രാജ്യം ഉറ്റുനോക്കുന്ന ജനവിധി

രാജസ്ഥാൻ
രാജ്യത്ത‌് പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളുടെ പ്രഭവകേന്ദ്രം എന്ന നിലയിലാണ‌് രാജസ്ഥാൻ വീണ്ടും തെരഞ്ഞെടുപ്പിലേക്ക‌്ക്കെ നീങ്ങുന്നത്. രൂക്ഷമായ കർഷകസമരങ്ങളും വർഗീയ കൊലപാതകങ്ങളും വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ പിടിച്ചുലക്കുന്നുണ്ട‌്. ഭരണവിരുദ്ധ വികാരത്തെ എങ്ങിനെ മറികടക്കുമെന്നുള്ള ശ്രമത്തിലാണ‌് ബിജെപി.
കഴിഞ്ഞതവണ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഭരണവിരുദ്ധവികാരത്തിലാണ് തോൽവിയേറ്റുവാങ്ങിയത്. 2013ൽ 200ൽ 163 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ് 21 സീറ്റിൽ ഒതുങ്ങി. ബിഎസ‌്പി മൂന്ന് സീറ്റ് നേടി. അൽവാർ മേഖലയിൽമാത്രം പശുവിന്റെപേരിൽ ഒന്നിലേറെ കൊലപാതകങ്ങളാണ് ഈയിടെ നടന്നത്. ലൗ ജിഹാദ് ആരോപിച്ച് തൊഴിലാളിയെ ജീവനോടെ തീകൊളുത്തി കൊന്നതും വൻ പ്രതിഷേധമുയർത്തി. വൻ കർഷകപ്രക്ഷോഭങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ 13 ദിവസംനീണ്ട ഉപരോധസമരത്തെ തുടർന്ന് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായി. ഈവർഷം ആദ്യം നടന്ന ലോക‌്സഭാ ഉപതെരഞ്ഞെടുപ്പിൽ അജ്മീർ മണ്ഡലത്തിൽ ബിജെപി സിറ്റിങ‌് സീറ്റിൽ തോറ്റിരുന്നു.
മധ്യപ്രദേശ്
കർഷകസമരത്തെയും ദളിത് പ്രക്ഷോഭങ്ങളെയും ചോരയിൽ മുക്കിയ ശിവരാജ്സിജ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണമാണ് സംസ്ഥാനത്ത്. 230ൽ 165 സീറ്റ് നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള സർക്കാർ 2013ൽ വീണ്ടും അധികാരത്തിലെത്തിയത്. കോൺഗ്രസ് 58ഉം ബിഎസ‌്പി നാലും സീറ്റുനേടി. ജനസംഖ്യയിൽ 75 ശതമാനവും കൃഷി ഉപജീവനമാക്കുന്ന സംസ്ഥാനം വലിയ കർഷകസമരങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്.
ന്യായവില ആവശ്യപ്പെട്ട് സമരംചെയ‌്ത കർഷകർക്കുനേരെ മന്ദ്സോറിൽനടന്ന വെടിവയ‌്പിൽ ആറുപേർ കൊല്ലപ്പെട്ടത് പ്രക്ഷോഭം രൂക്ഷമാക്കി. 2016ലെ കണക്കുപ്രകാരം ഓരോ എട്ടു മണിക്കുറിലും ഒരു കർഷകൻ സംസ്ഥാനത്ത് ആത്മഹത്യചെയ്യുന്നു. പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമം ദുർബലപ്പെടുത്തുന്നതിനെതിരെ നടന്ന ദളിത് ബന്ദിൽ സംസ്ഥാനത്ത് വലിയ സംഘർഷങ്ങളാണ് നടന്നത്. തീവ്രഹിന്ദുത്വ സംഘടനകൾ പരസ്യവെല്ലുവിളിയുമായി രംഗത്തിറങ്ങിയതോടെയാണ് ഏറ്റുമുട്ടലുകൾ ഉണ്ടായത്. ആറുപേർ സംഭവത്തിൽ കൊല്ലപ്പെട്ടു.
വിവിധ പാർടികളുമായി സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമമാണ് കോൺഗ്രസ്. എന്നാൽ, കോൺഗ്രസുമായി ധാരണയ്ക്കില്ലെന്ന മായാവതിയുടെ നിലപാട‌് കോൺഗ്രസിനെ അങ്കലാപ്പിലാക്കി.
തെലങ്കാന
കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭ കാലാവധിക്കുമുമ്പ് പിരിച്ചുവിട്ടതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിലെ അനുകൂലസാഹചര്യം ഉപയോഗിച്ച് അധികാരത്തിൽ തിരിച്ചെത്താമെന്നാണ് തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്)യുടെ കണക്കുകൂട്ടൽ. 2019 മെയ‌് വരെയായിരുന്നു നിയമസഭയുടെ കാലാവധി. ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന നിലപാടിലാണ് ടിആർഎസ് ഈ നീക്കം നടത്തിയത്. ബിജെപിയുമായി പലപ്പോഴും അനുകൂല നിലപാട് സ്വീകരിച്ച ടിആർഎസ് നിലവിൽ തന്ത്രപരമായാണ് നീങ്ങുന്നത്. ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കാതെയും എന്നാൽ ലോക‌്സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകൾ ഇല്ലാതാക്കാതെയുമുള്ള സമീപനമാണ് ടിആർഎസ് സ്വീകരിച്ചിരിക്കുന്നത്. സിപിഐ എം ഉൾപ്പെടെ എട്ട് ഇടതുപക്ഷ, ദളിത് പാർടികൾ ചേർന്ന് രൂപീകരിച്ച ബഹുജൻ ലഫ്റ്റ് ഫ്രണ്ടും മത്സരരംഗത്തുണ്ട്. കോൺഗ്രസും തെലുങ്കുദേശം പാർടിയും ധാരണയിൽ മത്സരിക്കാനാണ് നീങ്ങുന്നത്. കോൺഗ്രസിന് നേതൃദാരിദ്ര്യം നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. സിപിഐ, തെലങ്കാന ജനസമിതി എന്നിവയുൾപ്പെടുന്ന സഖ്യത്തിനാണ‌് നീക്കം. സീറ്റുവിഭജന ചർച്ച എങ്ങുമെത്തിയിട്ടില്ല.
ഛത്തീസ്ഗഡ‌്
രമൺസിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം മുതലെടുക്കാൻ പൂർണസജ്ജമല്ലാത്ത കോൺഗ്രസാണ് സംസ്ഥാനത്തുള്ളത്. കോൺഗ്രസ് പുറത്താക്കിയ പ്രമുഖ നേതാവ് അജിത് ജോഗിയും ബിഎസ‌്പിയും കൈകോർത്ത് രംഗത്തിറങ്ങുന്നതോടെ ത്രികോണമത്സരത്തിന‌് കളമൊരുങ്ങും. ആദ്യ മുഖ്യമന്ത്രിയും ഗോത്രവിഭാഗക്കാരനുമായ അജിത് ജോഗി ഒപ്പമില്ല എന്നത് കോൺഗ്രസിന് വലിയ ക്ഷീണമാകും. 2016ൽ പാർടിവിട്ട അജിത് ജോഗിയും മകനും ചേർന്ന് രൂപീകരിച്ച പുതിയ പാർടിയും മുൻ തെരഞ്ഞെടുപ്പിൽ 4.4 ശതമാനം വോട്ട് നേടിയ ബിഎസ‌്പിയും ഇത്തവണ ധാരണയിലാണ്. 2013ലെ തെരഞ്ഞെടുപ്പിൽ 49 സീറ്റ്നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ് 39 സീറ്റ് നേടി. ഒരു സീറ്റിലാണ് ബിഎസ‌്പി ജയിച്ചത്.
മിസോറം
കോൺഗ്രസ് അധികാരത്തിൽ തുടരുന്ന ഏക വടക്കുകിഴക്കൻ സംസ്ഥാനം. 40ൽ 34 സീറ്റ് നേടിയാണ് കഴിഞ്ഞതവണ അധികാരം നിലനിർത്തിയത്. പ്രതിപക്ഷമായ മീസോ നാഷണൽ ഫ്രണ്ട് അഞ്ച് സീറ്റ‌് ജയിച്ചു. കഴിഞ്ഞതവണ 17 മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപിക്ക് എവിടെയും ജയിക്കാൻ കഴിഞ്ഞില്ല. വീണ്ടും തെരഞ്ഞെടുപ്പിലേക്ക് എത്തവെയാണ് കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചത്. വിജയം ഉറപ്പിക്കാനാകാത്ത സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കാനാണ് ബിജെപി നേതാവിനെ കെട്ടിയിറക്കിയതെന്ന വിമർശനം ശക്തമാണ്. ലാൽ തൻഹ്വയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തിയശേഷം 18 വർഷമായുള്ള പൂർണ മദ്യനിരോധനം പിൻവലിച്ചു. ക്രൈസ‌്തവ ഭൂരിപക്ഷ സംസ്ഥാനത്ത് ഇതിനെതിരായി പ്രതിഷേധമുയർന്നു. പ്രതിഷേധങ്ങളെ സാധ്യതയാക്കാനാണ് കോൺഗ്രസ് ശ്രമം.









0 comments