ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമെന്ന ഭയം: കോണ്‍ഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി > ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോയെന്ന ഭയം മൂലം ഹിന്ദുക്കളായ പല കോണ്‍ഗ്രസ് നേതാക്കളും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി സമ്മേളനത്തിലാണ് ഗുലാംനബി ആസാദിന്റെ വെളിപ്പെടുത്തല്‍.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്ന കാലം മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ലക്ഷദ്വീപിലുമടക്കം രാജ്യത്താകെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ താന്‍ സജീവമായിരുന്നു. തന്നെ പ്രചരണത്തിന് ക്ഷണിക്കുന്നവരിൽ 95 ശതമാനവും ഹിന്ദു സ്ഥാനാർഥികളായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഇതല്ല അവസ്ഥയെന്നും ഇപ്പോൾ തന്നെ പ്രചരണത്തിന് ക്ഷണിക്കുന്നവരിൽ 20 ശതമാനം മാത്രമാണ് ഹിന്ദു സ്ഥാനാർഥികളെന്നും അദ്ദേഹം പറഞ്ഞു.
ഇതിനർഥം എന്തോ കുഴപ്പമുണ്ടെന്നാണ്. താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയാല്‍ അത് വോട്ടിങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്ന് സ്ഥാനാർഥികൾ ഭയക്കുന്നു.‐ ഗുലാം നബി ആസാദ് പറഞ്ഞു.
താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് കുറയുമോയെന്ന ഭയമുണ്ടെന്നും അത് മൂലമാണ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് സജീവമാകാത്തതെന്നും രണ്ട് തവണ സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങും ഏതാനും ദിവസം മുൻപ് വെളിപ്പെടുത്തിയിരുന്നു.









0 comments