സിപിഐ എം പ്രക്ഷോഭങ്ങളുടെ വിജയം: ഉഡുപ്പിയിലെ മഡേ സ്‌‌‌നാനയും എഡേ സ്‌‌‌നാനയും നിരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2018, 12:06 PM | 0 min read

മംഗളൂരു > ഉഡുപ്പി ശ്രീകൃ‌ഷ്‌ണ ക്ഷേത്രത്തില്‍ ആചാരത്തിന്റെ പേരില്‍ തുടര്‍ന്നു പോന്നിരുന്ന മഡേ സ്‌നാനയും എഡേ സ്‌നാനയും നിരോധിച്ചു. പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥയാണ് ഇക്കാര്യം അറിയിച്ചത്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ആചാരമാണ് മഡേ സ്‌നാന. പ്രസാദം നിവേദിച്ച ഇലയില്‍ കീഴ്‌ജാതിക്കാര്‍ ഉരുളുന്നതാണ് എഡേ സ്‌‌‌നാന.

വിവാദ ആചാരത്തിനെതിരെ സിപിഐ എം നിരന്തര പ്രക്ഷോഭത്തിലായിരുന്നു. സിപിഐ എം മാത്രമാണ് ഈ അനാചാരത്തെ പ്രത്യക്ഷമായി എതിര്‍ക്കാന്‍ ധൈര്യം കാട്ടിയത്. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നേതൃത്വത്തില്‍ പാര്‍ടി കുക്കെ സുബ്രമണ്യ ക്ഷേത്രത്തിലേക്കും ഉഡുപ്പി ശ്രീകൃഷ്‌ണക്ഷേത്രത്തിലേക്കും സംഘടിപ്പിച്ച പ്രക്ഷോഭം ശ്രദ്ധേയമായിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് അന്ന് സമരത്തെ നേരിട്ടത്. എം എ ബേബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സിപിഐ എമ്മിന്റെ നിരവധിയായ സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷം മഡേ സ്‌നാന സുപ്രീംകോടതി നിരോധിച്ചത് രണ്ടുവര്‍ഷങ്ങള്‍ക്കുമുന്‍പാണ്. എന്നാല്‍ മഡേ സ്‌നാനയുടെ പേരുമാറ്റി 'എഡേ സ്‌നാന' എന്നാക്കിക്കൊണ്ട് സവര്‍ണ ആചാരം തുടരാനായിരുന്നു ക്ഷേത്രം ഭരിക്കുന്ന പേജെവാര്‍ മഠത്തിന്റെയും തീരുമാനം. അതിനെ തുടര്‍ന്ന് പേരുമാറ്റിയ ആചാരം പഴയതുപോലെ തുടര്‍ന്നുവരികയായിരുന്നു.

സിപിഐ എം സംഘടിപ്പിച്ച സമരത്തില്‍ നിന്ന്‌

കോണ്‍ഗ്രസും ബിജെപിയും എക്കാലവും ഈ ആചാരം സംരക്ഷിക്കണമെന്ന് നിലപാടിലായിരുന്നു. . മാഡേ സ്നാനയുടെ പ്രയോക്താവും കര്‍ണ്ണാടകയിലെ സംഘപരിവാരത്തിന്റെ ഉന്നതനുമായ ഉഡുപ്പി പേജവാര്‍ മഠാധിപതി വിശ്വേഷതീര്‍ത്ഥ വിശ്വഹിന്ദു പരിഷത്തിന്റെ നേതാവാണ്. രാമജന്മ ഭൂമി പ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യലിലെ പ്രധാന സംഘാടകനും  ഇയാളായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച മഠം കൂടിയാണിത്.

എന്നാല്‍ കര്‍ണ്ണാടകയിലെ ഇടതുപക്ഷവും പുരോഗമന ശക്തികളും വലിയ രീതിയിലുള്ള പ്രചരണപരിപാടികളായിരുന്നു നടത്തിപ്പോന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാം റെഡ്ഢി ജയില്‍വാസമനുഭവിക്കുന്ന സാഹചര്യം പോലുമുണ്ടായി. ഇതിനെയെല്ലാം തുടര്‍ന്ന് വിശ്വാസികള്‍ക്കിടയില്‍ തന്നെ ഈ അനാചാരത്തിനെതിരെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. 



deshabhimani section

Related News

View More
0 comments
Sort by

Home