ജന്മഭൂമി തനിക്കെതിരെ പറഞ്ഞാലോ പട്ടം പറപ്പിച്ചാലോ ഒരു കാര്യവുമില്ല: കണ്ണന്താനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2018, 02:02 PM | 0 min read

ന്യൂഡല്‍ഹി > ജന്മഭൂമി തനിക്കെതിരെ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്‌താലും ഒരുകാര്യവുമില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആരെയും ഭയപ്പെട്ടല്ല ജീവിക്കുന്നതെന്നും ആര് എന്തെഴുതിയാലും ഒരു പ്രശ്‌‌നവുമില്ലെന്നും കണ്ണന്താനം പറഞ്ഞു. യുഎഇയുടെ സഹായ വാഗ്‌ദാനം കേരളത്തിന് ലഭ്യമാക്കണമെന്ന മന്ത്രിയുടെ അഭിപ്രായം വകതിരിവില്ലാത്തതാണെന്ന ജന്മഭൂമിയുടെ മുഖപ്രസംഗത്തെക്കുറിച്ച് 'ദേശാഭിമാനി'യോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

തന്നെ തോല്‍പ്പിക്കാമെന്ന് കരുതി ആരും വെറുതെ സമയം കളയേണ്ടെന്ന് കണ്ണന്താനം പറഞ്ഞു. എഴുതുന്നവന്‍ എഴുതട്ടെ പറയുന്നവന്‍ പറയട്ടെ തനിക്ക് ചെയ്യാനുള്ളത് ചെയ്യും. അവര്‍ പറയുകയോ പട്ടം പറപ്പിക്കുകയോ ചെയ്യട്ടെ. സോഷ്യല്‍ മീഡിയ എഴുതിയാലും ഒരു പ്രശ്‌‌‌‌നവുമില്ല. 50 വര്‍ഷം മുമ്പ് തീരുമാനിച്ചതാണ് എന്റെ രീതികളനുസരിച്ച് ജീവിക്കുമെന്ന്. മറ്റാരും പറയുന്ന രീതിയിലല്ല താന്‍ ജീവിക്കുന്നത്. ജനങ്ങളുടെ കൂടെയാണ് താനുള്ളതെന്ന് ജീവിതംകൊണ്ട് കാണിച്ചുകൊടുത്തിട്ടുണ്ട്. ഇനി ആര്‍ക്കും അത് തെളിയിച്ച് കൊടുക്കേണ്ട ആവശ്യമില്ലെന്ന് കണ്ണന്താനം പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പില്‍ രാത്രി ഉറങ്ങിയതിനെ ജന്മഭൂമി പരിഹസിച്ചതും കാര്യമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. 'ആദ്യദിവസം പേഴ്‌‌‌സണല്‍ സ്റ്റാഫ് ഒരു പൊട്ടത്തരം കാണിച്ചു. എന്റെ ഫേസ്ബുക്ക് പേജില്‍ ഞാന്‍ ഉറങ്ങുകയാണെന്ന് പോസ്റ്റിട്ടു. അവിടെ മാത്രമല്ല നോര്‍ത്ത് പറവൂരിലെ ക്യാമ്പിലും ഞാന്‍ താമസിച്ചു' കണ്ണന്താനം പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Home