ബുലന്ദ‌്ശഹർ ആക്രമണം ജവാൻ പിടിയിൽ; മുഖ്യപ്രതികൾ ഒളിവിൽ

ബുലന്ദ‌്ശഹർ > ഇൻസ‌്പെക്ടർ സുബോധ‌്കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കരസേനാ ജവാനെ സൈന്യം പിടികൂടി. ജമ്മു കശ‌്മീരിലെ സോപോറിൽ 22 രാഷ്ട്രീയ റൈഫിൾസ‌് വിഭാഗമാണ‌് ജിതേന്ദ്ര മല്ലിക‌് (‘ജീത്തു ഫൗജി’)നെ തടവിലാക്കിയത‌്. സുബോധ‌്കുമാർ വധക്കേസ‌് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ വിഭാഗം (എസ‌്ഐടി) ഇയാളെ കസ‌്റ്റഡിയിലെടുക്കാൻ സോപോറിലേക്ക‌് തിരിച്ചു.
ബുലന്ദ‌്ശഹറിലെ ചിങ‌്‌റാവഡി സ്വദേശിയാണ‌് ജിതേന്ദ്ര മല്ലിക‌്. ഇൻസ‌്പെക്ടർ കൊല്ലപ്പെട്ട ദിവസം ഇയാൾ അവധിയിൽ നാട്ടിലുണ്ടായിരുന്നു. സംഘപരിവാർ പ്രവർത്തകർ ഇൻസ‌്പെക്ടറെ ആക്രമിക്കുന്നതിന്റെ മിക്ക വീഡിയോ ദൃശ്യങ്ങളിലും ജിതേന്ദ്ര മല്ലിക‌് ഉണ്ട‌്. മല്ലിക‌് തോക്കുമായി നീങ്ങുന്നതാണ‌് ദൃശ്യങ്ങൾ. ഇൻസ്‌പെക്ടറെ വെടിവച്ചത‌് മല്ലിക‌് ആണോയെന്ന‌് പൊലീസ‌് പരിശോധിക്കും.
ചിങ‌്‌റാവഡിയിൽ ഇൻസ‌്പെക്ടർ അടക്കം രണ്ടുപേർ കൊല്ലപ്പെട്ട അക്രമത്തിനു പിന്നാലെ ജിതേന്ദ്ര മല്ലിക് സോപോറിലെ ജോലിസ്ഥലത്തേക്ക‌് മടങ്ങി. പൊലീസിൽനിന്ന‌് വിവരം ലഭിച്ചതിനെ തുടർന്നാണ‌് ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കാനെത്തിയ മല്ലികിനെ സൈന്യം തടവിലാക്കിയത‌്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ‌് വിശദമാക്കുമെന്ന‌് സൈന്യം അറിയിച്ചു.
അതിനിടെ, ബുലന്ദ‌്ശഹർ ആക്രമണത്തിന്റെ ഭാഗമായ നടപടിയെന്ന നിലയിൽ മൂന്ന‌് പൊലീസ‌് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആക്രമണത്തിൽ ഉൾപ്പെട്ട യോഗേഷ‌് രാജ‌് അടക്കമുള്ള സംഘപരിവാർ നേതാക്കളെ പിടികൂടിയിട്ടില്ല. സംഭവനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇന്റലിജൻസിന‌് വീഴ‌്ച സംഭവിച്ചതായും എഡിജി (ഇന്റലിജൻസ‌്) എസ‌് പി ശിരോദ‌്കർ റിപ്പോർട്ട‌് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ‌് മൂന്ന‌് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം. ബുലന്ദ‌്ശഹർ എസ‌്എസ‌്പി കൃഷ‌്ണ ബഹാദൂർ സിങ്ങിനെ ലഖ‌്നൗവിൽ ഡിജിപി ആസ്ഥാനത്തേക്ക‌് മാറ്റി. സിയാന സർക്കിൾ ഓഫീസർ സത്യപ്രകാശ‌് ശർമയെ മൊറാദാബാദ‌് പൊലീസ‌് ട്രെയ‌്നിങ‌് ക്യാമ്പിലേക്ക‌് മാറ്റി. ചിങ‌്‌റാവഡി പൊലീസ‌് പോസ‌്റ്റിന്റെ ചുമതലയുണ്ടായിരുന്ന സുരേഷ‌് കുമാറിനെയും മാറ്റിയിട്ടുണ്ട‌്.
ഇൻസ‌്പെക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ നാലുപേരെ മാത്രമാണ‌് പൊലീസ‌് അറസ‌്റ്റുചെയ‌്തത‌്. എന്നാൽ, സംഘപരിവാർ പ്രവർത്തകരും മുഖ്യ ആസൂത്രകരുമായ യോഗേഷ‌് രാജ‌്, ശിഖർ അഗർവാൾ, ഉപേന്ദ്ര രാഘവ‌് എന്നിവരെ പിടികൂടിയിട്ടില്ല. സുബോധ‌്കുമാറാണ‌് പ്രശ‌്നങ്ങൾ സൃഷ്ടിച്ചതെന്നാണ‌് സംഘപരിവാർ വാദം. ബുലന്ദ‌്ശഹർ എംപി ഭോലാ സിങ്ങും സിയാന എംഎൽഎ ദേവീന്ദർ സിങ‌് ലോധിയും പ്രതികൾക്ക‌് പരസ്യപിന്തുണ പ്രഖ്യാപിച്ചു. ഇൻസ‌്പെക്ടറുടെ മരണത്തേക്കാൾ ഗോഹത്യക്ക‌് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനാകും മുൻഗണനയെന്ന‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌് ഉൾപ്പെടെ പ്രഖ്യാപിച്ചു. ഇൻസ‌്പെക്ടറുടെ മരണം അബദ്ധത്തിൽ സംഭവിച്ചുവെന്നാണ‌് മുഖ്യമന്ത്രിയുടെ വാദം.
ചിങ‌്‌റാവഡിക്കടുത്ത‌് മഹാവ‌് ഗ്രാമത്തിലെ കരിമ്പുപാടത്ത‌് പശുക്കളെ കൊന്നുവെന്ന കുറ്റത്തിന‌് 11 ഉം 12 ഉം വയസ്സുമാത്രമുള്ള രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ‌് കേസെടുത്തത‌്. ഇവരിൽ ഒരാൾ ഇടതുകാൽ മുട്ടിനുതാഴെ നഷ്ടമായ ഭിന്നശേഷിക്കാരനാണ‌്. ഇൻസ‌്പെക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യോഗേഷിന്റെ പരാതിപ്രകാരമാണ‌് ഗോഹത്യാ കുറ്റത്തിന‌് ഏഴുപേർക്കെതിരെ കേസെടുത്തിട്ടുള്ളത‌്.









0 comments