വിമാനം ഇറങ്ങിയാൽ ഇനി കെഎസ്ആർടിസിയുടെ ‘ഫ്ലൈ ബസുകൾ'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2018, 04:26 AM | 0 min read

തിരുവനന്തപുരം> കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും ബന്ധപ്പെട്ട നഗരങ്ങളിലേക്ക‌് കെഎസ്ആർടിസിയുടെ എസി ബസ് സർവീസുകൾ ആരംഭിക്കുന്നു. 'ഫ്ലൈ ബസ്' എന്ന പേരിലാണ‌് പുതിയ സർവീസ‌് ആരംഭിക്കുന്നത‌്. ഫ്ലൈ ബസുകളുടെ സംസ്ഥാനതല ഫ്ലാഗ്ഓഫ്  ചൊവ്വാഴ്ച വൈകിട്ട‌് 4.30ന‌് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കും.

കൃത്യസമയത്തുള്ള സർവീസ് ഓപ്പറേഷൻ, വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകൾ ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകാനുള്ള സൗകര്യം തുടങ്ങിയവയാണ‌് സവിശേഷതകൾ.

ബസ‌് പുറപ്പെടുന്ന സമയം എയർപോർട്ടിലും സിറ്റി/സെൻട്രൽ ബസ‌്സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കും. ഡൊമസ്റ്റിക്, ഇന്റർനാഷണൽ എയർപോർട്ടുകളിലെല്ലാം അറൈവൽ/ഡിപ്പാർച്ചർ പോയിന്റുകൾ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുള്ള മിനി ബസുകളാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസുകളാക്കി മാറ്റി. 

തിരുവനന്തപുരം എയർപോർട്ടിൽനിന്ന‌് ഓരോ 45 മിനിറ്റ‌് ഇടവിട്ട‌് 24 മണിക്കൂറും ഫ്ലൈ ബസുകൾ ലഭ്യമാണ്.കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന‌് ഒരു മണിക്കൂർ ഇടവിട്ടും നെടുമ്പാശേരി എയർപോർട്ടിൽനിന്ന‌്  30 മിനിറ്റ് ഇടവിട്ടും ഫ്ലൈ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.എസി ലോ ഫ്ലോർ ബസുകളുടെ ചാർജാണ‌് ഈടാക്കുക.

എക്സിക്യൂട്ടീവ് ഡയറക്ടർ  സി വി രാജേന്ദ്രനാണ‌് ഫ്ലൈ ബസുകളുടെ ചുമതല. ഭാവിയിൽ  ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എയർപോർട്ടിൽനിന്ന‌് നേരിട്ട് കണക്ടിവിറ്റി സൗകര്യം ഏർപ്പെടുത്തുന്നത‌് പരിഗണനയിലുണ്ട‌്.
 



deshabhimani section

Related News

View More
0 comments
Sort by

Home