സ്‌ത്രീക്കും പുരുഷനും വെവ്വേറേ ദൈവങ്ങളുണ്ടോയെന്ന് ബിജെപിയോട് സിദ്ധരാമയ്യ; ശബരിമല വിവാദം രാഷ്‌ട്രീയ നേട്ടത്തിന്

ബംഗളുരു> ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ വിവാദമാക്കി ബിജെപി കേരളത്തിൽ രാഷ്‌ട്രീയം കളിക്കുകയാണെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.
ഇത്തരം വൈകാരിക വിഷയങ്ങൾ കത്തിച്ച് രാഷ്‌ട്രീയ നേട്ടം കൊയ്യാനും ജനങ്ങളെ തമ്മിൽ വിഭജിപ്പിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ഒരുവിധത്തിലുമുള്ള സാമൂഹ്യ നീതിയും ബിജെപി മുന്നോട്ടുവെയ്‌ക്കുന്നില്ല. മുത്തലാഖിനെതിരായ സുപ്രീംകോടതി വിധിയെ മഹത്തായ നേട്ടമെന്ന് പറഞ്ഞവരാണ് ശബരിമലയിൽ സ്‌ത്രീകൾ കയറുന്നതിനെതിരെ പ്രതിഷേധിക്കുന്നത്.
ക്ഷേത്രങ്ങളിൽ പോകാനും ആരാധിക്കാനും സ്‌ത്രി പുരുഷ ഭേദമെന്യേ എല്ലാവർക്കും അവകാശമുണ്ട്. സ്‌ത്രീക്കും പുരുഷനും വ്യത്യസ്‌ത ദൈവങ്ങളുണ്ടോയെന്നും സിദ്ധരാമയ്യ ചോദിച്ചു
ശബരിമല സ്‌ത്രീ പ്രവേശനം പോലുള്ള വൈകാരിക വിഷയങ്ങളിൽ വിവാദങ്ങൾ പടർത്തി ജനങ്ങൾക്കിടയിൽ ഭീതിയും ഭിന്നതയും സൃഷ്‌ടിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കരുതുന്നത്. ശബരിമലയുടെ പേരിൽ ഇത്രയും പ്രശ്‌നങ്ങൾ കേരളത്തിലവർ ഉണ്ടാക്കിയിട്ടും ഇതൊന്നും അറിഞ്ഞില്ലെന്ന് നടിച്ച് കേന്ദ്രം അനങ്ങാതിരിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.









0 comments