എൻ ഡി തിവാരി എന്നും വിവാദങ്ങളുടെ നിഴലിൽ... വിടവാങ്ങിയത് രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ഏക നേതാവ്

ന്യൂഡൽഹി > വിവാദങ്ങൾ നിറഞ്ഞുനിന്ന പൊതുജീവിതത്തിനുടമയാണ് വ്യാഴാഴ്‌ച അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എൻ ഡി തിവാരി. ആന്ധ്രപ്രദേശ് മുൻ ഗവർണറും ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിയുമായ എൻ ഡി തിവാരിക്കെതിരെ നിരവധി ആരോപണങ്ങളുടെ കരിനിഴൽ ഉയർന്നിട്ടുണ്ട്.
രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദം വഹിച്ച ഏക നേതാവു കൂടിയായ നാരായൺ ദത്ത് തിവാരി എന്ന എൻ ഡി തിവാരി പ്രജാ സോഷ്യലിസ്റ്റ് പാർടിയിലൂടയാണ് നേതാവായി ഉയർന്നത്. പിന്നീട് ഇദ്ദേഹം കോൺഗ്രസിൽ ചേർന്നു. 1990കളിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ സാധ്യത കൽപ്പിച്ചിരുന്ന തിവാരി '94ൽ കോൺഗ്രസ് വിട്ട് അർജുൻ സിങ്ങുമായി ചേർന്ന് കോൺഗ്രസ് (തിവാരി) എന്ന പുതിയ പാർട്ടി രൂപീകരിച്ച. പിന്നീട് സോണിയ ഗാന്ധിയെ അധ്യക്ഷയായി അംഗീകരിച്ച് കോൺഗ്രസിലേക്ക് തന്നെ തിരിച്ചുവന്നു.

രാഷ്ട്രീയത്തിൽ ഉന്നതപദവികൾ സ്വന്തമാക്കിയ തിവാരി ഒട്ടേറെ വിവാദങ്ങളിലും അകപ്പെട്ടു. രോഹിത് ശേഖർ എന്ന യുവാവ് തന്‍റെ പിതാവ് തിവാരിയാണെന്ന് വെളിപ്പെടുത്തി രംഗത്തുവന്നതാണ് അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ രോഹിതിന്‍റെ പിതൃത്വം തിവാരി നിഷേധിച്ചു. തുടർന്ന് ഡിഎന്‍എ പരിശോധനക്ക് ഹൈക്കോടതി നിർദേശിച്ചു. ഡിഎൻഎ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ രോഹിതിന്‍റെ പിതാവ് തിവാരിയാണെന്ന് കോടതി വിധിച്ചു. ഒടുവിൽ ആറു വർഷം നീണ്ട നിയമ യുദ്ധത്തിന് ശേഷം എൻ ഡി തിവാരിക്ക് രോഹിത്തിനെ മകനായി അംഗീകരിക്കേണ്ടി വന്നു. ഇതേത്തുടർന്ന് മുൻ കോണ്‍ഗ്രസ് പ്രവര്‍ത്തകയും രോഹിതിന്‍റെ അമ്മയുമായ ഉജ്വല ശര്‍മയെ 88ാം വയസിൽ തിവാരി വിവാഹം കഴിച്ചു.
ആന്ധ്രയിൽ ഗവർണറായിരിക്കെ തെലുങ്ക് ചാനൽ പുറത്തുവിട്ട ലൈംഗിക വിവാദത്തിലും തിവാരി കുടുങ്ങി. രാജ്ഭവനിലെ തന്‍റെ കിടപ്പറയിൽ മൂന്നു യുവതികളോടൊപ്പം സമയം ചെലവഴിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്കാമിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചെങ്കിലും തിവാരിക്ക് പിന്നീട് ഗവർണർ പദവി ഒഴിയേണ്ടി വന്നു.









0 comments