ഗോവ ബിജെപിയിൽ കലാപം

മഡ‌്ഗാവ‌്
ഗോവ ബിജെപിയിൽ കലാപക്കൊടിയുയർത്തി മുൻ മുഖ്യമന്ത്രി ലക്ഷ‌്മി കാന്ത‌് പർസേക്കർ. ബിജെപി സംസ്ഥാന അധ്യക്ഷൻ വിനയ‌് തെണ്ടുൽക്കറെ മാറ്റണമെന്ന ആവശ്യവുമായി പർസേക്കർ പരസ്യമായി രംഗത്തെത്തിയത‌് കേന്ദ്രനേതൃത്വത്തെ വെട്ടിലാക്കി. അനാരോഗ്യം മൂലം മുഖ്യമന്ത്രി മനോഹർ പരീക്കർ സജീവമായി രംഗത്തില്ലാത്തത‌് മുതലെടുക്കാൻ കോൺഗ്രസ‌് ശ്രമിക്കുന്നതിനിടെയാണ‌് ബിജെപിയിൽ ചേരിപ്പോര‌്.
സ്വന്തംനിലയ‌്ക്ക‌് തീരുമാനമെടുക്കാൻ പ്രാപ‌്തിയില്ലാത്ത അധ്യക്ഷൻ രാജിവയ‌്ക്കണമെന്നും പാർടിയുടെ നന്മ മുൻനിർത്തിയാണ‌് തന്റെ ആവശ്യമെന്നും പർസേക്കർ പ്രതികരിച്ചു. പാവയായ വിനയ‌് തെണ്ടുൽക്കറെ അധ്യക്ഷസ്ഥാനത്തുനിന്ന‌് നീക്കാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ ഉപമുഖ്യമന്ത്രി ഫ്രാൻസിസ‌് ഡിസൂസയുടെ വസതിയിൽചേർന്ന പാർടി നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു പർസേക്കറുടെ പരസ്യ പ്രതികരണം. കഴിഞ്ഞയാഴ‌്ച ഗോവ പിസിസി പ്രസിഡന്റ‌് ഗിരീഷ‌് ചോഡങ്കറുമായി പർസേക്കർ ചർച്ച നടത്തിയത‌് നേരത്തെ വിവാദത്തിന‌് തിരികൊളുത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ പർസേക്കറെ സ്ഥാനാർഥിയാക്കാനുള്ള നിർദേശം കോൺഗ്രസ‌് മുന്നോട്ടുവച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട‌്ചെയ‌്തിരുന്നു.









0 comments