തമിഴ്നാട്ടില്‍ സിപിഐ എം ഡിഎംകെ സഖ്യത്തിൽ

ന്യൂഡൽഹി
തമിഴ‌്നാട്ടിൽ ഡിഎംകെയുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
“കേന്ദ്രത്തിൽ ബിജെപിയെയും തമിഴ‌്നാട്ടിൽ എഐഎഡിഎംകെയെയും പരാജയപ്പെടുത്തുക’ എന്നതാണ‌് മുദ്രാവാക്യം. സംസ്ഥാനതലത്തിൽ തെരഞ്ഞടുപ്പ് സഖ്യങ്ങൾ രൂപീകരിച്ചുവരികയാണ‌്. തെലങ്കാനയിൽ സിപിഐ എം ബഹുജൻ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിക്കുന്നത‌് പാർടിനയത്തിന്റെ അടിസ്ഥാനത്തിൽത്തന്നെയാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ‌് ഹൈദരാബാദ‌് പാർടി കോൺഗ്രസ‌് അംഗീകരിച്ച നിലപാട‌്. തെലങ്കാനയിൽ ബിജെപി ശക്തിയല്ല. അതേസമയം നാലരവർഷമായി ടിആർഎസ‌് സർക്കാരിനെതിരെ ബഹുജൻ ഇടതുമുന്നണി തുടർച്ചയായ പ്രക്ഷോഭത്തിലാണ്. കർഷകരുടെയും ദളിത‌്–-ആദിവാസി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ആവശ്യങ്ങൾ ഉയർത്തിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ‌് തെരഞ്ഞെടുപ്പിനെയും കാണുന്നത്.
“സംസ്ഥാനത്ത‌് തൃണമൂൽ കോൺഗ്രസിനെയും രാജ്യത്ത‌് ബിജെപിയെയും തോൽപ്പിക്കുക’ എന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പശ‌്ചിമബംഗാളിൽ സിപിഐ എം നിലപാടെന്നും -യെച്ചൂരി വാര്‍ത്താസമ്മേളത്തില്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയെ നിശ്ചയിക്കേണ്ടത‌് ലോക‌്സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ്.
ഇന്ത്യയിൽ പ്രസിഡൻഷ്യൽ സമ്പ്രദായമല്ല. എംപിമാരെ തെരഞ്ഞെടുത്തശേഷം കക്ഷികളുടെ അംഗബലം നോക്കിയാണ‌് സർക്കാർ രൂപീകരിക്കേണ്ടത‌്–-യെച്ചൂരി പറഞ്ഞു.









0 comments