികളോ ആവശ്യപ്പെടുന്ന മുറയ‌്ക്ക‌് വിവരങ്ങൾ കൈമാറണമെന്ന ഭേദഗതിയിലെ നിർദേശവും ദുരുദ്ദേശപരമാണ‌്. ആരൊക്കെയെന്ന‌് കൃത്യമായ പരാമർശമം ഇല്ലാത്ത സാഹചര്യത്തിൽ, ആർക്കും വിവരങ്ങൾ തേടാമെന്ന പഴുതും നിയമത്തിലുണ്ട‌്. വാട‌്സ‌്ആപ‌്, ടെലഗ്രാം ഉൾപ്പടെയുള്ള ഓൺലൈൻ സംവിധാനങ്ങളിലെ ‘എൻഡ‌് ടു എൻഡ‌് എൻക്രിപ‌്ഷൻ’ സുരക്ഷാസംവിധാനം ഒഴിവാക്കണമെന്നാണ‌് കരട‌് ചട്ടത്തിലെ വ്യവസ്ഥ.
ഇത‌് ഭരണഘടന വാഗ‌്ദാനം ചെയ്യുന്ന സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്രത്തിന്റെയും ലംഘനം കൂടിയാണ‌്. സോഷ്യൽമീഡിയ ഹബ്ബ‌് തുടങ്ങി സമൂഹമാധ്യമങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള നീക്കം സുപ്രീംകോടതി ഇടപെലിനെ തുടർന്ന‌് സർക്കാർ പിൻവലിച്ചിരുന്നു. സോഷ്യൽ മീഡിയ ഹബ്ബിനേക്കാൾ മാരകമായ നിരീക്ഷണ സംവിധാനമാണ‌് മുന്നോട്ടുവെക്കുന്നതെന്ന‌് ഇന്റർനെറ്റ‌് ഫ്രീഡം ഫൗണ്ടേഷൻ സ്ഥാപകനും അഭിഭാഷകനുമായ അപർ ഗുപ‌്‌ത പറഞ്ഞു.









0 comments