പ്രളയം അതിജീവിക്കുന്ന കേരളത്തിന്‌ അഭിനന്ദന പ്രവാഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2018, 02:21 PM | 0 min read

ന്യൂഡൽഹി > പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തത്തോടൊപ്പം അഭിനന്ദനപ്രവാഹവും. ദുരന്തത്തെ ഒറ്റക്കെട്ടായി ചെറുത്തുനിന്ന സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളുടെയും  ഇതരസംസ്ഥാനങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും പ്രശംസയാണ് കിട്ടിയത്. കേരള ജനത കാട്ടുന്ന നിശ്ചയദാർഢ്യത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദും അഭിനന്ദിച്ചിരുന്നു. വിവിധ കേന്ദ്രസേനകൾ സംസ്ഥാനം നൽകിയ പിന്തുണയിൽ പൂർണ്ണ തൃപ്തിയറിയിച്ചു. മത്സ്യത്തൊഴിലാളികൾ തോളോടുതോൾ ചേർന്ന് നിന്നതിനെയും കേന്ദ്രസേനാ തലവൻമ്മാർ പ്രശംസിക്കുന്ന കാഴ്ചയും പ്രളയക്കാലത്ത് കണ്ടു. നിപ രോഗത്തെ അത്ഭുതാവഹമായി ചെറുത്തുതോൽപ്പിച്ച കേരളം പ്രളയത്തോടും കീഴടങ്ങാൻ തയാറായില്ലെന്ന് സോഷ്യൽ മീഡിയയും അഭിനന്ദിക്കുന്നു. സോഷ്യൽമീഡിയയിൽ ദേശീയതലത്തിൽ സംഘപരിവാർ കേന്ദ്രങ്ങൾ നടത്തിയ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കുന്നതിലും പ്രളയത്തിനിടയിലും കേരളം പിന്നോട്ടുപോയില്ല.

കേന്ദ്രസേനകളും സംസ്ഥാന സേനകളും പൊതുസമൂഹവും കൈകോർത്താണ് പ്രളയത്തെ നേരിട്ടത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ തങ്ങൾക്ക് വഴികാട്ടികളായെന്നാണ് ദേശീയ ദുരന്ത നിവാരണ സേന തലവൻ സഞ്ജയ് കുമാർ പറഞ്ഞത്. അവരുടെ ഇടപെടൽ പങ്കാളിത്ത സേവനത്തിന്റെ ഉത്തമ ഉദാഹരണമാണ്. ദുരന്തമുഖത്ത് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങേണ്ടത് നാട്ടുകാരാണ്. പ്രദേശത്തെ അറിയുന്നവർക്കാണ് വഴിയും അപകടസാധ്യതയും അറിയാനാവുക. ഇവിടെ മത്സ്യത്തൊഴിലാളികൾ ആ ദൗത്യം ആത്മാർത്ഥമായി നിറവേറ്റിയെന്ന് സഞ്ജയ് കുമാർ പറഞ്ഞു. രക്ഷാപ്രവർത്തനം പൂർണ്ണമായി സൈന്യത്തിനു നൽകണമെന്ന ഇല്ലാത്ത കീഴ്‌വഴക്കത്തിനുവേണ്ടി ഒരു വിഭാഗം നടത്തിയ പ്രചരണങ്ങളെ തുത്തെറിയുന്നതാണ് ദേശീയ ദുരന്ത നിവാരണ സേന തലവന്റെ വാക്കുകൾ.

ഇത്തരം പ്രചരണങ്ങൾ നിരുത്തരവാദപരമാണെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെയും ജില്ലാതാലൂക്ക് അധികാരികളുടെയും സഹായമില്ലാതെ ദുരന്തഭൂമിയിൽ സൈന്യത്തിന് ഇടപെടാനാവില്ല. എങ്ങനെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ടതെന്ന് സിവിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തീരുമാനിക്കുക. കാരണം, എവിടെയാണ് ജനവാസമുള്ളത്, എവിടെയാണ് ആദ്യശ്രദ്ധ എത്തേണ്ടത് എന്നിവ അറിയുന്നത് പ്രദേശിക സഹായം ലഭ്യമാകുന്ന സിവിൽ ഉദ്യോഗസ്ഥർക്കാണ്. ജില്ല കളക്ടർമാർക്കാണ് ദുരന്തസഹായ ദൗത്യത്തിന്റെ ചുതതല. ജില്ലാകേന്ദ്രങ്ങളിൽ ഒരുക്കുന്ന സഹായകേന്ദ്രത്തിൽനിന്നാണ് നിർദ്ദേശം സൈന്യത്തിന് നൽകുന്നത്. സൈനിക ഹെലികോപ്റ്ററിലെ എയർലിഫ്റ്റിങ് ദൗത്യത്തിന് ശേഷം ഓതോതവണയും പൈലറ്റ് തന്റെ കമാൻഡർക്ക് വിശദീകരണം നൽകണം. നിർദ്ദേശിച്ച മാർഗത്തിൽനിന്ന് വ്യതിചലിച്ചാലും അതിന് കമാൻഡർക്ക് വിശദീകരണം നൽകേണ്ടതുണ്ട്.

കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ കേരളത്തിന് എല്ലാ സഹായവും നൽകാൻ തയാറാണെന്ന് ജപ്പാൻ അറിയിച്ചു. ഇന്ത്യയിലെ ജപ്പാൻ സ്ഥാനപതി ഹിരാമസ്തുവാണ് ഇതറിയിച്ചത്. തങ്ങൾ ഒപ്പമുണ്ടെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രോഡോ അറിയിച്ചത്. ആദ്യഘട്ടത്തിൽ കേരളത്തിൽ പ്രളയവാർത്ത റിപ്പോർട്ട് ചെയ്യാത്തതിൽ പഴികേട്ട ദേശീയമാധ്യമങ്ങൾ പിന്നീട് ഉണർന്ന് പ്രവർത്തിക്കുന്നതാണ് കണ്ടത്. തെറ്റായി വ്യാഖ്യാനിക്കുന്ന കാർട്ടൂൺ വരച്ച ടൈംസ് ഓഫ് ഇന്ത്യ വ്യാപകമായി വിമർശിക്കപ്പെട്ടു. അടുത്തദിവസം കേരളത്തിന് സഹായം അഭ്യർത്ഥിച്ച് ഒരുപേജ് പരസ്യവുമായാണ് പത്രം പുറത്തിറങ്ങിയത്. ഹിന്ദു ദിനപത്രവും സഹായഹസ്തവുമായി രംഗത്തെത്തി. കേരളത്തിന്റെ സംഘടിത ചെറുത്തുനിൽപ്പിനെ പ്രശംസിച്ചാണ് തുടർന്ന് പത്രങ്ങളും ചാനലുകളും വാർത്തകൾ നൽകിയത്. കേരളത്തോടൊപ്പം നിൽക്കുക എന്ന ഹാഷ് ടാഗോടെയാണ് ചാനലുകളുടെ റിപ്പോർട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home