ഡിജിറ്റൽ ഇന്ത്യയും പാളി; നഷ്ടം 11000 കോടി

ന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയും ലക്ഷ്യം കാണാതെ പാളുന്നു. രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ 2016 ഡിസംബറോടെ ബ്രോഡ‌്ബാൻഡ‌് ഇന്റർനെറ്റ‌് കണക്ഷൻ എത്തിക്കുകയെന്നതായിരുന്നു പ്രധാനപദ്ധതിയായ ‘ഭാരത‌്നെറ്റി’ന്റെ ലക്ഷ്യം. എന്നാൽ 2018 പിന്നിടാൻ ഒരു മാസം മാത്രം ശേഷിക്കെ രണ്ടര ശതമാനം ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ‌് ബ്രോഡ‌്ബാൻഡ‌് കണക്ഷൻ എത്തിക്കാനായത‌്. 11000 കോടി രൂപ മുതൽമുടക്കിയ പദ്ധതി എങ്ങുമെത്താത്തതിൽ വമ്പൻ അഴിമതിയും ആരോപിക്കപ്പെടുന്നു.
‘ഭാരത‌്നെറ്റ‌്’ പദ്ധതി പ്രകാരം 2018 ഒക്ടോബർ വരെ 5010 ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ‌് ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ബ്രോഡ‌്ബാൻഡ‌് കണക്ഷൻ എത്തിച്ചത‌്. 56700 പഞ്ചായത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ എത്തിച്ചു. ആറുമാസത്തേക്ക‌് മാത്രമുള്ള താൽകാലിക കണക്ഷനാണിത‌്. ബിജെപി ഭരിക്കുന്ന യുപി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ‌്, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒരു പഞ്ചായത്തിൽ പോലും കണക്ഷനില്ല. ജമ്മു കാശ‌്മീർ, ആന്ധ്രപ്രദേശ‌് എന്നിവിടങ്ങളിലും കണക്ഷനില്ല.
കേരളത്തിൽ 546 പഞ്ചായത്തുകളിൽ ബ്രോഡ‌്ബാൻഡ‌് കണക്ഷനുണ്ട‌്. കർണാടക–- 2290, തമിഴ‌്നാട‌്–- 08, തെലങ്കാന–- 90, മഹാരാഷ്ട്ര–- 720, മധ്യപ്രദേശ‌്–- 441, ഛത്തിസ‌്ഗഢ‌്–- 262, ഗുജറാത്ത‌്–- 35, ബംഗാൾ–- 117, അസം–- 421, ഒഡീഷ–- 04, വടക്കുകിഴക്കൻ മേഖല–- 28, ജാർഖണ്ഡ‌്–- 06, ബിഹാർ–- 42 എന്നിങ്ങനെയാണ‌് മറ്റ‌് സംസ്ഥാനങ്ങളിൽ ബ്രോഡ‌്ബാൻഡ‌് കണക്ഷനുള്ള പഞ്ചായത്തുകളുടെ എണ്ണം.
2014 ൽ മോഡി അധികാരത്തിൽ വന്നപ്പോൾ കൊട്ടിഘോഷിച്ച‌് പ്രഖ്യാപിച്ചതാണ‌് ഡിജിറ്റൽ ഇന്ത്യ. യുപിഎ സർക്കാർ നടപ്പാക്കി വന്നിരുന്ന ദേശീയ ഒപ‌്റ്റിക്കൽ ശൃംഖലാ പദ്ധതി പേരുമാറ്റി ഡിജിറ്റൽ ഇന്ത്യ ആക്കുകയായിരുന്നു. ടെലികോം വകുപ്പിനാണ‌് മേൽനോട്ട ചുമതല. ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ‌്ബാൻഡ‌് കണക്ഷൻ എത്തിക്കുന്ന ഭാരത‌്നെറ്റ‌് പദ്ധതിയുടെ ആസൂത്രണം, പശ‌്ചാത്തലസൗകര്യം ഒരുക്കൽ എന്നിവയുടെ ഉത്തരവാദിത്തം ഭാരത‌്ബ്രോഡ‌്ബാൻഡ‌് നെറ്റ‌്‌വർക്ക‌് ലിമിറ്റഡിനും (ബിബിഎൻഎൽ), ബിഎസ‌്എൻഎല്ലിനുമാണ‌്. തടസ്സമില്ലാതെ പണം ലഭിക്കുന്നതിന‌് സാർവത്രിക സേവനബാധ്യതാനിധിക്കും (യുഎസ‌്ഒഎഫ‌്) രൂപം നൽകി.
ലക്ഷ്യം പാളിയതോടെ ‘ഭാരത‌്നെറ്റ‌്’ പദ്ധതിയുടെ സമയപരിധി 2019 മാർച്ച‌് 31ലേക്ക‌് നീട്ടി. ഇപ്പോഴത്തെ രീതിയിൽ കാര്യങ്ങൾ നീങ്ങിയാൽ ഈ ലക്ഷ്യവും പൂർത്തീകരിക്കപ്പെടില്ലെന്ന‌് ടെലികോം വിദഗ‌്ധർ അഭിപ്രായപ്പെടുന്നു.
സ്വച‌്ഛ‌് ഭാരത‌്, ഗംഗാ ശുദ്ധീകരണം, ബേഠി ബച്ചാവോ ബേഠി പഠാവോ, വിള ഇൻഷുറൻസ‌് പദ്ധതി, നോട്ടുപിൻവലിക്കൽ, തിരക്കിട്ടുള്ള ജിഎസ‌്ടി നടപ്പാക്കൽ തുടങ്ങി മോഡി സർക്കാരിന്റ പാളിയ പദ്ധതികളുടെ പട്ടികയിലേക്ക‌് ഡിജിറ്റൽ ഇന്ത്യയും ഉൾപ്പെടുകയാണ‌്.









0 comments