തൃപ‌്തിക്ക‌് മഹാരാഷ‌്ട്രയിൽ സംഘപരിവാർ സംരക്ഷണം

ന്യൂഡൽഹി
ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ തൃപ‌്തി ദേശായിക്ക‌് മഹാരാഷ്ട്രയിൽ സംഘപരിവാറിന്റെ പൂർണ സംരക്ഷണം. കൊച്ചിയിലിറങ്ങിയ തൃപ‌്തി ദേശായിയെ സംഘപരിവാർ തടയാനെത്തിയപ്പോൾ, ഇവിടുത്തേക്കാൾ കൂടുതൽ സംഘപരിവാറുകാരുള്ള പുണെയിൽ അവരുടെ കേരളയാത്രയ‌്ക്ക‌് ഒരു തടസ്സവും ഉണ്ടായില്ല. ദിവസങ്ങൾക്കു മുന്നേ പ്രഖ്യാപിച്ചിട്ടും തൃപ‌്തിയുടെ യാത്രയെ ആർഎസ‌്എസിന്റെ കേന്ദ്ര നേതാക്കളാരും വിമർശിച്ചതുമില്ല.
പുണെയിൽ ഇവരുടെ വീടിനു മുന്നിലോ ഓഫീസിന‌് മുന്നിലോ വെള്ളിയാഴ‌്ച ഉച്ചവരെ ഒരു പ്രതിഷേധവുമുണ്ടായില്ല. പുണെയിൽനിന്ന‌് വിമാനമാർഗം വെള്ളിയാഴ‌്ച പുലർച്ചെ കേരളത്തിലെത്തുമെന്ന‌് തൃപ‌്തി മാധ്യമങ്ങളോട‌് പറഞ്ഞിരുന്നു. യാത്രാവിവരം നേരത്തെ ലഭിച്ചിട്ടും അവിടെയെങ്ങും ആരും തടഞ്ഞില്ലെന്നത‌് ശ്രദ്ധേയമാണ‌്. തൃപ‌്തി കൊച്ചിയിലെത്തി തിരിച്ചുപോകാൻ തയാറായ ഘട്ടത്തിൽ ചില മലയാളികൾ അടങ്ങുന്ന പരിവാർ സംഘം പുണെയിലെ ഇവരുടെ ഓഫീസിന‌് മുന്നിൽ പ്രതിഷേധ പ്രഹസനം നടത്തി.
തൃപ‌്തിയുടെ ഭൂമാതാ രൻരംഗിണി പുണെ കേന്ദ്രീകരിച്ച‌് പ്രവർത്തിക്കുന്ന ഹിന്ദു സംഘടനയാണ‌്. സ‌്ത്രീസമത്വം, അഴിമതി, കർഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടാനാണ‌് ഭൂമാതാ രൂപീകരിച്ചതെന്ന‌് തൃപ‌്തി അവകാശപ്പെടുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ‌് നേതൃത്വവുമായും സംഘപരിവാർ നേതൃത്വവുമായും അടുത്ത ബന്ധമാണ‌് വർഷങ്ങളായി ഇവർക്കുള്ളത‌്.
മഹാരാഷ്ട്ര–-കർണാടക അതിർത്തിയിലെ നിപാനിയിൽ ജനിച്ച തൃപ‌്തി പഠനത്തിനായാണ‌് പുണെയിലെത്തിയത‌്. ചേരി നിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ക്രാന്ത്രിവീർ ജോപ‌്ഡി വികാസ‌് സംഘ‌് എന്ന സംഘടനയിലാണ‌് തുടക്കത്തിൽ പ്രവർത്തനം. മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ‌് നേതാവുമായ പരങ‌്റാവു കദം അവരെ കോൺഗ്രസിലേക്ക‌് കൊണ്ടുവന്നു. 2012 ൽ തദ്ദേശതെരഞ്ഞെടുപ്പിൽ ബാലാജിവാർഡിൽ കോൺഗ്രസ‌് ടിക്കറ്റിൽ മൽസരിച്ചെങ്കിലും ജയിച്ചില്ല.
ഭൂമാതാ ബ്രിഗേഡിന‌് രൂപം നൽകിയ തൃപ‌്തി പിന്നീട‌് ആരാധനാലയങ്ങളിലെ സ‌്ത്രീപ്രവേശനത്തിനായി പ്രവർത്തിച്ചു. പുണെയിലെ ദങ്കാവാഡിയിൽ കാവിപൂശിയ ഗുരുകൃപയെന്ന കെട്ടിടത്തിലാണ‌് ഭൂമാതാ ബ്രിഗേഡിന്റെ ഓഫീസ‌്. ബിജെപി അധ്യക്ഷൻ അമിത‌് ഷായുടെ വിശ്വസ‌്തനും മഹാരാഷ്ട്ര ധനമന്ത്രിയുമായ സുധീർ മുംഗന്തിവാർ, കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ‌് ചൗഹാൻ തുടങ്ങിയവരുടെ ചിത്രങ്ങൾ ഓഫീസിൽ തൂക്കിയിട്ടുണ്ട‌്. കോലാപ്പൂരിലെ ഗഗൻഗിരി മഹാരാജ‌് എന്ന ആൾദൈവത്തിന്റെ അനുയായി കൂടിയാണ‌് തൃപ‌്തി.
അഹമദ‌്നഗറിലെ ശനി ശിഖ‌്നാപ്പുർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളിൽ സ‌്ത്രീ പ്രവേശനം അനുവദിച്ചുള്ള ബോംബെ ഹൈക്കോടതിവിധി നടപ്പാക്കുന്നതിന‌് ഭൂമാതാ ബ്രിഗേഡ‌് ശക്തമായി രംഗത്തുവന്നു. നാസിക്കിലെ ത്രയമ്പകേശ്വർ ക്ഷേത്രം, കോലാപ്പൂരിലെ മഹാലക്ഷ‌്മി ക്ഷേത്രം, മുംബൈയിലെ ഹാജി അലി ദർഗ തുടങ്ങിയ ആരാധനാലയങ്ങളിൽ സ‌്ത്രീപ്രവേശനത്തിനായി തൃപ‌്തിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു. ശനി ക്ഷേത്രമടക്കം പലയിടങ്ങളിലും വലിയ പ്രതിഷേധവും ആക്രമണശ്രമവും തൃപ‌്തിക്ക‌് നേരെയുണ്ടായി. ഈ ഘട്ടത്തിൽ തൃപ‌്തിക്ക‌് എല്ലാ പിന്തുണയും ആർഎസ‌്എസും സംഘപരിവാറും നൽകി. സ‌്ത്രീകളുടെ ക്ഷേത്രപ്രവേശന സമരങ്ങളിലൂടെ ആർഎസ‌്എസ‌് തലവൻ മോഹൻ ഭാഗവത‌്, ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ‌്നവിസ‌് തുടങ്ങിയ സംഘപരിവാർ നേതാക്കളുമായി അടുത്ത ബന്ധം തൃപ‌്തി നേടിയെടുത്തു. ശനിക്ഷേത്രത്തിൽ ഭൂമാതാ ബ്രിഗേഡ‌് ആയിരക്കണക്കിന‌് സ‌്ത്രീകളെ അണിനിരത്തി നടത്തിയ സമരത്തിന‌് സംഘപരിവാറിന്റെ സാമ്പത്തിക സഹായമടക്കം ലഭിച്ചതായി വിവരമുണ്ട‌്.
ശനി ക്ഷേത്രത്തിൽ തൃപ‌്തിയും കൂട്ടരും സമരം നടത്തിയ ഘട്ടത്തിൽ ജോധ‌്പുരിലെ നഗൗറിൽ 2016ൽ ചേർന്ന ആർഎസ‌്എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭ സ‌്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയം ചർച്ചചെയ‌്ത‌് അനുകൂല നിലപാടെടുത്തു. അന്യായ ആചാരങ്ങളുടെ പേരിൽ ചില ക്ഷേത്രങ്ങളിൽ സ‌്ത്രീകളെ പ്രവേശിപ്പിക്കാത്ത സാഹചര്യമുണ്ടെന്നും ഈ ചിന്താഗതി മാറ്റിയെടുക്കണമെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ആർഎസ‌്എസിന്റെയും ബിജെപി സർക്കാരിന്റെയും പിന്തുണ ലഭിച്ചതോടെ തൃപ‌്തിയുടെ സമരങ്ങൾ വിജയിച്ചു. ആർഎസ‌്എസിൽ സ‌്ത്രീകൾക്ക‌് അംഗത്വം നൽകണമെന്ന ആവശ്യം ഇടക്കാലത്ത‌് തൃപ‌്തി ഉന്നയിച്ചിരുന്നു. തൃപ‌്തിയുമായി ചർച്ചയ‌്ക്ക‌് സന്നദ്ധമാണെന്ന‌് മോഹൻ ഭാഗവത‌് പ്രതികരിക്കുകയും ചെയ‌്തു. ആർഎസ‌്എസ‌് നടത്തിയ അനുനയ ശ്രമത്തെ തുടർന്ന‌് ഈയാവശ്യത്തിൽ നിന്ന‌് തൃപ‌്തി പിന്നീട‌് പിൻവാങ്ങി.









0 comments