ഐടി ചട്ടങ്ങൾ: മുൻനിലപാട‌് വിഴുങ്ങി ജെയ‌്റ്റ‌്‌ലിയും സിബലും

ന്യൂഡൽഹി > അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്ന ഐടി ചട്ടങ്ങളെ ആറുവർഷംമുമ്പ‌് ശക്തമായി എതിർത്ത അരുൺ ജെയ‌്‌റ്റ‌്‌ലി ഇപ്പോൾ ഉയർത്തുന്നത‌് നേർ വിപരീതവാദം. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത‌് രാജ്യസഭാ പ്രതിപക്ഷനേതാവായിരിക്കെയാണ‌് ജെയ‌്റ്റ‌്‌ലി ഐടി ഇന്റർമീഡിയറി ഗൈഡ‌് ലൈൻസ‌് റൂൾ അങ്ങേയറ്റം ദുരുപയോഗ സാധ്യതയുള്ളതാണെന്ന‌് വ്യക്തമാക്കിയത‌്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ‌് ഈ ചട്ടങ്ങളെന്ന‌് ചൂണ്ടിക്കാട്ടി പി രാജീവ‌് കൊണ്ടുവന്ന സ്റ്റാറ്റ്യൂട്ടറി പ്രമേയത്തെ രാജ്യസഭയിൽ അനുകൂലിച്ച‌് സംസാരിക്കുകയായിരുന്നു ജെയ‌്റ്റ‌്‌ലി. എന്നാൽ, വെള്ളിയാഴ‌്ച രാജ്യസഭയിൽ ജെയ‌്റ്റ‌്‌ലി ഐടി ചട്ടങ്ങളെ ശക്തമായി ന്യായീകരിച്ചു.
ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ‌് രാജ്യത്തെ ഏതു കംപ്യൂട്ടറും നിരീക്ഷിക്കാനും ചോർത്താനും പിടിച്ചെടുക്കാനും അന്വേഷണ ഏജൻസികൾക്ക‌് അധികാരം നൽകി ആഭ്യന്തര മന്ത്രാലയം ഉത്തരവ‌് ഇറക്കിയത‌് 2009ൽ മുതൽ തുടരുന്ന ഉത്തരവിന്റെ ആവർത്തനം മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്ത‌് സൈബർ അടിയന്തരാവസ്ഥയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അതിശയോക്തിപരമാണെന്നും മന്ത്രി ജെയ‌്റ്റ‌്‌ലി പറഞ്ഞു. ഐടി ചട്ടങ്ങളിലെ വാക്കുകളും പ്രയോഗങ്ങളും സർക്കാരിന‌് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാൻ ഉതകുന്നതാണെന്നാണ‌് പ്രതിപക്ഷത്തിരിക്കെ ജെയ‌്റ്റ‌്‌ലി പറഞ്ഞത‌്.
ഐടി ചട്ടങ്ങൾ റദ്ദാക്കണമെന്ന‌് ആവശ്യപ്പെട്ട‌് പി രാജീവ‌് അവതരിപ്പിച്ച പ്രമേയത്തെ ഏറ്റവും ആദ്യം പിന്തുണച്ചതും ജെയ‌്റ്റ‌്‌ലിയായിരുന്നു. അന്ന‌് ഐടി മന്ത്രിയായിരുന്ന കപിൽ സിബൽ ഐടി ചട്ടങ്ങൾ രാജ്യസുരക്ഷയ‌്ക്ക‌് അനിവാര്യമാണെന്ന‌് വാദിച്ചു. അമേരിക്കയിൽ നിലനിൽക്കുന്നതിനെക്കാൾ ഭേദപ്പെട്ട ചട്ടങ്ങളാണ‌് ഇന്ത്യയിലുള്ളതെന്നും സിബൽ വാദിച്ചു. അതേ സിബലും അദ്ദേഹത്തിന്റെ പാർടിയായ കോൺഗ്രസും ഇപ്പോൾ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവിനെ എതിർക്കുകയാണ‌്. മന്ത്രിയായിരിക്കെ താൻ ന്യായീകരിച്ച ഐടി ചട്ടങ്ങൾ ഇന്ത്യയെ ഏകാധിപത്യരാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇടയാക്കുമെന്നും സിബൽ പറയുന്നു. ഭരണഘടനാവിരുദ്ധമായ ചട്ടങ്ങളെ അന്നും ഇന്നും ശക്തമായി എതിർക്കുന്നത‌് സിപിഐ എം നേതൃത്വത്തിൽ ഇടതുപാർടികളാണ‌്.









0 comments