സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാണോയെന്ന്‌ സുപ്രീം കോടതിക്ക്‌ തീരുമാനിക്കാം; നിലപാട്‌ വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 11, 2018, 11:16 AM | 0 min read

ന്യൂഡൽഹി > സ്വവർഗ ലൈംഗിക നിയമവിധേയമാക്കണമെന്ന ഹർജികളിൽ തീരുമാനം പൂർണമായും സുപ്രീംകോടതിക്ക് വിട്ട്‌ കേന്ദ്ര സർക്കാർ. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന 377–ാം വകുപ്പ് സംബന്ധിച്ച്‌ സുപ്രീം കോടതിക്ക്‌  ഉചിതമായ തീരുമാനമെടുക്കാമെന്ന്‌ കേന്ദ്ര സർക്കാർ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി. സർക്കാർ നിലപാട്‌ കോടതിയിൽ വ്യക്തമാക്കാതെയാണ്‌ സത്യവാങ്‌മൂലം. സ്വവർഗ ലൈംഗികത നിയമവിധേയമാക്കണമെന്ന ആവശ്യം രാജ്യത്തെ എൽജിബിടി ഗ്രൂപ്പുകൾ ദീർഘകാലമായി ഉയർത്തുന്നതാണ്‌.

377–ാം വകുപ്പിന്റെ ഭരണഘടനാ സാധുതയിൽ കോടതി തീരുമാനം കൈക്കൊണ്ടാൽ ആവശ്യമെങ്കിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു. സ്വവർഗതി നിയമവിധേയമാക്കിയാൽ ഇടപെടുമെന്ന നിലപാടാണ്‌ കേന്ദ്ര സർക്കാർ മുൻപ്‌ സ്വീകരിച്ചിരുന്നത്‌. എന്നാൽ ഇതു സംബന്ധിച്ച ഹർജി ഭരണഘടനാ ബെഞ്ചിലെത്തിയതോടെ കേന്ദ്രം നിലപാട്‌ മാറ്റുകയാണെന്ന സൂചനയാണ്‌ ലഭിക്കുന്നത്‌.

ലൈംഗികത സംബന്ധിച്ച മൗലികാവകാശം നിഷേധിക്കുന്ന 377–ാം വകുപ്പ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാധ്യമ പ്രവർത്തകൻ സുനിൽ മെഹ്റ, നർത്തകൻ എൻ എസ് ജോഹർ, പാചകവിദഗ്‌ധ റിതു ഡാൽമിയ എന്നിവരുടെ ഹർജികളാണു കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആർ എഫ് നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ്‌ ‌ഹർജികൾ പരിഗണിക്കുന്നത്.

അതേസമയം, സ്വവർഗരതി നിയേമവിധേയമാക്കിയേക്കുമെന്ന സൂചന നൽകുന്നതായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പരാമർശം. സ്വകാര്യത, ഭരണഘടനാവകാശമായ രാജ്യത്തു നിയമത്തെ താഴ്ത്തിക്കെട്ടാൻ സാധിക്കുകയില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായവർ തമ്മിൽ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്നതു ഭരണഘടനാപരമായി ശരിയാണോ എന്നും സ്വവർഗാനുരാഗികൾക്കുള്ള അവകാശങ്ങൾ ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പരിധിയിൽ വരുന്നതല്ലേ എന്നും പരിശോധിക്കണമെന്ന്‌ ഹർജിക്കാർ വാദിച്ചു.

377–ാം വകുപ്പു ഭരണഘടനാ വിരുദ്ധമാണെന്ന്‌ ഡൽഹി ഹൈക്കോടതി 2009 ജൂലൈ രണ്ടിനു വിധിച്ചിരുന്നു. അതിനെതിരെയുള്ള അപ്പീൽ പരിഗണിച്ച സുപ്രീം കോടതി, 377–ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും, അത്‌ ശിക്ഷാനിയമത്തിൽ നിലനിർത്തുന്ന കാര്യം പാർലമെന്റിന്‌ തീരുമാനിക്കാമെന്നും 2013 ഡിസംബർ 11നു വിധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home