കർഷകപ്രക്ഷോഭം: ആഗസ‌്ത‌് 9ന‌് ജയിൽ നിറയ്ക്കൽ

ന്യൂഡൽഹി
കാർഷിക മേഖലയുടെ നടുവൊടിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാർഷികദിനമായ ആഗസ്ത് ഒമ്പതിന് അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ജയിൽ നിറയ്ക്കൽ സമരം നടത്തും. രാജ്യത്തെ എല്ലാ ജില്ലകളിലുമായി ലക്ഷക്കണക്കിന് കർഷകർ പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഹനൻമൊള്ള പറഞ്ഞു. പിന്തുണ പ്രഖ്യാപിച്ച‌് സിഐടിയു നേതൃത്വത്തിൽ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കും. പത്തുകോടി ഒപ്പുകൾ ശേഖരിച്ച് കലക്ടർമാർ മുഖേന പ്രധാനമന്ത്രിക്ക് കൈമാറും.
നാലുവർഷത്തെ മോഡി ഭരണം കാർഷികമേഖലയെ സ്വകാര്യ കുത്തകകൾക്കും വിദേശനിക്ഷേപത്തിനും തുറന്നുകൊടുത്തുവെന്ന‌് ഹനൻമൊള്ള പറഞ്ഞു. കന്നുകാലി വിൽപ്പന ഉപജീവനമാക്കിയ ന്യൂനപക്ഷ‐ദളിത് വിഭാഗങ്ങളെ അക്രമിക്കുന്നത‌് പതിവായി. നോട്ടുനിരോധനവും ജിഎസ്ടിയും മേഖലകളിലുണ്ടാക്കിയ തകർച്ച പരിഹരിക്കാനായില്ല. കർഷകവിരുദ്ധനയം തിരുത്തണം എന്നാവശ്യപ്പെട്ട് അവകാശപത്രിക സമർപ്പിക്കും.
കർഷക‐തൊഴിലാളി വിരുദ്ധനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സെപ്തംബർ അഞ്ചിന് ഡൽഹിയിൽ സിഐടിയുവും കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും സംയുക്തമായി മഹാറാലി സംഘടിപ്പിക്കും. അഞ്ചുലക്ഷംപേർ അണിനിരക്കും. കുടിയാന്മ നിയമത്തിൽ അന്യായമായ ഭേദഗതികൾ വരുത്തുന്നതിനെതിരെ ജാർഖണ്ഡിൽ ജൂലൈ അഞ്ചിന് നടക്കുന്ന ഹർത്താലിന് കിസാൻസഭ പിന്തുണ പ്രഖ്യാപിച്ചു.
ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും രൂക്ഷമായ കാർഷിക പ്രതിസന്ധിക്കെതിരായ സമരങ്ങൾ ശക്തിപ്പെടുത്തും. മഹാരാഷ്ട്രയിലെ ഐതിഹാസിക ലോങ് മാർച്ച് പോരാട്ടങ്ങൾക്ക് വർധിതവീര്യം നൽകി. ജനകീയ‐കർഷക‐തൊഴിലാളി പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാടെടുത്തില്ലെങ്കിൽ ദേശീയ തലത്തിൽ ലോങ് മാർച്ച് സംഘടിപ്പിക്കുന്നത് കൂട്ടായശ്രമങ്ങൾ നടത്തുമെന്നും ഹനൻമൊള്ള പറഞ്ഞു. പ്രസിഡന്റ് അശോക് ദാവ്ലെ, ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments