റഷ്യയിൽനിന്ന്‌ മിസൈൽ: ഇന്ത്യയ‌്ക്ക‌് അമേരിക്കൻ ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2018, 06:09 PM | 0 min read


ന്യൂഡൽഹി > റഷ്യയുമായി  ഒപ്പിടാനിരിക്കുന്ന  എസ‌്–400 മിസൈൽ കരാറിൽനിന്ന‌്  ഇന്ത്യ പിന്മാറണമെന്ന‌്  അമേരിക്ക. റഷ്യയുമായുള്ള കരാർ  ഉപരോധം ക്ഷണിച്ചുവരുത്തുമെന്നും അമേരിക്കയുടെ  പങ്കാളികൾക്കും ഇതുബാധകമാണെന്നും  വിദേശകാര്യ വക്താവ‌് ഭീഷണി മുഴക്കി.  ഈയിടെ ഒപ്പിട്ട കോംകാസ കരാർപ്രകാരം  ഇന്ത്യ അമേരിക്കയുടെ പ്രതിരോധപങ്കാളിയായി മാറിയിട്ടുണ്ട‌്. റഷ്യൻ പ്രസിഡന്റ‌് വ‌്ളാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച‌്  വെള്ളിയാഴ‌്ച മിസൈൽ കരാർ ഒപ്പിടുമെന്ന‌ാണ് കരുതുന്നത്.

റഷ്യയിൽനിന്നുള്ള എസ‌്–400  മിസൈൽ സന്നാഹം ഇന്ത്യയുടെ വ്യോമപ്രതിരോധശേഷി വർധിപ്പിക്കാൻ ആവശ്യമാണെന്ന‌് വ്യോമസേനാ മേധാവി എയർ ചീഫ‌് മാർഷൽ ബീരേന്ദർ സിങ‌് ധനോവ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ഉപരോധനിയമം (സിഎഎടിഎസ‌്എ) ഇന്ത്യ–റഷ്യ മിസൈൽ കരാറിനു തടസ്സമാകില്ലെന്നും അദ്ദേഹം  പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ, ഉപേരോധനിയമത്തിലെ  വകുപ്പുകൾ എസ‌്–400 മിസൈൽ ഇടപാടുകൾക്കും ബാധകമാണെനലൊണ‌് അമേരിക്കയുടെ പക്ഷം.
 
റഷ്യ, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്കെതിരായ ഉപരോധ നിയമമായ സിഎഎടിഎസ‌്എയുടെ കാതലായ ഭാഗം ഇത്തരം ഇടപാടുകളാണെന്നും വിശദീകരിക്കുന്നു.അമേരിക്കയുടെ ഭീഷണിക്ക‌് മോഡിസർക്കാർ വഴങ്ങുമോ എന്നാണ‌് കണ്ടറിയേണ്ടത‌്.  ഇറാനെതിരായ അമേരിക്കൻ ഉപരോധത്തിന്റെ പേരിൽ ഇറാനിൽനിന്നുള്ള എണ്ണഇറക്കുമതി ഇന്ത്യ പകുതിയായി വെട്ടിക്കുറച്ചു.  അമേരിക്കയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇരട്ടിയാക്കി. രൂപയുടെ വിലയിടിയാനും  രാജ്യത്ത‌്  എണ്ണവില ഉയരാനും  പ്രധാന കാരണങ്ങളിൽ ഒന്നാണിത‌്.

ഇറാനിൽനിന്നുള്ള എണ്ണഇറക്കുമതി നവംബറോടെ പൂർണമായും നിർത്തലാക്കണമെന്ന അമേരിക്കൻ നിർദേശം നടപ്പാക്കാനുള്ള നീക്കത്തിലാണ്  മോഡിസർക്കാർ. ഈയിടെ നടന്ന ടു പ്ലസ് ടു ചർച്ചയിലും ഈ വിഷയത്തിൽ അമേരിക്കയിൽനിന്ന് ഇളവ് നേടിയെടുക്കാൻ മോഡിസർക്കാരിനു  സാധിച്ചില്ല. അമേരിക്ക കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ വേറെ വഴിയില്ലെന്ന് പെട്രോളിയം മന്ത്രാലയം  വിശദീകരിക്കുന്നു.
 മിസൈൽ ഇടപാടിന്റെ കാര്യത്തിലും ഇന്ത്യ അമേരിക്കൻ സമ്മർദത്തിനു വഴങ്ങിയാൽ രാജ്യസുരക്ഷ ഭീഷണിയാകും. ഇന്ത്യയുടെ ദീർഘകാല സുഹൃത്തായ റഷ്യയുമായുള്ള ബന്ധം വഷളാകാനും കാരണമാകും. അതേസമയം, ഉപരോധത്തിൽനിന്ന‌് ഇന്ത്യക്ക‌് ഇളവ‌ുനൽകാൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിനു അധികാരമുണ്ടെന്നും, എന്നാൽ അദ്ദേഹം എന്ത‌ുനിലപാട‌് സ്വീകരിക്കുമെന്ന‌് പറയാനാകില്ലെന്നും ഇന്ത്യ–അമേരിക്ക ബിസിനസ‌് കൗൺസിൽ പ്രസിഡന്റ‌് ബെഞ്ചമിൻ ഷ്വാർട‌്സ‌് പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home