ജസ്റ്റിസ‌് ദീപക‌്മിശ്ര പടിയിറങ്ങുന്നു ; വിധികളും വിവാദങ്ങളും ബാക്കി

ന്യൂഡൽഹി
സുപ്രധാനമായ നിരവധി വിധികൾക്കുശേഷം ചീഫ‌്ജസ്റ്റിസ‌് ദീപക‌്മിശ്ര വിരമിക്കുന്നു. ഔദ്യോഗികമായ വിരമിക്കൽ തീയതി ചൊവ്വാഴ‌്ചയാണെങ്കിലും അന്ന‌് ഗാന്ധിജയന്തിയായതിനാൽ തിങ്കളാഴ‌്ചയാണ‌് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിവസം. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട‌് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ‌്ച അദ്ദേഹം വിധി പുറപ്പെടുവിച്ചേക്കും.
സംഭവബഹുലമായ 13 മാസത്തെ ഔദ്യോഗികജീവിതത്തിന‌് ശേഷമാണ‌് ജസ്റ്റിസ‌് ദീപക‌്മിശ്ര സുപ്രീംകോടതിയുടെ പടിയിറങ്ങുന്നത‌്. ചരിത്രത്തിൽ ഒരു ചീഫ‌്ജസ്റ്റിസും നേരിടേണ്ടി വന്നിട്ടില്ലാത്ത വിവാദങ്ങൾ അദ്ദേഹം നേരിട്ടു. രാജ്യചരിത്രത്തില്‍ ആദ്യമായി ചീഫ്ജസ്റ്റിസിനെതിരെ സുപ്രീംകോടതിയില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ വാർത്താസമ്മേളനം നടത്തിയത‌് കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന്ജസ്റ്റിസ‌് ദീപക‌്മിശ്രയെ ഇംപീച്ച‌് ചെയ്യാനുള്ള നടപടിക്രമങ്ങൾ തുടങ്ങണമെന്ന‌് ആവശ്യപ്പെട്ട‌് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പാർടികൾ രാജ്യസഭയിൽ നോട്ടീസ‌് നൽകുകയുണ്ടായി. ആദ്യമായാണ‌് ഒരു ചീഫ‌്ജസ്റ്റിസിനെ ഇംപീച്ച‌് ചെയ്യണമെന്ന ആവശ്യമുയരുന്നത‌്. എന്നാല്‍ നോട്ടീസ‌് രാജ്യസഭാധ്യക്ഷൻ തള്ളി.
അമിത‌് ഷാ പ്രതിയായ സൊഹ‌്റാബുദീൻ ഷെയ‌്ക്ക‌് വ്യാജഏറ്റുമുട്ടൽ കേസ‌് സുപ്രീംകോടതിയിലെ താരതമ്യേന ജൂനിയർ ജഡ‌്ജിയായ ജസ്റ്റിസ‌് അരുൺമിശ്രയ‌്ക്കു വിട്ട നടപടിക്കെതിരെയാണ് സഹജഡ‌്ജിമാർ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. മെഡിക്കൽക്കോഴ കേസ‌് അദ്ദേഹം കൈകാര്യം ചെയ‌്ത രീതിയും ഏറെ വിവാദമായി. മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട ഹർജി ജസ്റ്റിസ‌് ജെ ചെലമേശ്വറിന്റെ ബെഞ്ച‌് ഭരണഘടനാബെഞ്ചിന‌് വിട്ടപ്പോൾ, അടിയന്തരമായി മറ്റൊരു ബെഞ്ചുണ്ടാക്കി ആ ഉത്തരവ‌് റദ്ദാക്കുകയും ഹർജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയ‌്ക്ക‌് വിടുകയും ചെയ‌്ത അസാധാരണ നടപടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.
സ്വവർഗരതി ക്രിമിനൽക്കുറ്റമല്ല, ശബരിമലയിൽ പ്രായഭേദമെന്യേ സ‌്ത്രീകൾക്ക‌് പ്രവേശിക്കാം, വിവാഹേതരബന്ധം ക്രിമിനൽക്കുറ്റമല്ല തുടങ്ങി നിരവധി സുപ്രധാനവിധിന്യായങ്ങളും അദ്ദേഹമുള്‍പ്പെട്ട ബഞ്ചില്‍ നിന്നുണ്ടായി. ആധാറിന‌് ഉപാധികളോടെ സാധുത, ഭിമാകൊറേഗാവ‌് സംഘർഷത്തിലെ മനുഷ്യാവകാശപ്രവർത്തകർക്ക‌് എതിരെ അന്വേഷണം, ബാബ‌്റി മസ‌്ജിദുമായി ബന്ധപ്പെട്ട നിർണായക ഹർജി തുടങ്ങി സർക്കാരിന‌് അനുകൂലമായ വിധികളുമുണ്ടായി.









0 comments