ഹരിയാനയിൽ റോഡ് ഗതാഗതം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രക്ഷോഭം; സിപിഐ എം സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ഛണ്ഡീഗഡ് > റോഡ് ഗതാഗത സൗകര്യങ്ങളെ പൂർണമായും സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരായ സമരത്തെ തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സുരേന്ദർ സിങ്ങ് ഉൾപ്പെടെയുള്ളവരെ ബിജെപി സർക്കാർ അറസ്റ്റ് ചെയ്തു. സ്വകാര്യ ബസുകളെ സർക്കാർ വാടക കൊടുത്ത് നിരത്തിലിറക്കാനുള്ള നീക്കത്തിനെതിരെ ഒക്ടോബർ 16 മുതൽ സംസ്ഥാനത്തെ ഏഴ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്.

ഹരിയാനയിൽ 14,000 ബസുകൾ വേണമെന്നിരിക്കെ ആ സ്ഥാനത്ത് സ്വകാര്യ ബസുകളെ വാടകയ്‌ക്ക് ഇറക്കി പ്രശ്നം പരിഹരിക്കാനാണ് മനോഹർ ലാൽ ഘട്ടാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ശ്രമം. ഈ നീക്കത്തെ എതിർത്ത തൊഴിലാളി സംഘടനകൾ ഇത്രയും ബസുകൾ സർക്കാർ നിരത്തിലിറക്കുക വഴി 80,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സ്വകാര്യ വൽക്കരണ നീക്കവുമായി മുന്നോട്ടുപോയ സർക്കാരിനെ ഞെട്ടിച്ചുകൊണ്ടാണ് ഒക്ടോബർ 26ന് സംസ്ഥാനത്തെ പൊതുമേഖലാ ജീവനക്കാർ ഐക്യദാർഢ്യ സമരം നടത്തിയത്. ഈ സമരത്തിൽ 2 ലക്ഷം ജീവനക്കാരാണ് പങ്കെടുത്തത്.
സർക്കാരിന്റെ സ്വകാര്യവലക്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറി സുരേന്ദർ സിങ്ങ് ഉൾപ്പെടെയുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സമരവുമായി മുന്നോട്ടുപോവുമെന്നും സ്വകാര്യവൽക്കരണനീക്കത്തെ ഏതുവിധേനയും ചെറുക്കുമെന്നും സിപിഐ എം നേതാക്കൾ അറിയിച്ചു.
കൂടുതൽ ചിത്രങ്ങൾ:












0 comments