ഋതുമതിയായതിനാല്‍ വീടിന് പുറത്തുകിടത്തിയ 14കാരി മരംവീണ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2018, 02:31 AM | 0 min read

ചെന്നൈ > ഋതുമതിയായതിനെ തുടര്‍ന്ന് വീടിനു പുറത്ത് കിടത്തിയ പെണ്‍കുട്ടി വീട്ടുമുറ്റത്തെ മരം ഒടിഞ്ഞുവീണ് മരിച്ചു. തഞ്ചാവൂരിന് സമീപം ആനൈക്കാട് സ്വദേശിയായ 14വയസുകാരി വിജയ ആണ് ദാരുണമായി മരണപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു വിജയ. നവംബര്‍ 16നായിരുന്നു സംഭവം.

പെണ്‍കുട്ടിയെ വീടിനു പുറത്ത് പ്രത്യേക കൂരയുണ്ടാക്കിയാണ് താമസിപ്പിച്ചിരുന്നത്. ഋതുമതി സമയത്ത്‌ 'അശുദ്ധ'യാണെന്ന് പറഞ്ഞായിരുന്നു ഈ പുറത്താക്കല്‍. ഏറെ നാശംവിതച്ച ഗജ ചുഴലിക്കാറ്റിനെ കുറിച്ച് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയിരുന്നു.

16ന് രാത്രിയില്‍ പുതുക്കോട്ടയിലും പരിസരപ്രദേശങ്ങളിലും വീശിയ ചുഴലിക്കാറ്റ് ഏറെ നാശനഷ്‌ടങ്ങള്‍ വിതച്ചിരുന്നു. ഈ സമയത്ത് വീടിനു മുന്നില്‍ നിന്നിരുന്ന തെങ്ങ് ഒടിഞ്ഞ് പെണ്‍കുട്ടി കിടന്ന കൂരയ്‌‌‌ക്ക് മുകളിലേക്ക് വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.

പുറത്ത് അതിശക്തമായ മഴയും കാറ്റുമായതിനാല്‍ കുട്ടിയുടെ കരച്ചില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നവര്‍ കേട്ടതുമില്ല. പിറ്റേദിവസം രാവിലെ നാശനഷ്‌ടങ്ങളറിയാന്‍ വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് പെണ്‍കുട്ടി താമസിച്ചിരുന്ന കൂരയടക്കം തകര്‍ന്നു കിടക്കുന്നത് കണ്ടത്. മരച്ചില്ലകള്‍ വെട്ടിമാറ്റിയാണ് പെണ്‍കുട്ടിയുടെ ശരീരം പുറത്തെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Home