രാജ്യത്ത് കൊലപാതകവും ബലാത്സംഗവും കൂടാന്‍ കാരണം മുസ്ലീം ജനസംഖ്യാ വര്‍ധനവ്; വിവാദ പ്രസ്‌താവനയുമായി ബിജെപി എംപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2018, 08:17 AM | 0 min read

ഫൈസാബാദ് > മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും മറ്റൊരു ബിജെപി നേതാവ് രംഗത്ത്. രാജ്യത്ത് കൊലപാതവും ബലാത്സംഗവും മറ്റ് കുറ്റകൃത്യങ്ങളും വര്‍ധിക്കാന്‍ കാരണം മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നത് കൊണ്ടാണെന്ന് ബിജെപി എംപി ഹരി ഓം പാണ്ഡെ.

ഉത്തര്‍പ്രദേശിലെ അംബേദ്ക്കര്‍ നഗറില്‍ നിന്നുള്ള ബിജെപി എംപിയാണ് ഹരി ഓം പാണ്ഡെ. കേന്ദ്ര സര്‍ക്കാര്‍ മുസ്ലീം ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ ഇനിയും ശ്രദ്ധ വെച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു പാകിസ്ഥാനായി മാറുമെന്ന വിവാദ പ്രസ്താവനയും പാണ്ഡെ നടത്തി.

''തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും   കൊലപാതകങ്ങള്‍ക്കും കാരണം  രാജ്യത്ത്  വര്‍ധിക്കുന്ന മുസ്ലീം ജനസംഖ്യയാണ്.  സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിലെ ജനസംഖ്യയില്‍ വലിയ തോതില്‍ വര്‍ധനവ് ഉണ്ടായതായി കാണുന്നുണ്ട്. മുസ്ലീങ്ങള്‍ മാത്രമാണ് ഇതിന് കാരണം. അവരുടെ ആളുകള്‍ ഇത്തരത്തില്‍ വര്‍ധിക്കുന്നതുകൊണ്ടാണ് ഇവിടെ കുറ്റകൃത്യങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കുന്നത്. മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നുണ്ട്  അതുകൊണ്ട് ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കിയെടുത്തില്ലെങ്കില്‍ മറ്റൊരു പാക്കിസ്ഥാന്‍ കൂടി ഇവിടെ ഉണ്ടാകും.  അതിനാല്‍ ജനസംഖ്യാ നിയന്ത്രണത്തിന് ഉടന്‍ ഒരു ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരും''. ഇങ്ങനെ നീളുന്നു പാണ്ഡെയുടെ വിവാദ പ്രസ്താവന.

ഹിന്ദുത്വം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന ബിജെപിയുടെ മറ്റൊരു എംഎല്‍എയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുസ്ലീം ജനസംഖ്യാ വര്‍ധവന് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് മറ്റൊരു ബിജെപി എംപി കൂടി രംഗത്തെത്തിയിരിക്കുന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home