ഓഖി, നിപാ: കേന്ദ്രം അടിയന്തര സഹായം അനുവദിക്കണം പി കരുണാകരൻ

ന്യൂഡൽഹി > കേരളത്തെ പ്രതികൂലമായി ബാധിച്ച ഓഖി ദുരന്തം, നിപാ രോഗബാധ എന്നീ സംഭവങ്ങളില്‍ കേന്ദ്രസർക്കാർ അടിയന്തര സഹായം എത്തിക്കണമെന്ന് പി കരുണാകരൻ ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. ഓഖിയിൽപ്പെട്ട് സംസ്ഥാനത്ത് 71 മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. കാർഷികവിളകൾ വൻതോതിൽ നശിച്ചു. വൈദ്യുതി, ടെലഫോൺ, റോഡുകൾ തുടങ്ങി പശ്ചാത്തല സൗകര്യങ്ങളും തകർന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം, ചികിത്സാ ചെലവ്, വീടുനഷ്ടപ്പെട്ടവർക്ക് വീട് തുടങ്ങിയ സഹായങ്ങൾ സംസ്ഥാന സർക്കാർ നൽകി. ഓഖി ദുരിതാശ്വാസത്തിന‌് 7340 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടപ്പോൾ 426 കോടി മാത്രമാണ് കേന്ദ്രം നൽകിയത്. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം.
സംസ്ഥാനത്ത‌് നിപാ ബാധിച്ച് 17 പേർ മരിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കാനും നിയന്ത്രിക്കാനും സംസ്ഥാന സർക്കാരിനായി. കേന്ദ്രസർക്കാരും ലോകാരോഗ്യ സംഘടനയും സംസ്ഥാന സർക്കാരിനെ പ്രശംസിച്ചിരുന്നു. എന്നാൽ, നിപാ വിഷയത്തിൽ കേന്ദ്രം സാമ്പത്തിക സഹായം നൽകിയില്ല. രണ്ട‌് സംഭവത്തിലും കേന്ദ്രം അടിയന്തരമായി ധനസഹായം നൽകണമെന്ന് പി കരുണാകരൻ ആവശ്യപ്പെട്ടു.








0 comments