തീരുവ കുറച്ച് മൂന്നാംദിനവും ഇന്ധനവിലകൂട്ടി; 74 പരിധി ഭേദിച്ച‌് രൂപ

ന്യൂഡൽഹി > ഇന്ധന വിലവർധന മാറ്റമില്ലാതെ തുടരുന്നു. എക‌്സൈസ‌് തീരുവയിൽ കേന്ദ്രം നേരിയ കുറവ‌് വരുത്തിയശേഷം തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ–ഡീസൽ വില കൂടി. പെട്രോൾ ലിറ്ററിന‌് 21 പൈസ കൂടിയപ്പോൾ ചെന്നൈയിൽ ഡീസൽ വിലയിൽ 36 പൈസയുടെ വർധനയുണ്ടായി. മൂന്ന‌് ദിവസങ്ങളിലായി പെട്രോൾ വില 53 പൈസയും ഡീസൽ വില 83 പൈസ മുതൽ 94 പൈസ വരെയും വർധിച്ചു.
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന‌് 21 പൈസ ഉയർന്ന‌് 82.03 രൂപയിലും ഡീസൽ വില 25 പൈസ ഉയർന്ന‌് 73.82ലുമെത്തി. മുംബൈയിൽ പെട്രോൾ വില ലിറ്ററിന‌് 87.50 ഉം ഡീസൽ വില 77.37ഉം ആണ‌്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഒരു ശതമാനത്തിന്റെ കുറവ‌് വന്നുവെങ്കിലും ഡോളറിനെതിരായ രൂപയുടെ വിലയിടിവ‌് തുടരുന്നതിനാൽ വിലവർധന തുടരാനാണ‌് സാധ്യത. നാണ്യവിപണിയിൽ തിങ്കളാഴ‌്ച ഡോളറിനെതിരായി രൂപയുടെ മൂല്യം 30 പൈസ ഇടിഞ്ഞ‌് 74.07 ൽ എത്തി. ഇതാദ്യമായാണ‌് രൂപയുടെ മൂല്യം 74 പരിധി കടന്ന‌് നാണ്യവ്യാപാരം അവസാനിക്കുന്നത‌്. വെള്ളിയാഴ‌്ച 73.72 പരിധിയിലായിരുന്നു രൂപ.
ഓഹരിവിപണിയിൽ തിങ്കളാഴ‌്ച വൻചാഞ്ചാട്ടം ഉണ്ടായെങ്കിലും സെൻസെക‌്സ‌് 97 പോയിന്റ‌് ഉയർന്ന‌് 34474ലും നിഫ‌്റ്റി 32 പോയിന്റ‌് ഉയർന്ന‌് 10348 ൽ വ്യാപാരം നിർത്തി. ഒരു ഘട്ടത്തിൽ സെൻസെക‌്സ‌് 33924.66 പോയിന്റായി ഇടിഞ്ഞിരുന്നു. ബാങ്കിങ‌് ഇതര ധനസ്ഥാപനങ്ങളുടെ ഓഹരികളിലും വൻ ഇടിവുണ്ടായി. ബാങ്ക‌്, ഊർജം, ഓട്ടോമൊബൈൽ ഓഹരികളിലുണ്ടായ ഉണർവാണ‌് വിപണിയെ പിടിച്ചുനിർത്തിയത‌്.
വിദേശനിക്ഷേപകർ വിപണിയിൽനിന്ന‌് പിൻവാങ്ങുന്നതിൽ മാറ്റമില്ലാത്തതിനാൽ നിക്ഷേപർ ആശങ്കയിലാണ‌്. ഒക്ടോബർ മാസത്തിൽ ഇതുവരെ 9000 കോടി രൂപയാണ‌് വിദേശനിക്ഷേപകർ ഇന്ത്യൻ വിപണികളിൽനിന്ന‌് പിൻവലിച്ചത‌്. സെപ‌്തംബറിൽ 21000 കോടിയും. ജൂലൈ, ആഗസ‌്ത‌് കാലയളവിൽ 7400 കോടി രൂപ എത്തിയശേഷമാണ‌് സെപ‌്തംബർ മുതലുള്ള തിരിച്ചൊഴുക്ക‌്.









0 comments