ഹിന്ദുത്വ പ്രചാരണത്തിന‌് ഒത്താശ: ഫെയ‌്സ‌്ബുക്കും വാട‌്സാപ്പും പ്രതിക്കൂട്ടിൽ

ന്യൂഡൽഹി
ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയ പ്രചാരണത്തിന‌് ഫെയ‌്സ‌്ബുക്കും വാട‌്സാപ്പും സഹായവും ഒത്താശയും നൽകുന്നതായി പഠനറിപ്പോർട്ട‌്. ഓൺലൈൻ മാധ്യമമായ ‘ന്യൂസ്‌ക്ലിക്ക‌്’ നടത്തിയ ഗവേഷണത്തിലാണ‌് ഞെട്ടിപ്പിക്കുന്ന വസ‌്തുതകൾ. 2014ലെ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോഡിക്ക‌് ഫെയ‌്സ‌്ബുക്കിന്റെ സഹായം ലഭിച്ചിരുന്നു. 2019ൽ ഈ പിന്തുണ വർധിച്ചതോതിൽ നൽകാനാണ‌് പദ്ധതി. കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരായ അഴിമതികളുടെ വിവരങ്ങൾ പ്രചരിക്കുന്നത‌് പരമാവധി തടയുക, വർഗീയധ്രുവീകരണവും വിദ്വേഷവും സൃഷ്ടിക്കുന്നവിധത്തിലുള്ള പ്രചാരണം തീവ്രമായതോതിൽ നടത്തുക എന്നിവ സാധ്യമാക്കാനാണ‌് ഫെയ‌്സ‌്ബുക്കും വാട‌്സാപ്പും ഇന്ത്യയിൽ പ്രവർത്തനരീതി ക്രമീകരിച്ചിരിക്കുന്നതെന്ന‌് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ ഫെയ‌്സ‌്ബുക്കിന‌് 22 കോടിയും വാട‌്സാപ്പിന‌് 20 കോടിയും ഉപയോക്താക്കളുണ്ട‌്.
ജനവിധിതന്നെ അട്ടിമറിക്കാൻ കഴിയുന്ന വിധത്തിലുള്ള നുണപ്രചാരണം രണ്ട‌് മാധ്യമങ്ങൾ വഴിയും നടത്താൻ കഴിയുമെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് തെരഞ്ഞെടുപ്പ‌് തെളിയിച്ചിട്ടുണ്ട‌്.ബിജെപി അധ്യക്ഷൻ അമിത‌് ഷാ തെരഞ്ഞെടുപ്പ‌് കമീഷന‌് സ്വത്ത‌് വിവരങ്ങൾ തെറ്റായി നൽകിയെന്ന വാർത്ത ഫെയ‌്സ‌്ബുക്കിൽ പ്രമോട്ട‌് ചെയ്യാൻ ‘ദ കാരവൻ’ മാസിക കഴിഞ്ഞ ആഗസ‌്ത‌് 10ന‌് അപേക്ഷ നൽകിയിരുന്നു. തുടർച്ചയായി കാരവൻ അധികൃതർ ശ്രമിച്ചിട്ടും ഫെയ‌്സ‌്ബുക്ക‌് കമ്പനി പ്രതികരിച്ചില്ല. 11 ദിവസത്തിനുശേഷം ഫെയ‌്സ‌്ബുക്ക‌് അനുമതി നൽകിയെങ്കിലും ആ വാർത്ത പുതിയ വിവാദങ്ങളിൽ മുങ്ങി. അതേസമയം മോഡിസർക്കാരിനെതിരെ പോസ‌്റ്റുകൾ ഇട്ട മാധ്യമപ്രവർത്തകരായ പ്രേമ നേഗി, അജയ‌് പ്രകാശ‌്, റിഫാത‌് ജാവേദ‌് എന്നിവരുടെ അക്കൗണ്ടുകൾ ഉടനെ തടഞ്ഞു. ‘ബോൽതാ ഹിന്ദുസ്ഥാൻ’, ‘കാരവൻ ഡെയ‌്‌ലി’ എന്നിവയിലെ ഒട്ടേറെ മാധ്യമപ്രവർത്തകർക്കും ഇതേ അനുഭവം നേരിടേണ്ടിവന്നു. മോഡിസർക്കാരിനെ തുറന്നുകാണിക്കുന്ന, ദേശീയമാധ്യമങ്ങളിലെ സാമൂഹിക–-രാഷ്ട്രീയവിമർശന പരിപാടികളുടെ പ്രചാരണത്തോടും
ഫെയ‌്സ‌്ബുക്ക‌് അധികൃതർ നിഷേധാത്മക നിലപാട‌് സ്വീകരിച്ചു.
വാട‌്സാപ‌് ആഗോളമേധാവി ക്രിസ‌് ഡാനിയേൽ ഇന്ത്യ സന്ദർശിച്ചപ്പോൾ പറഞ്ഞത‌് ഇന്ത്യയിലെ 90 ശതമാനം വാട‌്സാപ്ഗ്രൂപ്പുകളിലും അംഗങ്ങളുടെ എണ്ണം പത്തിൽ താഴെയാണെന്നാണ‌്. അമിത‌് ഷാ ഇക്കഴിഞ്ഞ സെപ‌്തംബർ 22 ന‌് രാജസ്ഥാനിലെ കോട്ടയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ‌്. ഉത്തർപ്രദേശിൽമാത്രം ബിജെപിക്ക‌് രണ്ട‌് വാട‌്സാപ‌്ഗ്രൂപ്പുകളിലായി 32 ലക്ഷം അംഗങ്ങളുണ്ടെന്ന‌് അമിത‌് ഷാ പറഞ്ഞു. ‘വാർത്ത, അത‌് ശരിയാണെങ്കിലും തെറ്റാണെങ്കിലും കഴിയുന്നത്ര പ്രചരിക്കണം’ എന്നതാണ‌് ബിജെപിയുടെ ലക്ഷ്യമെന്നും ഉദാഹരണസഹിതം അമിത‌് ഷാ വിശദീകരിച്ചിരുന്നു.ഫെയ‌്സ‌്ബുക്ക‌് ഇന്ത്യമേധാവി അടക്കമുള്ളവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ‌് ‘ന്യൂസ‌്ക്ലിക്ക‌്’ റിപ്പോർട്ട‌് തയ്യാറാക്കിയത‌്.









0 comments